Saturday, January 30, 2021

ഇടവഴികളിലൂടെ...


ഇത് അവളെക്കുറിച്ചാണ്. ചിത്രശലഭം പോലെ വർണാഭമായ ചിറകുകളുണ്ടായിരുന്ന അവളെക്കുറിച്. ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. സത്യമാണ്! ഉണ്ടായിരുന്നു...ഒരു നാൾ. ഇപ്പോൾ ആ ചിറകുകൾ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു.. അത് അവൾക്കൊരു ഭാരമായിത്തീർന്നിരിക്കുന്നു.

പൂച്ചക്കുട്ടികളെ   അവളെന്നും  ഇഷ്ടപ്പെട്ടിരുന്നു. 'മൃഗങ്ങളെ സ്നേഹിച്ചാൽ അവര് ഇട്ടിട്ടുപോവില്ല.. മനുഷ്യരെപോലല്ല'. എന്റെ ചോദ്യങ്ങൾക്ക് കിട്ടിയിരുന്ന ഏക മറുപടി. 'വല്ല അസുഖോ0   വരും നിനക്ക് ...ഇങ്ങനെ എടുത്ത് നടക്കേണ്ട, അവറ്റയെ ഒന്നും'. എന്റെ ശാസനകളെന്നും അവൾ ഗൗനിച്ചിരുന്നേയില്ല . പിന്നെപ്പിന്നെ ഞാനും കരുതി..ഒരുപക്ഷെ അവൾ സന്തോഷം കണ്ടെത്തുന്നത് ഇതിലൊക്കെയാണെങ്കിൽ ഞാനായിട്ടെന്തിന് എതിർക്കണം.
ഞാനായിരുന്നിരിക്കണം ആ കുട്ടിയെ അൽപ്പമെങ്കിലും ഒന്ന് മനസ്സിലാക്കിയത്.
 ബന്ധമൊന്നും ചോദിക്കണ്ട, രക്തബന്ധമൊന്നുമില്ല ..ആത്മബന്ധമാണ്. തനിച്ചIയൊരു  ആത്മാവിനെ ജീവിതത്തിന്റെ ഏതോ ഒരിടവഴിയിൽ വച്ച്  കണ്ടുമുട്ടിയപ്പോൾതൊട്ട് തുടങ്ങിയ ബന്ധം.

പറഞ്ഞുവന്നത് അവളെക്കുറിച്ചാണ്. വല്യ ഇഷ്ടമായിരുന്നു അച്ഛനും അമ്മയ്ക്കും അവളെ. പലപ്പോഴും ജനറേഷൻ ഗ്യാപ്പിന്റെ  പേരിൽ സ്നേഹം ഉള്ളിലൊതുക്കിയ  പ്രിയപ്പെട്ടവർ. അല്ല...അവർ അവളെ അത്രകണ്ട് സ്നേഹിച്ചിരുന്നോ?  ഞാനല്ല, ആ കുസൃതിക്കുട്ടി തന്നെ ചോദിച്ചതാണ്.
അപ്പോഴും അവൾ ആത്മഗതമെന്നപോലെ പറയും.  ഉവ്വ്.! ഇല്ലെങ്കിൽ ഞാൻ ആഗ്രഹിച്ച കോഴ്‌സിന് വിടുമായിരുന്നോ പഠിക്കാൻ? എംബിബിസ് ആണ്. ചില്ലറക്കാര്യമൊന്നുമല്ല. കല്യാണമെന്നു പറഞ്ഞു നാട്ടുകാരും സ്വന്തക്കാരും പിറകെ കൂടിയപ്പോൾ ആശിച്ചത് സ്വന്തമാക്കാൻ കൂടെ നില്കുമായിരുന്നോ? അതെ! ഇഷ്ടമാണ്...എന്നെ ജീവനോളം!!!

എന്നിട്ടും ആ കണ്ണുകൾ നിറഞ്ഞു തുടങ്ങുന്നു. അറിയാം, ഉള്ളം സൗമ്യമാണ്, എങ്കിലും പുറമെ ഗൗരവം തന്നെ. ആരോടും അധികം സംസാരിക്കില്ല. അങ്ങനെയല്ല, അവൾക്കതറിഞ്ഞുകൂടാ.
ഒരു കുഞ്ഞിനെ കയ്യിൽ കിട്ടിയാൽ ഓമനിക്കാൻ അറിഞ്ഞുകൂടാ. ആളുകളുടെ മുന്നിൽ മുഖമുയർത്തി നിൽക്കാനറിഞ്ഞുകൂടാ. പല അധികാര സ്ഥാനീയരോടും ഭയം കലർന്ന ബഹുമാനം. അത് നല്ലതുതന്നെ എന്നെല്ലാം ചെറുപ്പത്തിൽ ചിന്തിച്ചിരുന്നു...ഗുരുത്വം!. പക്ഷെ പലരും പതിയെ എന്തിനാ ഇത്ര പേടിയെന്നല്ലാം ചോദിച്ചു തുടങ്ങിയപ്പോളാണ് അവൾ അറിഞ്ഞത്. അല്ല... ഇതല്ല വേണ്ടത്.

ചെറുപ്പത്തിൽ നിഷേധിക്കപ്പെട്ട സംസാര സ്വാതന്ത്രം!..സംസാരസ്വതന്ത്രമോ? ചിരിക്കാൻ വരട്ടെ. അങ്ങനെയുമുണ്ടായിരുന്നു. വലിയവർ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറരുതെന്ന തിരുത്തലുകൾ, നിനക്കൊന്നും മിണ്ടാതിരിക്കാമോ എന്ന അമ്മയുടെ  ശാസനകൾ, ഇത്ര ശബ്ദത്തിൽ പെൺകുട്ടികൾ സംസാരിക്കാൻ പാടില്ല എന്ന നിബന്ധനകൾ. ഈ സമൂഹത്തിനു വേണ്ടത് അച്ചടക്കമുള്ള, എന്തും നിശബ്ദം സഹിക്കേണ്ട ഒരു പെൺകുട്ടിയെ ആണെന്നുള്ള ഓർമ്മപ്പെടുത്തലുകൾ.

അവയൊക്കെ വാർത്തെടുത്തത് അവൾ പോലുമറിയാതെ മറ്റാരെയോ ആയിരുന്നു. എപ്പോഴാണ് താൻ മറ്റുള്ളവരുടെയൊപ്പം സംസാരിക്കാൻ വലുതാകുകയെന്ന് അവൾ ചോദിയ്ക്കാൻ മറന്നു. അവർ പറയാനും. പതിയെ, അവൾ അധികം സംസാരിക്കാതെയായി. പതിവ് സ്കൂൾ വർത്തമാനങ്ങൾ ഇല്ലാതെയായി. കേൾക്കാൻ ആരുമില്ലെന്നായപ്പോൾ കോളേജിലെ വിശേഷങ്ങളും അവളിൽ ഒതുങ്ങി. എല്ലാം ഉള്ളിലൊതുക്കുന്ന പരുക്കനായ ഒരാൾ അവളിലും രൂപമെടുക്കുകയായി.

മാർക്കറ്റിൽ സാധനം വാങ്ങാൻ പോകുന്ന അച്ഛൻ പാതിവഴിയിൽ മകളെ നിറുത്തി എങ്ങോട്ടോ പോകുന്നത് സാവധാനം അവൾക്കും ശീലമായി.കൂട്ടുകാരുടെ അച്ഛൻ-കഥകളിൽ വാത്സല്യമെഴുന്ന ഒരച്ഛന്റെ ഛായാചിത്രം അങ്ങനെ പുകമറഞ്ഞു കിടന്നു. വഴിയിലൊക്കെ പരിചയക്കാർ പലപ്പോഴും ചോദിച്ചിരുന്നു, എന്തേ തനിച്ചിവിടെ  നിൽക്കുന്നു എന്ന്. അച്ഛൻ സാധനം വാങ്ങാൻ പോയ്‌വരും വരെ നടുവഴിയിൽ നിർത്തിയെന്ന് പറഞ്ഞും കേട്ടും അവൾ അതിനോടിണങ്ങിത്തുടങ്ങി. എന്നിട്ടും വളർന്നുവന്നപ്പോൾ എന്തുകൊണ്ടോ ആ മുറിവ് അവളിൽ ബാക്കിയായി.
പൂച്ചകളെ ഇഷ്ടപ്പെട്ടിരുന്ന അവൾക്ക് കളഞ്ഞുപോയ പൂച്ചയെപ്പോലെ ഇടക്കിടെ തിരികെ വരുന്ന ഓർമകളായി അവ മാറി.

അവൾക്ക് ഇന്നും ചില ചോദ്യങ്ങൾ ബാക്കിയാണ്. എന്തുകൊണ്ട് ഒരു ആർദ്ര ചുംബനം പോലും 'അമ്മ എനിക്ക് നിഷേധിക്കുന്നു. അല്ല! 'അമ്മ തന്നെ അവസാനമായി ആശ്ലേഷിച്ചതെന്നാണ്? എന്തായാലും ഓർമ്മവച്ച പ്രായത്തിനു മുൻപ് തന്നെ.
ഉറന്നുകൂടിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു. അതെ! അവരെന്നെ സ്നേഹിക്കുന്നു... എനിക്ക് വാങ്ങിത്തന്ന വിലകൂടിയ പാഠപുസ്തകങ്ങളിലൂടെ. സംസാരിക്കാത്ത പുത്തൻ വസ്ത്രങ്ങളിലൂടെ, ആശ്ലേഷം തരാത്ത നാണയത്തുട്ടുകളിലൂടെ.

കവിൾത്തടം നനച്ച കണ്ണുനീർ ഒഴുകി വീഴുമ്പോഴും അവളുടെ കരം എന്റെ കൈത്തലത്തിൽ ചേർത്തുപിടിച്ചിരുന്നു.  എന്ത് പറയണം എന്നറിയാതെ നനഞ്ഞ ആ മുഖത്തേക്ക് പാളിനോക്കുമ്പോളും അവൾ ചോദിച്ചു. സ്നേഹത്തിന് ഒരുപക്ഷെ ഇത്തരമൊരു നിർവചനവും ഉണ്ടായിരിക്കാമല്ലേ?

പറയാൻ എനിക്ക് ഉത്തരങ്ങളില്ലായിരുന്നു.

Sunday, September 20, 2020

മരണത്തിന്റെ ചിറക്



ഉറക്കമാണെന്നാണ് കരുതിയത്. ആരുടെയൊക്കെയോ നിലവിളികളാണ് ഉണർത്തിയത്. എപ്പോഴോ ചെറിയൊരു നെഞ്ചുവേദന ഉണ്ടായതു മാത്രം ഓർക്കുന്നു.


'ഡോക്ടർ, അപ്പോ എന്റെ മോള്...?'

'Sorry, we couldn't do more. ഇവിടെ വന്നപ്പോഴേ അവസ്ഥ മോശമായിരുന്നല്ലോ.'


അതേ, അപ്പോൾ മരിച്ചിരിക്കുന്നു..! വേദനകളുടെ ലോകത്തിന് ഇനി വിട പറയാം. 

ഐസിയു  ബെഡിൽ കിടന്നിരുന്ന  സ്വന്തം ശരീരം മാറി നിന്ന് നോക്കുമ്പോൾ ഒരൽപം അപരിചിതത്വം തോന്നി. 

ഓ... ഞാൻ ഇത്രയും ക്ഷീണിച്ചു പോയിരുന്നോ. കണ്ണുകൾ ഏതാണ്ട് കുഴിയിൽ ഇറങ്ങിയത് പോലെ. മഷി എഴുതിയിട്ട് നാളുകളായ കണ്ണുകൾ. തുടുപ്പ് നിറഞ്ഞിരുന്ന ആ കവിളുകൾ ഇപ്പൊൾ ചൈതന്യം നശിച്ചതുപോലുണ്ട്.  

ചുണ്ടുകളും വരണ്ടിരിക്കുന്നു. 

വാശി പിടിച്ച് കുത്തിയ മൂക്കൂത്തിയുടെ സ്ഥാനം ഇപ്പൊൾ ഒഴിഞ്ഞിരിക്കുന്നു. 

അല്ല, കമ്മലോ മാലയോ ഒന്നുമില്ല. ഒരുപക്ഷേ ഓപ്പറേഷന് മുൻപ് അതെല്ലാം ഊരി മാറ്റിയിരിക്കണം. ഓർമ കിട്ടുന്നില്ല. നാളുകൾ കുറെയായി ചിന്ത നശിച്ച് പല പല ഹോസ്പിറ്റലുകൾ മാറിമാറി...


പുറത്ത് നിലവിളികളുടെ ഒച്ച കൂടിയിരിക്കുന്നു. അമ്മയാണ് കരയുന്നത്. അച്ഛൻ..? ഉണ്ട്. അപ്പുറെ മാറി നിന്നു കണ്ണുതുടയ്ക്കുന്നു. 

ഇതാണ് കൂടുതൽ വേദന തരുന്നത്. അഡ്മിറ്റ് ആയ ആദ്യ ദിനം തൊട്ട് കാണുന്നതാണ് ഇത്. തോത് ഏറിയും കുറഞ്ഞും ഇരിക്കുന്നെന്ന് മാത്രം. ശരീരത്തിന്റെ വേദനയേക്കാൾ കൂടുതൽ നോവ് തന്നിരുന്നതും ഇതാണ്.

 പെയിൻ കില്ലേഴ്‌സിന് കുറച്ചൊക്കെ വേദന മറച്ചു വയ്ക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഹൃദയം എപ്പോഴും വേദനിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ ഒരു നൊമ്പരമായി അവശേഷിച്ചിരുന്നു. അവർക്കൊന്നും തിരികെ നൽകാൻ പറ്റിയില്ലല്ലോ എന്നുള്ള ദുഃഖം. 

അവരുടെ ഒരുപാട് കഷ്ടപ്പാടിന്റെ ഫലമായിരുന്നു മെഡിസിന് ഉള്ള ആ അഡ്മിഷൻ. അച്ഛൻ പറമ്പിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയാണ് ഹോസ്റ്റൽ ഫീസും ബാക്കി ചിലവിനുള്ള പണമെല്ലാം അയച്ചു തന്നിരുന്നത്. അതിനൊപ്പം വീട്ടു ചിലവും. പാവം... ആ മനുഷ്യൻ രാപകലില്ലാതെ മണ്ണിൽ കിളച്ചിരിക്കണം.

ഒരിക്കൽ പോലും ഫീസുകൾ ഒന്നും മുടങ്ങിയിരുന്നുന്നില്ല. അതിനും വേണ്ടി വീട്ടിലെ ചിലവുകൾ കുറച്ചിരുന്നു അച്ഛൻ. പല ദിവസവും വീട്ടിലേക്ക് വിളിക്കുമ്പോൾ  കാര്യമായ കറികൾ ഒന്നും ഉണ്ടാവുകയില്ല. 

'അച്ഛന് ഇപ്പോ ഇറച്ചിയൊന്നും ഇഷ്ടമല്ലാതായി മോളെ. പ്രായമായില്ലേ. പിന്നെ തൊടിയിലെ ചേമ്പിലേം ചീരേം ഒക്കെയാ നല്ലത്, ആരോഗ്യത്തിനും.'


 എന്റെ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും ഇതായിരുന്നു. ഫോണിന്റെ മറുതലയ്ക്കൽ എന്റെ കണ്ണുകൾ പലപ്പോഴും ഈറനണിഞ്ഞു.  വിലകുറഞ്ഞ റേഷനരിയും പേരിന് എന്തൊക്കെയോ കറികളും.!

ഹോസ്റ്റലിൽ മൂന്നും നാലും കറി കൂട്ടി ഉണ്ണുമ്പോൾ വീട്ടിലെ രുചിയില്ലാത്ത ചോറിന്റെ മുന്നിലിരിക്കുന്ന അച്ഛനും അമ്മയും ഒക്കെയായിരുന്നു മനസ്സിൽ. 


എൻട്രൻസിന്റെ റിസൾട്ട് വന്ന ദിവസം ഓർമ്മയുണ്ട്. അച്ഛൻ എല്ലാവരോടും പറഞ്ഞു മോൾക്ക് നല്ല റാങ്കുണ്ടെന്ന്. എന്തു സന്തോഷമായിരുന്നു അച്ഛന്. അഡ്മിഷന് വേണ്ടി നോക്കാൻ തുടങ്ങിയപ്പോൾ സ്വന്തക്കാരെന്നല്ല, നാട്ടുകാര് പോലും ഉപദേശിച്ചു;


 'ദേവാ, ഇത് നിന്നേക്കൊണ്ട് നടക്കുന്നതല്ല. അത്ര ആഗ്രഹാണേൽ അവളെ വല്ല നഴ്സിംഗിനും വിട്' എന്ന്. 

അച്ഛൻ ഒരുക്കമായിരുന്നില്ല.


'മോളെ, ഇതൊന്നും കേട്ട് നീ വിഷമിക്കണ്ട, എന്റെ കുഞ്ഞിന് ഡോക്ടർ ആവണങ്കിൽ, വീട് വിറ്റിട്ടാണെങ്കിൽ അങ്ങനെ. ഇൗ അച്ഛൻ ഉണ്ട് കൂടെ. നീ നന്നായിട്ട് പഠിക്കൂന്ന് അച്ഛന് അറിയാം. മോളെ ഒരു ഡോക്ടർ ആയി കണ്ടാ മതി എനിക്ക്. നമ്മുടെ കഷ്ടപ്പാടൊക്കെ മാറും.'


അച്ഛന് വലിയ ഉത്സാഹമായിരുന്നു അന്ന്.

 പോകുമ്പോൾ, വീട് വിട്ട് ഹോസ്റ്റലിൽ നിൽക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു ശരിക്കും. ആദ്യമായാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അന്ന് വീട്ടിൽ നിന്ന് യാത്ര അയയ്‌ക്കുമ്പൊഴും അച്ഛൻ കരഞ്ഞില്ല. പകരം എന്റെ കണ്ണ് തുടച്ചിട്ട് പറഞ്ഞു. 

'അച്ഛൻ എന്റെ മോളെ ഡോക്ടർ ആയിട്ട് കാണും. കരയരുത്. ഇൗ കണ്ണ് നിറയണത് കാണാൻ മാത്രം അച്ഛന് വയ്യ.' 


മൂന്നര വർഷങ്ങൾ... എത്ര പെട്ടന്ന് പോയി.! കോളേജ് ജീവിതം നന്നായി ആസ്വദിച്ചു. ആവുന്നത്ര പഠിച്ചു. പക്ഷേ ഇങ്ങനെ ഒരു ദുർവിധി കാത്തിരിക്കുന്നുണ്ടെന്ന് അത്ര കിരാതമായ സ്വപ്നങ്ങളിൽ പോലും വിചാരിച്ചിരുന്നില്ല.! ചുമയും ശ്വാസംമുട്ടലും ഒക്കെ കൂടിയപ്പോൾ അമ്മ പറഞ്ഞപോലെ ഇഞ്ചീം കുരുമുളകും ഒക്കെ വാങ്ങി വച്ചു, ഇടയ്ക്ക് കഴിക്കാൻ. ഒരിക്കൽ രക്തം ചുമച്ചപ്പോഴാണ് എല്ലാവരും കൂടി നിർബന്ധിച്ച് ഹോസ്പിറ്റലിൽ ആക്കിയത്. കൺസൾട്ട് ചെയ്ത ഡോക്ടറിന്റെ സംശയം വെറുതെയായില്ല. ലങ് ക്യാൻസർ; ഫോർത്ത് സ്റ്റേജ് ആയിരുന്നു. പിന്നീടുള്ള കുറെ കാലങ്ങൾ ആശുപത്രി വാസം.


ഓർമകളുടെ പ്രശ്നം അത് തിരികെ വരാൻ നമ്മുടെ അനുവാദം ആവശ്യമില്ല എന്നതാണ്. വേണ്ടായെങ്കിൽ കൂടി അവ നമ്മെ ചിലതെല്ലാം ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. മരണത്തിന്നിപ്പുറവും ചോര ഇറ്റിക്കുന്ന ഓർമകൾ...!


ഒരു ശബ്ദം കേട്ടാണ് നോക്കിയത്. എന്റെ മെസ്സേജ് ടോൺ ആണല്ലോ. നോക്കിയപ്പോൾ അഡ്മിറ്റ് ആയിരുന്ന റൂമിൽ, ഫോൺ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നു ടേബിളിൽ. ലോക്ക് സ്ക്രീനിൽ ജിയയുടെ രണ്ടു മെസ്സേജസ്‌.


R u ok..?

Took regular meds??

കണ്ണു നിറഞ്ഞു. ഫോൺ കയ്യിൽ എടുക്കാൻ നോക്കി. ഇല്ല, പറ്റുന്നില്ല. ഫിംഗർ പ്രിന്റ് റീഡ്‌ ആവുന്നില്ല. അവളിപ്പോ ടെൻഷനായിക്കാണുമോ ഇത്ര നേരമായിട്ടും റീപ്ലേ ചെയ്യാഞ്ഞിട്ട്‌. അതോ ഊഹിച്ചു കാണുമോ...?


ജിയ..! സൗഹൃദം എന്നതിന്റെ പര്യായമായിരുന്നു ആ പേര്. ആദ്യ കാഴ്ചയിൽ ജാടക്കാരി എന്ന് ഞാൻ വിചാരിച്ചിരുന്ന, കവിളിൽ നുണക്കുഴിയുള്ള ഒരു കോഴിക്കോട്ടുകാരി സുന്ദരി.

 ഹോസ്റ്റലിലെ ആദ്യ ദിവസങ്ങളിൽ തന്നെ കൂട്ടായി. ഒരു സുഹൃത്ത് എന്നതിലപ്പുറം എന്റെ ആരൊക്കെയോ ആയിരുന്നു അവൾ. എന്റെ സ്വന്തം ചേച്ചിയോ അനിയത്തിക്കുട്ടിയോ ഒക്കെ. വീട്ടിലെ കാര്യങ്ങളൊക്കെ ജിയക്ക്‌ അറിയാമായിരുന്നു. വിളിക്കുമ്പോൾ അമ്മയ്ക്ക് കൂടുതൽ സംസാരിക്കാൻ ഉണ്ടായിരുന്നതും അവളോടായിരുന്നു. വീട്ടിൽ ഒരിക്കെ വരാമെന്ന് അമ്മയ്ക്ക് വാക്കും കൊടുത്തിരുന്നു. 


ലീവിന് വീട്ടിൽ വരുമ്പോൾ പോലും എനിക്ക് കിട്ടാറുള്ള പ്രധാന കോൾ ജിയയുടെ ആയിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്നിരുന്ന കോളുകൾ. 

അഡ്മിറ്റ് ആയതിൽപ്പിന്നെ അവൾ എപ്പോഴും വിളിച്ചു... ക്ലാസിന്റെ ഇടവേളകളിൽ കൂടി. ചിലപ്പോഴൊക്കെ അവളുടെ സ്വരമിടറി. 

 'നോട്സ് ഒക്കെ ഞാൻ എഴുതുന്നുണ്ട്. നീ വരുമ്പോ പിന്നെ അതോർത്ത് ടെൻഷൻ ആവണ്ടല്ലോ' എന്നൊക്കെ പറഞ്ഞു.


ഒരിക്കെ ഞാൻ ഒന്നു പറഞ്ഞു, 'ഇനി ഞാൻ തിരിച്ച് വരൂന്ന് എനിക്ക് തോന്നുന്നില്ല' എന്ന്.

'ആദ്യം പോസിറ്റീവ് ആയി ചിന്തിക്ക്‌. കൂടി വന്നാൽ ഒരാറു മാസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും. അത്രയേ ഒള്ളു. അതിനാണ് ഇൗ  ആവശ്യമില്ലാത്തത് ഒക്കെ ചിന്തിച്ചു കൂട്ടുന്നത്...' എന്ന് തുടങ്ങി അന്ന് ഞാൻ കേട്ട ചീത്തയ്ക്ക്‌ അതിരില്ലായിരുന്നു.


ഫോർത്ത് സ്റ്റേജിൽ നിന്ന് റിക്കവർ ആകാൻ സാധ്യത വളരെ കുറവാണെന്ന് അവൾക്കും അറിയാഞ്ഞിട്ടാവില്ല. പക്ഷേ എന്തുകൊണ്ടോ ഞാൻ തിരികെ വരുമെന്ന് അവൾ പ്രതീക്ഷിച്ചു. ഞാനും അങ്ങനെ വിശ്വസിക്കണമെന്ന് ശഠിച്ചു. 


കോളജിൽ നിന്ന് ഒരു ദിവസം കാണാൻ വന്നപ്പോൾ എന്റെ വായിലും മൂക്കിലും എല്ലാം ടൂബ്‌ ഉണ്ടായിരുന്നു. അന്ന് എന്റെ കൈ അമർത്തിപ്പിടിച്ച് കുറെ നേരം ഇരുന്നു കരഞ്ഞു. എന്നെ ആശ്വസിപ്പിക്കാറുള്ള പതിവ് ധൈര്യം അന്ന് മാത്രം ഞാൻ കണ്ടില്ല.


മാംഗ്ലൂരിൽ ആദ്യം അഡ്മിറ്റ് ആകുമ്പോൾ ക്ലാസ്സ് കളഞ്ഞ് നാലഞ്ച് ദിവസത്തോളം ജിയ എന്റെ കൂടെ ഹോസ്പിറ്റലിൽ  നിന്നു. എക്സാമിന് മുൻപുള്ള കുറച്ച് ദിവസങ്ങളായിരുന്നു അത്. എക്സാം ആണെന്ന് പറഞ്ഞ് ഞാൻ കുറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരിചയമില്ലാത്ത ഇടമാണ് എന്നെല്ലാം പറഞ്ഞ് ആ ദിവസങ്ങളെല്ലാം അവൾ എന്റെ ഒപ്പമുണ്ടായിരുന്നു. വീട്ടിൽ നിന്ന് വരാനുള്ള സാഹചര്യം ആയിരുന്നില്ല അച്ഛന് അന്ന്. 


ഹോസ്റ്റലിൽ ചെന്നതിൽ പിന്നെ ഒന്നിച്ചല്ലാതെ നടന്ന കാലങ്ങൾ ഓർമയില്ല. എന്നാൽ വാരാന്ത്യങ്ങളിലെ നഗരം ചുറ്റലിന് മാത്രം ഞാൻ ഒഴികഴിവുകൾ പറഞ്ഞു. മാംഗളൂരിന്റെ തിരക്ക് പിടിച്ച ഗല്ലികൾ എന്നെ എന്നും അസ്വസ്ഥയാക്കിയിരുന്നു. നിർഭാഗ്യവശാൽ ആദ്യമായി ഒന്നിച്ച് പുറത്ത് പോയത് എനിക്ക് ചുമ കൂടിയ ഒരിക്കലായിരുന്നു; ഹോസ്പിറ്റലിലേക്ക്. എന്നിട്ടും ഞങ്ങൾ അത് ആഘോഷമാക്കി. അത് പക്ഷെ അവസാനത്തെ കൂടി ഔട്ടിങ് ആണെന്ന് ഞങ്ങളിൽ ആരും വിചാരിച്ചില്ല. 

ഇപ്പൊൾ മനസ്സിലാക്കുന്നു... അന്ന് കുറച്ചൊക്കെ ഒന്നിച്ച് പുറത്ത് പോകാമായിരുന്നു. കുറച്ചു കൂടി ഓർമകൾ സൃഷ്ടിക്കാമായിരുന്നു. 


ചിന്തകൾ കാടുകയറുന്നതിനിടയിലാണ്, ഹോസ്പിറ്റൽ വരാന്തയിൽ ഒരു വെളുത്ത് കുറുകിയ പല്ലിയെ കണ്ടത്. ചെറുപ്പത്തിൽ ഒരിക്കലെന്തോ പല്ലി എന്റെ ദേഹത്ത് വീണിട്ടുണ്ടെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു പക്ഷെ അതുകൊണ്ടാവാം, പല്ലിയെ എനിക്ക് എന്നും പേടിയായിരുന്നു. ഹോസ്റ്റൽ റൂമിലെ കട്ടിലിന്റെ കാലിൽ ഒരിക്കൽ പല്ലിയെ കണ്ട് ഒച്ചയിട്ടത് എല്ലാം ഓർക്കുന്നു. അന്ന് അവൾ എന്നെ കുറെ കളിയാക്കി. ഒരുപക്ഷെ ഞങ്ങളുടെ സൗഹൃദം ബലപ്പെട്ടത് ആ രാത്രി കൊണ്ടായിരുന്നു. അന്ന് നേരം പുലരും വരെ ഉറക്കമൊഴിച്ചിരുന്ന് സംസാരിച്ച്, വിങ്ങി വീർത്ത കണ്ണുമായി പിറ്റേന്ന് കോളജിൽ പോകാൻ തുടങ്ങുമ്പോൾ അതൊരു ആത്മ ബന്ധത്തിന്റെ തുടക്കമാണെന്ന് ഞങ്ങൾ രണ്ടാളും ചിന്തിച്ചു കൂടിയില്ല. 


8:30 വരെ കഷ്ടിച്ച് തുറന്നു തന്നിരുന്ന ഹോസ്റ്റൽ ടെറസ്സ്, 'ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ ലേറ്റ് ആകും അപ്പോൾ കുളിക്കാൻ ഒക്കെ താമസിക്കും' എന്നെല്ലാം പറഞ്ഞ് 9 മണി വരെ ആക്കി, മാനം നോക്കി, ടെറസ്സിലെ തണുത്ത കാറ്റും കൊണ്ട് കഥ പറഞ്ഞിരുന്ന കാലങ്ങൾ.  പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതിരുന്ന വിശേഷങ്ങൾ. ടെറസ്സിലൂടെ നോക്കിയാൽ അപ്പുറം കാണാമായിരുന്ന ഏതോ ഒരു ഫ്ലാറ്റിന്റെ ബാൽക്കണിയെക്കുറിച്ചുള്ള പതിവ് കമന്ററികൾ.  ചിരിച്ച് ചിരിച്ച് വയറു വേദനിച്ച നമ്മുടെ മാത്രം തമാശകൾ.  എവിടെയൊക്കെയോ കണ്ണ് നനച്ച വേദനകൾ.


 ആദ്യമായി ഞാൻ ഹൃദയം കൊണ്ട് സ്നേഹിച്ച സുഹൃത്ത്. അതായിരുന്നു അവൾ. സത്യത്തിൽ സ്നേഹിച്ചതൊന്നും ആയിരുന്നില്ല. അതങ്ങനെ സംഭവിച്ചുപോയതാണ്.! സുഹൃത്തുക്കളൊന്നും ഇനി വേണ്ട എന്ന് കരുതിയാണ് കോളജിൽ ജോയിൻ ചെയ്യുന്നത്. പഠനം മാത്രമേ മുന്നിൽ ഉണ്ടായുള്ളൂ. ക്ലാസ്സിൽ പോവുക, തിരികെ ഹോസ്റ്റലിൽ വരിക. തികച്ചും യാന്ത്രികമായി ജീവിക്കുക എന്നത് മാത്രം.  


 പരിചയപ്പെട്ട്‌  സംസാരിച്ച് തുടങ്ങിയതും തികച്ചും ഫോർമൽ ആയിട്ടായിരുന്നു.ഹോസ്റ്റലിലെ പലരിൽ ഒരാൾ. അതിലപ്പുറം ഒന്നും ചിന്തിച്ചില്ല. ആഗ്രഹിച്ചുമില്ല. ജീവിതം പഠിപ്പിച്ചത് അങ്ങനെയൊക്കെ ആയിരുന്നു. 

പല സൗഹൃദങ്ങളിലും അർത്ഥം കാണാൻ കഴിയാതെ വന്നപ്പോൾ വെറും ഉപരിപ്ലവമായ പല സുഹൃത്ത് ബന്ധങ്ങൾ മാത്രം കണ്ട് പരിചയിച്ചു കഴിഞ്ഞപ്പോൾ ഇതിലൊന്നും വലിയ കഥയില്ല എന്ന് സ്വയമായി പറഞ്ഞ് പഠിപ്പിച്ചിരുന്നു. 


എന്നാൽ, പ്രതീക്ഷിക്കാതെ  കിട്ടുന്നതിനാകും മധുരം കൂടുതൽ എന്ന് പറയില്ലേ. അത് വെറും ചൊല്ല് മാത്രമല്ല, കാര്യമാണെന്ന് വിശ്വസിച്ചത് അവളെ പരിചയപ്പെട്ടത് മുതൽ ആയിരുന്നു. 'എന്നെപ്പോലെയുള്ള' ഒരാൾ എന്നാണ് ആദ്യം തോന്നിയത്. ഒരുപാട് സാമ്യങ്ങൾ, ഒരേ തരത്തിലുള്ള ഇഷ്ടങ്ങൾ..! വായന, എഴുത്ത് തുടങ്ങി ചെറിയ ചില ശീലങ്ങൾ പോലും.!


മെസ്സ് ഹാളിലെ ഞങ്ങളുടെ ഇരിപ്പിടം എല്ലാവരും ഉപേക്ഷിച്ചിട്ടിരുന്ന ഒരു മൂല ആയിരുന്നു. ആ ജനൽ ഒരു പക്ഷെ ആദ്യമായി തുറക്കുന്നത് പോലും ഞങ്ങൾ ആയിരുന്നെന്ന് തോന്നുന്നു; അതിനപ്പുറം പച്ചപ്പിൽ പുത്തഞ്ഞ ഒരു ലോകമുണ്ടെന്ന് കണ്ടെത്തുന്നതും. ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തിയിരുന്ന ഹാങ്ങിങ് ഓർക്കിഡുകൾ. പിന്നീട് ആ സ്ഥലത്തിന് ആവശ്യക്കാർ കൂടിയപ്പൊഴും എഴുതി വാങ്ങിയതെന്നവന്ന വണ്ണം  ഇരിപ്പുറപ്പിച്ച അവിടം...

 രാവിലെ, ഒരു നുറുങ്ങു വെളിച്ചവും കവിളിൽ തലേന്നത്തെ മഴയുടെ നീർത്തുള്ളികളുമൊക്കെയായി ഞങ്ങൾ വരാൻ കാത്തിരുന്ന പോലെ ചിരിച്ചു നിന്നിരുന്ന പൂക്കൾ. ഉണക്ക ചപ്പാത്തിയെന്ന് പരാതികൾ പോയിട്ടും  ആസ്വദിച്ചു കഴിച്ച ഹോസ്റ്റലിലെ ബ്രേക്ക്ഫസ്റ്റുകൾ. നടന്നു നടന്നു ഞങ്ങൾ കണ്ടുപിടിച്ച ഹോസ്റ്റലിനു പിന്നിലെ ചാമ്പ മരം. ഭക്ഷണം കഴിഞ്ഞ് മെസ്സിന് പുറത്ത് തല നീട്ടി നിൽക്കുന്ന ചെമ്പകച്ചെടിയെ പതിവു തെറ്റാതെയുള്ള സന്ദർശനം. സൊറ പറഞ്ഞ് ക്ലാസ്സിന് പോകാൻ ലേറ്റായി ഓടിയിറങ്ങിയിരുന്ന നാളുകൾ.


അവളുടെ പപ്പയ്ക്ക്‌ സുഖമില്ലാഞ്ഞിട്ടാണ് അന്നൊരിക്കൽ അവൾക്ക്‌ നാട്ടിലേക്ക് പോകേണ്ടി വന്നത്.  'ഒത്തിരി നാൾ ഇങ്ങനെ മാറി നിൽക്കാൻ പറ്റില്ല, പപ്പയ്ക്ക് വയ്യാതായിക്കൊണ്ടിരിക്കുന്നു, അതുകൊണ്ട് നാട്ടിലെ ഏതേലും കോളജിലേക്ക് ട്രാൻസ്ഫർ വാങ്ങണം' എന്നൊക്കെ പറഞ്ഞാണ് അവളെ വിളിച്ചത്. പപ്പയുടെ ഒറ്റപ്പുത്രി. നിർബന്ധം സഹിക്കവയ്യാതെ അവൾക്ക്‌ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. ഏതാണ്ട് ഒരു പിരിഞ്ഞു പോക്കിന്റെ ഭാവം ഉണ്ടായിരുന്നു അതിന്. അന്ന് ഞാൻ അനുഭവിച്ച ഏകാന്തത!  ട്രെയിൻ കയറ്റി വിട്ട് തിരിച്ച് പോരുമ്പോൾ എന്റെ ഒരു ഭാഗം, എന്റെ അനുവാദം കൂടാതെ അവൾ  മോഷ്ടിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി... ഉള്ളിൽ നിന്ന് എന്തോ പറിച്ചു കീറി കൊണ്ടു പോയപോലെ. ഇനി നമ്മൾ കാണുവോടോ എന്ന് ചോദിച്ചപ്പോൾ അത്ര നേരം അടക്കിപ്പിടിച്ച വേദന കണ്ണിലൂടെ പുറത്തേക്കൊഴുകുന്നത് മാത്രം ഞാൻ അറിഞ്ഞു.

 നനഞ്ഞ കണ്ണുമായി അവൾ അന്ന് ട്രെയിൻ കയറിപ്പോയപ്പോൾ, സത്യത്തിൽ അന്നാണ് മനസ്സിലാക്കുന്നത് എത്രമാത്രം അവളെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു എന്ന്. ഹോസ്റ്റലിൽ ചെന്ന്, ഞാൻ പോലുമറിയാതെ എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നപ്പോൾ ഞാൻ പലവട്ടം എന്നോട്  ചോദിച്ചു... ആരായിരുന്നു അവൾ എനിക്ക്, ഇത്രമാത്രം ഒക്കെ കരയാൻ എനിക്ക് അവൾ എന്തായിരുന്നു എന്ന്. ജീവിതത്തിൽ അന്നു വരെ അനുഭവിക്കാതിരുന്ന ഒരു വേദന ഞാൻ അന്ന് അനുഭവിച്ചു.  തൊണ്ടയിൽ തങ്ങി നിൽക്കുന്ന ഒരു നൊമ്പരം. വാരിയെല്ലുകൾ പൊതിഞ്ഞു പിടിച്ചിട്ടും പുറത്തേക്ക് മിടിക്കുന്ന നെഞ്ചിലെ ഒരു തരം വിങ്ങൽ.

എന്നാൽ, ഇത്ര നല്ല കോളജിൽ അഡ്മിഷൻ കിട്ടിയിട്ട് അത് കളയുന്നത് മണ്ടത്തരമാണെന്നുള്ള ആരുടെയൊക്കെയോ ഉപദേശത്തിന്റെ പുറത്ത് പപ്പ അവളെ തിരികെ പോരാൻ സമ്മതിക്കുകയായിരുന്നു. മാസത്തിലൊരിക്കൽ വീട്ടിൽ വരണം എന്നുള്ള എഗ്രിമെന്റിന്റെ ഉറപ്പിൽ. 

സത്യത്തിൽ അതിൽ ഏറ്റവും സന്തോഷിച്ചത് ഞാൻ ആയിരുന്നു. പക്ഷേ, പിന്നീട് ഞങ്ങൾക്ക് പരസ്പരം കളിയാക്കാൻ വേറൊരു കാരണം കൂടെ കിട്ടി... രണ്ടു പേരുടെയും അന്നത്തെ കരച്ചിൽ.!


അങ്ങനെ ഒരുപാട് ഓർമകൾ. അനുഭവിക്കുമ്പോൾ മധുരവും ഓർക്കുമ്പോൾ നീറ്റലും തരുന്ന ഒത്തിരി കാര്യങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഇന്ന് രണ്ടു പേരും രണ്ടിടങ്ങളിൽ.

 മൈക്രോ ബാക്ടീരിയാസ് ആക്രമിച്ചു തുടങ്ങിയിരിക്കുന്ന നിശ്ചലമായ ശരീരവുമായി ഞാൻ ഇൗ ഐസിയുവിൽ ചലനമറ്റ്. ഒന്നും അറിയാതെ അവൾ ഇപ്പൊൾ മാംഗലൂരിൽ. 


സമയം ഇപ്പൊൾ 6:15 ആയിട്ടുണ്ട്.   ക്ലാസ്സ് കഴിഞ്ഞ് വന്നിട്ടുണ്ടാകണം ജിയ. 

അവളെ ഒന്നു കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ. ആത്മാക്കൾക്ക്‌ സ്ഥലകാല പരിമിതിയില്ല എന്നൊക്കെ കേട്ടിട്ടുണ്ട്. സത്യമാണോ.?


ആ ചിന്ത വിരാമമിടുന്നതിനുള്ളിൽ തന്നെ ഹോസ്റ്റലിൽ എത്തിക്കഴിഞ്ഞു. എറണാകുളത്തുനിന്ന് മാംഗലൂർക്ക്‌. കൊള്ളാം. ട്രാഫിക് ജാം ഇല്ല. യാത്രാ ക്ഷീണമില്ല. അതോർത്തപ്പോൾ ചെറിയൊരു ചിരി വരാതിരുന്നില്ല.


ജിയ ഫോണിലും നോക്കി ഇരുപ്പാണ്. എന്റെ വാട്ട്സ്ആപ് ചാറ്റും മുന്നേ അയച്ച ടെക്സ്റ്റും എല്ലാം മാറി മാറി നോക്കുന്നുണ്ട്. കയ്യിൽ, ഞാൻ ഒരിക്കൽ കൊടുത്ത ഒരു ഡബിൾ ഷേഡ്‌ ഡക്‌ളിങിന്റെ ചിത്രമുണ്ട്. മുന്നിലെ ഡെസ്കിൽ, മെസ്സിൽ നിന്ന് എടുത്ത് കൊണ്ടു വച്ച ചായ ആറി തണുത്തിരിക്കുന്നു.


ആ കുനിഞ്ഞ മുഖം ചെറുതല്ലാത്ത ഹൃദയ സ്തംഭനം എനിക്ക് ഉണ്ടാക്കി. മരിച്ചുകഴിഞ്ഞാൽ പിന്നെ ഹൃദയ സ്തംഭനമൊക്കെ ഉണ്ടോ...? അറിയില്ല. എങ്കിലും കുത്തിത്തുളയ്ക്കുന്ന ഒരു തരം വേദന എവിടെയോ അറിഞ്ഞു.


'ജിയ...'

ഒന്നു വിളിച്ചു നോക്കി. അടുത്ത് ചെന്ന് ഒന്നു കൂടി ഉറക്കെ വിളിച്ചു. ഇല്ല, അവൾ അറിയുന്നില്ല. 

എന്താണ്‌ നിന്റെ ഉള്ളിൽ... ടെലിപ്പതി കൊണ്ട് നമ്മൾ പലപ്പോഴും കമ്മ്യൂണികേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോ നിലച്ച അതേ മനസ്സിന്റെ ശബ്ദം കൊണ്ട്. എന്താ.. ഇപ്പോൾ ആ ശബ്ദം നിലച്ചത് നീ അറിയുന്നുണ്ടോ. ഹൃദയം കൊണ്ട് സ്നേഹിച്ച ഒരാൾ ഹോസ്പിറ്റൽ ബെഡിൽ അനക്കമറ്റ് കിടക്കുന്നത് മനസ്സിലാവുന്നുണ്ടോ.?


പലതും എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.

അവളുടെ കണ്ണ് നിറയുന്നുണ്ട്. ആ കണ്ണുനീർ അവളുടെ മടിയിൽ തന്നെ വീണ് അമർന്നു. നിശബ്ദമായി ആ കണ്ണുകൾ ഒഴുകുന്നു. 

ഇനിയും ഇവിടെ നിൽക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. നെഞ്ചിൽ ഒരു ഭാരം കട്ടി കൂടി തുടങ്ങി. 


കനം തൂങ്ങിയ മനസ്സുമായി തിരികെ ഹോസ്പിറ്റലിൽ എത്തുമ്പോൾ മറ്റാരക്കെയോ കൂടി വന്നിട്ടുണ്ട്. വീട് അടുത്തായത് കൊണ്ടാവണം  രാധാമ്മായി ഇത്ര വേഗം എത്തിയത്... അവർ അമ്മയെ ആശ്വസിപ്പിക്കുകയാണ്. എന്തെങ്കിലും പറയുന്തോറും അമ്മ തേങ്ങി തേങ്ങി കരയുന്നു.


ഇതെന്താണ്..? ജിയയുടെ കരച്ചിൽ കാണാൻ വയ്യാത്തത് കൊണ്ടാണ് തിരികെ വന്നത്. ഇപ്പൊൾ ഇവിടെയും..! മരണത്തിനിപ്പുറം വേദനയില്ലെന്ന് ആരു പറഞ്ഞു? ഉണ്ട്. സ്നേഹിക്കുന്നവർ കരയുന്നത് കാണുമ്പോൾ ഉള്ള വേദന. ഒരു പക്ഷെ പെയിൻ കില്ലേഴ്‌സിനും അടക്കാൻ കഴിയാത്ത വേദന. 


ആ രാത്രി ഞാൻ കഴിച്ചു കൂട്ടിയതെങ്ങനെ എന്ന് ചിന്തിക്കാൻ വയ്യ. കോളജിലേക്ക് മരണ വിവരം വിളിച്ച് അറിയിച്ചിരുന്നു. ജിയയുടെ കണ്ണുനീർ ആ രാത്രി തലയിണയെ എത്ര നനയിച്ചെന്ന് അറിയില്ല. നിശബ്ദമായി കരഞ്ഞിരുന്ന ആ കണ്ണുകൾ വന്യമായി നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. പലരും അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഞാനും; കാണാൻ അവൾക്ക് കഴിഞ്ഞിരുന്നില്ലങ്കിലും. രാത്രി വൈകിയും അവൾ കിടന്നില്ല. ചിലപ്പോൾ ഭ്രാന്തമായി പലതും വിളിച്ചുപറഞ്ഞു. മറ്റു ചിലപ്പോൾ സമനില തെറ്റിയതു പോലെ പെരുമാറി. എന്റെ പേര് പലപ്പോഴും ഒരു മന്ത്രം പോലെ ഉരുക്കഴിച്ചു.  ചുറ്റും നിന്നിരുന്ന പലരും അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിശബ്ദരായി നിന്നു. ഞാൻ കൊടുത്ത ആ ‌‍ഡബിൾ ഷേഡ്‌ ചിത്രം മാത്രം അപ്പോഴും അവൾ കയ്യിൽ മുറുക്കി പിടിച്ചിരുന്നു.


എന്ത് ചെയ്യണമെന്നറിയാതെ ഞാനും പകച്ചു. അറ്റമറിയാത്ത ഒരു നീറ്റൽ എന്റെ ഞരമ്പുകളിലൂടെ പാഞ്ഞ് ഹൃദയത്തിൽ നിൽപ്പുറപ്പിച്ചു.

 അറിയുന്നുണ്ടോ നീ, ഇൗ കണ്ണുനീരിന് എന്റെ ഹൃദയം തകർക്കാൻ അത്ര ശക്തിയുണ്ടെന്ന്? 

ഇൗ നിറഞ്ഞ കണ്ണുകളാണ് എന്നെ വേദനിപ്പിക്കുന്നത്. കീമോയേക്കാൾ ആഴത്തിൽ നിന്റെ കണ്ണീര് എന്നെ തുളയ്ക്കുന്നുണ്ട്. ഇൗ നിമിഷമാണ് ഞാൻ ചിന്തിച്ചു പോകുന്നത് ഒരു പക്ഷെ നിന്നെ പരിചയപ്പെടേണ്ടിയിരുന്നില്ല എന്ന്. ഒരാൾക്ക് കൂടി ഇൗ ദുഃഖം പകുത്തു നൽകേണ്ടിയിരുന്നില്ല. ഒരു ജീവിതം കൂടി തളരുന്നത് കാണേണ്ടിയിരുന്നില്ല.!


എന്റെ ശബ്ദ തരംഗങ്ങൾ തിരികെ എന്റെ ചെവിയിലേക്ക് തന്നെ വന്ന്‌ വീണുടയുന്നു. കേൾക്കാൻ കഴിയാത്തവണ്ണം നമ്മൾ തമ്മിൽ ഇപ്പോഴേതോ മറയുണ്ട്. ഒരു തിരശ്ശീല.

അതിനിപ്പുറം ഞാൻ ആടിത്തീർത്ത എന്റെ ജീവിതവും. നിന്റേത് ഇനിയും ബാക്കി. ചിലപ്പോൾ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ എന്റെ പേരും നീ മറക്കുമായിരിക്കും. ഉവ്വോ...? ഇല്ല.!! അതിന് നിനക്ക് സാധിക്കില്ല. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. മൂന്നര വർഷം കൊണ്ട് പങ്കിട്ടത് സൗഹൃദം മാത്രമായിരുന്നില്ല. എന്റെ സ്വന്തമെന്ന് ചങ്കിൽ കൈവച്ച് പറയാൻ ഞാൻ ധൈര്യപ്പെട്ടിരുന്ന വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു പേരിൽ ഒരാളായിരുന്നു നീ. 


ഓർക്കുന്നോ നീ, ഒരിക്കെ ഹോസ്റ്റലിന്റെ ടെറസിൽ ഇരുന്ന് നമ്മൾ സംസാരിച്ചത് ;


"ഒത്തിരി സ്നേഹിച്ചാൽ പിരിയേണ്ടി വരുമ്പോ ഒത്തിരി സങ്കടപ്പെടേണ്ടി വരും. അല്ലെടോ?"

"എന്താ ഇപ്പോ ഇങ്ങനെ ഒക്കെ തോന്നാൻ?"

"ഏയ്..."

"തനിക്ക് എന്താ പിരിയാൻ വല്ല ഉദ്ദേശോം ഉണ്ടോ?"

"ആ... ഉണ്ട്."

ആ മറുപടിക്ക്  പകരം എനിക്ക് കിട്ടിയത് രണ്ടിടിയായിരുന്നു. 


പഴമക്കാർ പറയില്ലേ, ചില വാക്കുകളൊക്കെ അറം പറ്റുമെന്ന്. അന്ന് കളിയായി പറഞ്ഞ് നിർത്തുമ്പോൾ പക്ഷെ നമ്മൾ രണ്ടുപേരും ചിന്തിച്ചില്ല, ആ വാക്കുകൾ അക്ഷരം പ്രതി നടക്കുമെന്ന്. 


ഹോസ്റ്റൽ റൂമിലെ എന്‍റെയാ ഒഴിഞ്ഞ കട്ടിലിൽ ഇരുന്ന്‌ ഞാൻ പിന്നെയും എന്തൊക്കെയോ പുലമ്പി. ആരുടെയും ശബ്ദ വീചികളിൽപ്പെടാതെ ആ വാക്കുകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.


ശവമടക്കിന് ഒരുപാട് ആളുകൾ കൂടിയിട്ടുണ്ടായിരുന്നു. ശവദാഹത്തിനുള്ള ഒരുക്കങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് നടന്നുകൊണ്ടിരിക്കുന്നു. നിശ്ചലമായ എന്റെ മൃതശരീരത്തെ നോക്കി കുമ്പിട്ടിരിക്കുന്ന അമ്മയോട് ചേർന്നിരിക്കുകയായിരുന്നു ഞാൻ. 'ഞാനമ്മയുടെ അരികെത്തന്നെയുണ്ട്. എന്തെങ്കിലും ഒന്ന് പറയൂ' എന്ന് പലവട്ടം ഞാൻ കേണു. 'ഇത്ര നാൾ കൂടെ ജീവിച്ച ആ ശരീരമേ മരിച്ചിട്ടുള്ളു. ആത്മാവ് ഇപ്പോഴും സ്പന്ദിക്കുന്നുണ്ട്. ഉരുവാക്കിയ ഇൗ ആത്മാവിനെ  കേൾക്കാൻ ഇനിയും കഴിയുന്നില്ലേ.?' 

അമ്മ നിശ്ചലമായി അതേ നോട്ടം തുടർന്നുകൊണ്ടിരുന്നതല്ലാതെ മറ്റൊരു പ്രതികരണവും ഉണ്ടായില്ല. 


അച്ഛൻ കുറച്ചപ്പുറെ മാറിനിൽക്കുന്നു. ആരൊക്കെയോ കൂടി അച്ഛനെ താങ്ങിപ്പിടിച്ചിട്ടുണ്ട്. ആ മനുഷ്യന്റെ ചങ്ക് പൊടിയുന്നത് ഞാൻ അറിയുന്നുണ്ട്. അച്ഛനോടും ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവരാരും എന്നെ അറിയുന്നതേയില്ല എന്നത് എനിക്കൊരു വീർപ്പുമുട്ടലായി തോന്നിത്തുടങ്ങി. ആരോ വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുംപോലെ. ആഴമുള്ള വെള്ളത്തിൽ ആരോ തല താഴ്ത്തി പിടിച്ചിരിക്കുന്നതുപോലെ. 



അപ്പോളാണ് അടുത്ത് ഒരാൾ നിൽക്കുന്നത് കണ്ടത്. 

'പോകണ്ടേ? ഇന്നലെ മുതൽ ഞാൻ താമസിക്കുകയാണ്.'

എന്റെ പകച്ച നോട്ടം മനസ്സിലാക്കിയിട്ടെന്ന വണ്ണം അയാൾ തുടർന്നു.


'മരണത്തിന്റെ അപ്പുറമുള്ള ലോകത്തേക്ക്...!

ഇതിപ്പോൾ വളരെ താമസിച്ചു. ഇനിയും, മരിച്ച ഒരാളുടെ ആത്മ സാന്നിദ്ധ്യം ഭൂമിയിൽ തരുക എങ്ങനെയാണ്. വരൂ, പോകാം.'


'ഒരല്പ നേരം കൂടി... എന്റെ ഒരു സുഹൃത്ത്.. ജിയ.. അവളെ ഒന്നു കൂടി കണ്ടിട്ട്...'

ഞാൻ കെഞ്ചി.


അപ്പോളാണ് ജിയ എന്റെ നേരെ നടന്നടുക്കുന്നത് ഞാൻ കണ്ടത്.

ടെലിപ്പതി എന്ന് നമ്മൾ എന്നും പറഞ്ഞിരുന്നത് മരണത്തിനിപ്പുറവും  സത്യമോ.. എന്റെ ചിന്തകൾക്ക് നിന്റെ മനസ്സിനെ ആവാഹിക്കാൻ ഇപ്പോഴും ശേഷിയുണ്ടോ?


ആജാനുബാഹുവായ ആ വെള്ള വസ്ത്രധാരിയെ നോക്കി ഞാൻ നിസ്സഹായതയോടെ പറഞ്ഞു..

'ജിയ...!'

എനിക്ക് അവളെ ഒന്നുകൂടി ആശ്ശേഷിക്കണമെന്നുണ്ടായിരുന്നു. അവസാനമായി ഒരിക്കൽ കൂടി ചേർത്ത് നിർത്തണമെന്നുണ്ടായിരുന്നു. കുറച്ച് നേരം കൂടി അടുത്തിരിക്കണമെന്നുണ്ടായിരുന്നു.


'വരൂ.. പോകാം.'

അയാൾ എന്റെ കയ്യിൽ കടന്ന് പിടിച്ചു കഴിഞ്ഞു.


ആ മനുഷ്യനോടൊപ്പം മുഖം താഴ്ത്തി ഞാൻ നടന്നകലുമ്പോൾ കണ്ടു... ചലനമറ്റ എന്റെ ശവശരീരത്തെ നോക്കി, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിൽക്കുന്ന ആ പെൺകുട്ടിയെ. 

 ഞാൻ പലപ്പോഴും അവിശ്വസിച്ചിരുന്ന, യാദൃച്ഛികം മാത്രമെന്ന് ധരിച്ചിരുന്ന ആ പ്രതിഭാസത്തെ സത്യമെന്ന് ഒരിക്കൽ കൂടി തെളിയിച്ച ആത്മ മിത്രത്തെ. 

നിർജീവമായ എന്റെ ശരീരത്തിന് മുന്നിൽ നിർജീവമായ മനസ്സുമായി നിൽക്കുന്ന അവളെ. 


തലേന്നത്തെ ഉറക്കക്ഷീണം ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ട്. കണ്ണുനീർ ചാലു കീറിയ മുഖം, ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിളറിയിരിക്കുന്നു. ഇനിയും കരയാൻ ശേഷിയില്ല എന്ന് പറയാതെ പറയുന്ന തളർന്ന ശരീരം.    അവളെ ആരെങ്കിലും ഒന്നവിടെ ഇരുത്തൂ എന്ന് പറയാൻ തോന്നിപ്പോയി. ഒരുപക്ഷേ അവൾ വീണുപോയേക്കുമോ..? 


ഇല്ല, എനിക്കിനിയും സാവകാശമില്ല. എന്റെ കയ്യിൽ കടന്ന് പിടിച്ചിരിക്കുന്ന ആ മനുഷ്യനെ ഞാൻ ദൈന്യതയോടെ മുഖമുയർത്തി നോക്കി. എന്റെ വികാരങ്ങളൊന്നും അയാൾക്ക് വിഷയമല്ല. ഏതോ ദൗത്യം നിർവഹിച്ചു തീർക്കേണ്ട തിടുക്കത്തോടെ അയാൾ നടന്നു നീങ്ങുകയാണ്.


'അതേ, ടെലിപ്പതി എന്നൊന്നുണ്ട്.!'

ആ വാക്കുകൾ ആവർത്തിച്ചുരുവിട്ടുകൊണ്ട് ഞാൻ അയാളുടെ പിന്നാലെ ചെന്നു.


ഇനിയുമൊരിക്കൽ തിരിച്ചു വരാൻ കഴിയാത്ത ലോകത്തിലേക്ക്. പങ്കുവയ്ക്കാൻ സൗഹൃദം ബാക്കി വയ്ക്കാത്ത ആ ലോകത്തിലേക്ക്. നീ വിശ്വസിച്ച ടെലിപ്പതിക്ക് ഇനി പക്ഷേ സ്ഥാനമില്ലാത്ത ലോകത്തിലേക്ക്. 


Tuesday, August 4, 2020

Ntuppuppakkoranendarnnu by Vaikom Muhammad Basheer: Review (ബഷീറിന്റെ 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്': നിരൂപണം)


'അന്നുരാത്രി വളരെ കഴിഞ്ഞിട്ടും കുഞ്ഞുപാത്തുമ്മായ്ക്ക് ഉറക്കം വന്നില്ല. ആയിഷായുടെ ഇയ്ക്കാക്കായെ വരുത്തരുതെന്ന് അവൾ നേരത്തേ പടച്ചവനോടു പ്രാർഥിച്ചതാണ്! ഇപ്പോൾ മറിച്ചെങ്ങനെ പറയും?
ഒടുവിൽ അവൾ മനസ്സു നൊന്തു പ്രാർഥിച്ചു:
‘ന്‍റ പടച്ചോനെ, തുട്ടാപ്പിന്‍റെ ഇയ്ക്കാക്കാ...’

ബഷീറിന്റെ എഴുത്തിന്റെ മാസ്മരികത വെളിപ്പെടുത്തിയ മറ്റൊരു കൃതി; 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്'.
ബഷീർ എഴുത്തുകളെ എന്നും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇൗ പുസ്തകത്തിന് എന്തോ അന്യമായൊരു മായാജാലം ഉണ്ടെന്ന് തോന്നി. വായിച്ചു തീർന്നപ്പോൾ കുഞ്ഞുപാത്തുമ്മ പരകായ പ്രവേശം നടത്തിയപോലെ. 'കരളില് ഒരു വേതന'. 
ഉറങ്ങാൻ കിടന്നപ്പോൾ വരെ കുഞ്ഞുപാത്തുമ്മ മനസ്സിൽ ഉണ്ടായിരുന്നു.

ഒരു രാത്രി വൈകിയാണ് 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' വായിച്ചു തീർന്നത്. പുറത്ത് കർക്കിടകത്തിലെ പതിവു മഴ. വായിച്ചു കഴിഞ്ഞ്  ജനാലക്കുള്ളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ മഴ തോർന്നിരുന്നു. കാറ്റിൽ പക്ഷേ, പെയ്ത മഴയുടെ ഓർമയ്ക്കെന്നവണ്ണം മരം പെയ്യുന്നുണ്ടായിരുന്നു. 
അന്ന് കിടക്കാനായി തുടങ്ങുമ്പോൾ ഞാനും അറിഞ്ഞത് ഒരു മരം പെയ്ത്തായിരുന്നു. കുഞ്ഞുപാത്തുമ്മയും നിസാർ അഹ്‌മ്മദും അയിഷയും എല്ലാം നിറഞ്ഞു പെയ്യുന്നു ഉള്ളിൽ.

ബഷീർ എഴുത്തിന്റെ ലാളിത്യം എന്നും ആസ്വദിച്ചിരുന്നെങ്കിലും ഇത്തരമൊരു ഇഷ്ടക്കൂടുതൽ തോന്നുന്നത് ഇതാദ്യമാണ്. ഇത് ഒരു പക്ഷെ ബേപ്പൂർ സുൽത്താന്റെ സ്വർണത്തൂലികയിൽ നിന്നും അടർന്നുവീണതിൽ വച്ച് ഏറ്റവും മികച്ച ഒരു ചെറുകഥയാണ്.

ഇൗ പുസ്തകത്തിൽ വളരെ അധികം വായനക്കാരനെ ആകർഷിക്കുന്നത് കഥാനായിക; 'കള്ള ബുദ്ദൂസ്‌',  കുഞ്ഞുപാത്തുമ്മയുടെ നിഷ്കളങ്കതയാണ്. ഒരു 'ഉറുമ്പിനെ പോലും ദ്രോഹിക്കാത്ത',  'റബ്ബുല്‍ ആലമീനായ തമ്പുരാന്‍റെ സൃഷ്ടികളിൽ ഒന്നിനെപ്പോലും വെറുക്കാത്ത' കുഞ്ഞുപാത്തുമ്മ.
തുടക്കത്തിൽ ഒരല്പം വായനയുടെ വേഗത കുറയുന്നുണ്ടെങ്കിലും പിന്നീട് ആസ്വാദകനെ മറ്റൊരു ലോകത്തിലാക്കുന്ന എഴുത്തിന്റെ പ്രതിഭ ഇവിടെ കാണാം.

'കുഞ്ഞുപാത്തുമ്മാ,’ 
നിസാർ അഹ്‌മ്മദ് പറഞ്ഞു: ‘നമ്മുടെ ആ കുരുവിയില്ലെ, അത് എന്‍റെ അടുത്തു വന്ന് കുഞ്ഞുപാത്തുമ്മായ്ക്കു സുഖമാണോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. ‘ഏതോ ഇഫ്‌രീത്തിനെ ഓടിക്കാൻ അവളൊരു ‘സൂട്ട്കേസ്’ കഴുത്തിൽ കെട്ടിത്തൂക്കിക്കൊണ്ടു നടക്കുകയാണ്!’ എന്ന്.

സാധാരണ പ്രണയം കൈകാര്യം ചെയ്യുന്ന രീതി വിട്ട് വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന എഴുത്താണ് ഇൗ പുസ്തകത്തിന്റെ പ്രത്യേകത. പ്രണയം നല്ല രീതിയിൽ ബഷീർ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. ലാളിത്യമുള്ള, നിഷ്കളങ്കമായ, വായനക്കാരന് ഇഷ്ടം തോന്നുന്ന രീതിയിൽ. എന്നാൽ  ഇതു വെറും പ്രണയ കഥ മാത്രമല്ല. ഫലിതവും ഒപ്പം ആക്ഷേപഹാസ്യവും മികച്ച  രീതിയിൽ ബഷീർ അവതരിപ്പിക്കുന്നു 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' എന്ന പുസ്തകത്തിൽ. 
സ്വമതത്തിൽ നിലനിന്നിരുന്ന പല അബദ്ദാചാരങ്ങളെയും നല്ല ഭാഷയിൽ അദ്ദേഹം വിമർശിക്കുന്നുണ്ട് ഇവിടെ.

"മുടി ചീകാം. പക്ഷേ, വകഞ്ഞുവെക്കരുത്!

ഇതിനെതിരായി ആയിടെ ഒരു മുസ്ലിം യുവാവ് പ്രവർത്തിച്ചു. അയാൾ മുടി വളർത്തി, ക്രോപ്പു ചെയ്തു. അതു വകഞ്ഞും വെച്ചു!

ബാപ്പാ ആ ചെറുപ്പക്കാരനെ വിളിപ്പിച്ച് ഒസ്സാനെക്കൊണ്ട് മുടി വടിപ്പിച്ചുകളഞ്ഞു. എന്തിന്? മുടി ആരു സൃഷ്ടിച്ചു? എന്തിനു സൃഷ്ടിച്ചു? ആരും ചോദിക്കുകയില്ല."


ഇവിടെ ബഷീർ നടത്തുന്നത് അക്കാലത്തുണ്ടായിരുന്ന അന്ധ വിശ്വാസങ്ങൾക്ക്‌ എതിരെയുള്ള ഒരു ശബ്ദമുയർത്തൽ കൂടെയാണ്. അനാചാരങ്ങൾ നിർബാധം നിലനിന്നിരുന്ന ആ കാലത്താണ് ബഷീർ ഇതെല്ലാം എഴുതിയത് എന്നോർക്കുമ്പോൾ അത്ഭുതം മാത്രമല്ല, തികഞ്ഞ ബഹുമാനവുമാണ് തോന്നുന്നത്.


എന്തായാലും വായിച്ചു തീർന്നപ്പോൾ ഒരു വിഷമമാണ് ഉണ്ടായിരുന്നത് ; എത്ര വേഗം തീർന്നുപോയി എന്നാണ്. ഇത് ഒരുപക്ഷേ അല്പം കൂടി വലിയ നോവൽ ആയിരുന്നെങ്കിലോ എന്നൊക്കെ ഓർത്തു പോയി. ബഷീറിനു മാത്രം കഴിയുന്ന എഴുത്തിന്റെ മായാലോകത്തിന്റെ ഒരു തെളിവു കൂടിയാണ് 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്'. അദ്ദേഹത്തിന്റെ ഭാഷയും എടുത്തു പറയേണ്ടത് തന്നെ. മലബാർ മുസ്‌ലിം സംഭാഷണ ശൈലിയും ഇൗ പുസ്തകത്തിന് മധുരം വർദ്ധിപ്പിക്കുന്നു. 
വായിച്ച് കഴിഞ്ഞിട്ടും ബുക്ക്മാർക്ക് ചെയ്ത പലതും വീണ്ടും വീണ്ടും എടുത്ത് നോക്കിയതും ആ മധുരം വിട്ടുപോകാഞ്ഞിട്ടാവാം. 

Genuinely, it was an amazing read.


Friday, July 31, 2020

ഒരു കുടയും കുഞ്ഞുപെങ്ങളും


മലയാളത്തിന്റെ ചാൾസ് ഡിക്കെൻസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മുട്ടത്ത് വർക്കിയുടെ ഒരു മാസ്റ്റർ പീസ് രചന. ബാലസാഹിത്യമെന്ന നിലയിൽ പുകഴ്ത്തപ്പെട്ടെങ്കിലും തീർച്ചയായും പ്രായഭേദമന്യേ ഏതു വായനക്കാരന്റെ ഉള്ളിലും ഒരു കുഞ്ഞു നൊമ്പരം സൃഷ്ടിക്കാൻ കഴിവുള്ള നോവൽ.

 നിഷ്കളങ്കമായ ബാല്യത്തിന്റെ നിദർശനമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. സ്നേഹവും ദേഷ്യവും പിണക്കവും എല്ലാം മറയില്ലാതെ കാണിച്ചിരുന്ന  ബാല്യത്തിന്റെ ഒരു നേർക്കാഴ്ച. ഇതിൽ, മുഖംമൂടികളില്ലാതെ ജീവിച്ചിരുന്ന ഒരു ചെറുപ്പകാലം വരച്ചിടാൻ മുട്ടത്ത് വർക്കിക്ക് അനായാസം കഴിഞ്ഞു. രണ്ടു കുട്ടികളുടെ ബാല്യകാലം ആസ്പദമാക്കി എഴുതിയ ഒരു നോവൽ ആണിത്. അവരുടെ ബാല്യവും വളർന്നുവരുന്ന സാഹചര്യങ്ങളുമാണ് ഇതിവൃത്തം.

തന്റെ കുഞ്ഞിപെങ്ങൾ ലില്ലിയെ കുടയിൽ കയറ്റാതെ പോയ, സ്വർണ നിറവും കയ്യിൽ സ്വർണവളകളുമുള്ള പൂമംഗലത്തെ ഗ്രേസിയോടുള്ള ബേബിയുടെ പ്രതികാരത്തിലാണ് കഥ ആരംഭിക്കുന്നത്. ധനികയായ ഗ്രേസിയുടെ തലയിൽ കല്ല് എറിഞ്ഞ് കൊള്ളിച്ച് പിന്നീടുണ്ടാകാൻ പോകുന്ന കാര്യങ്ങളെ ഭയന്ന് നാട് വിടുകയാണ് ബേബി എന്ന കുഞ്ഞാങ്ങള. എന്നാൽ അതിന് മുൻപ് തന്റെ പെങ്ങളുടെ അടുത്ത് വന്ന് ഇച്ചാച്ചാൻ തിരിച്ച് വരുമ്പോൾ കുടയുമായി വരും എന്ന് വാഗ്ദാനം ചെയ്താണ്‌ ബേബി ഇറങ്ങി പോവുന്നത്.
കഥ പുരോഗമിക്കുമ്പോൾ മാതാപിതാക്കൾ ചെറുപ്പത്തിലേ നഷ്ടപ്പെട്ട് പേരമ്മയുടെ (മാമിതള്ളയുടെ) സംരക്ഷണത്തിൻ കീഴിലായിരുന്ന ലില്ലി, അവരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടു വിട്ടിറങ്ങുന്നു. അവൾ ചെന്നെത്തുന്നത് ജോൺ എന്ന മഹാമനസ്കനായ ഡോക്ടറിന്റെ അടുത്താണ്. അവിടുത്തെ രണ്ടു കുട്ടികളുടെ ഒപ്പം എല്ലാ സുഖസൗകര്യങ്ങളുടെയും നടുവിൽ ലില്ലി വളരുമ്പോഴും ആ പെൺകുട്ടി തന്റെ ഇച്ചാച്ചനുവേണ്ടി കാത്തിരുന്നു. 

അതേസമയം കുഞ്ഞിപ്പെങ്ങൾക്ക് കുട വാങ്ങാൻ, ബേബി പലപല ജോലികൾ മാറിമാറി ചെയ്തു. ഒടുവിൽ അവൻ പണിക്കുനിന്ന ഹോട്ടലിലെ യജമാനൻ ഇറക്കിവിട്ട്‌ വഴിയോരത്തിരുന്ന് കരയുമ്പോൾ പണ്ടൊരിക്കൽ ബേബി സഹായിച്ച സൗധാമിനി എന്ന യുവതി അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ ബേബി വീട്ടുജോലിക്കാരനായി കഴിയുന്നു. അകാലത്തിൽ തനിക്കു നഷ്ടപ്പെട്ട കുഞ്ഞനുജന്റെ സ്ഥാനത്ത് അവൾ ബേബിയെ കാണുന്നു. പോലീസിനെ ഭയന്ന് നാട് വിട്ടതിനാൽ ബേബി പേര് ബാലൻ എന്നാക്കിമാറ്റിയിരുന്നു. സംഗീതാധ്യപികയായ സൗധാമിനി, ഡോക്റ്റർ ജോണിന്റെ വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ നൽകാൻ പോകുന്നുണ്ട്. 
അങ്ങനെയിരിക്കെ ഒരു ദിവസം മോഷണക്കുറ്റം ആരോപിച്ച് ബാലൻ എന്ന് വിളിക്കപ്പടുന്ന ബേബിയെ സൗധാമിനി പുറത്താക്കുന്നു. പിന്നീട് ബാലന്റെ ശരിയായ പേരും വീടുവിട്ടു പോന്ന കാര്യവുമെല്ലാം അവർ അറിയുന്നു. 
പിന്നീടൊരു സാഹചര്യത്തിൽ ബേബിയെ കണ്ടുകിട്ടുന്നവർക്ക്‌ പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് ജോൺ ഡോക്ടർ നൽകിയ ഒരു പത്രപരസ്യം സൗധാമിനി കാണുന്നു. അവർ അങ്ങനെ സത്യം  തിരിച്ചറിയുന്നു.

പിന്നീട് പഠനത്തിനു ശേഷം ഡോക്ടർ ആയിത്തീരുന്ന ബേബി, ജോണിന്റെ മകളെ വിവാഹം ചെയ്യുന്നു. ലില്ലി അയാളുടെ മകനെയും.

കഥ അവസാനിക്കുമ്പോൾ പ്രശസ്തനായ ഡോക്ടർ ബേബി തന്റെ  ജീവൻ രക്ഷിച്ചതിന് പ്രതിഫലമായി, ഒരു യുവതി നോട്ടുകെട്ടുകൾ നൽകുമ്പോൾ അയാൾ അതു നിരസിച്ച് പകരം ആവശ്യപ്പെടുന്നത് ഒരു കുഞ്ഞു കുടയാണ്. തന്റെ അനുജത്തി ലില്ലിക്ക്‌ ആ കുട സമ്മാനിക്കുമ്പോളാണ് ലില്ലി അറിയുന്നത്, പണ്ടൊരിക്കൽ തന്നെ കുടയിൽ കയറ്റാതെ പോയ ഗ്രേസിയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന്. 

മുട്ടത്ത് വർക്കി വളരെ ചെറിയ ഒരാശയമാണ് പറഞ്ഞുവയ്ക്കുന്നതെങ്കിലും അതിന്റെ ആഴപ്പരപ്പുകൾ വലുതാണ്. 
ചെറിയ ക്ലാസ്സിൽ ഈ നോവലിന്റെ ചില ഭാഗങ്ങൾ പഠിക്കുമ്പോൾ ഉള്ളിൽ തങ്ങിയ ചില കാര്യങ്ങൾക്കപ്പുറം ഇപ്പോൾ ഇത് വായിക്കുമ്പോൾ ബാല്യത്തിന്റെ നിഷ്കളങ്കതയും ലാളിത്യവും ഒക്കെ മനസ്സിൽ നിറയുന്നു. ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ താളലയങ്ങൾ ഇതിൽ കാണാം. മുട്ടത്ത് വർക്കി  വരച്ചിടുന്ന ഈ ചിത്രം മനോഹരമായ ഒരു പോർട്ടെയ്റ്റായി വായനക്കാരന് അനുഭവവേദ്യമാകുന്നു.

Tuesday, July 21, 2020

Kollappatti Daya by G. R. Indugopan (കൊല്ലപ്പാട്ടി ദയ- നിരൂപണം )





16 ചെറുകഥകളുടെ സമാഹാരമാണ് "കൊല്ലപ്പാട്ടി ദയ". ഇൗ ലോകത്തെ തിരുത്തിപ്പണിയാൻ പ്രേരിപ്പിക്കുന്ന കഥകളെന്ന് കഥാകൃത്തുതന്നെ ആമുഖം നൽകിയ ഒരു പുസ്തകം. ആ പരിചയപ്പെടുത്തലിനോട്  നീതി പുലർത്തുന്നവയായിരുന്നു ഇതിൽ ഇതിലുൾപ്പെടുത്തിയിരുന്ന എല്ലാ ചെറുകഥകളും. 
ആദ്യമായാണ് ജി ആർ ഇന്ദുഗോപന്റെ ഒരു പുസ്തകം വായിക്കുന്നത്. ഒഴുക്കുള്ള എഴുത്താണ് ഇദ്ദേഹത്തിന്റെ രചനകളുടെ  പ്രത്യേകത. കാരൂരിന്റെ  എഴുത്തിനോട് സാമ്യംതോന്നിക്കുന്ന അവതരണശൈലി. വായനക്കാരനെ മുഷിപ്പിക്കാത്ത എഴുത്ത്. അതുകൊണ്ടുതന്നെ ഒറ്റയിരിപ്പിന് എന്നവണ്ണമാണ്‌ "കൊല്ലപ്പാട്ടി ദയ" വായിച്ചുതീർത്തത്. വളരെ ലളിതമായ കഥപറച്ചിൽകൊണ്ടു തന്നെ അനായാസമായ വായനാനുഭവമാണ്  ആസ്വാദകന് ഇത് തരുന്നതും.

വളരെ ചെറിയ ഒരു പുസ്തകമാണെങ്കിലും ഇത് സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുന്ന ആശയത്തിന്റെ ആഴങ്ങൾ കാമ്പുള്ളവയാണ്‌. ചട്ടമ്പി സദ്യ, ലോഡ്ജിൽ പോലീസ്, എലിവാണം, വില്ലൻ, കൊല്ലപ്പാട്ടി ദയ തുടങ്ങിയ ചെറുകഥകളിലൂടെ  ജി ആർ ഇന്ദുഗോപൻ സമൂഹ മനസാക്ഷിയുടെ പ്രതിധ്വനിയാവുന്നു.

Alpha by T. D. Ramakrishnan Review (ആൽഫ; നിരൂപണം )





ആൽഫ എന്ന ദ്വീപിലേക്ക് നരവംശത്തിന്റെ പുതുസാധ്യതകളെ തേടി ഇരങ്ങിതിരിക്കുന്ന 13 പേരുടെ കഥയാണിത്. പല രംഗത്തുനിന്നുള്ള പലർ. 
സദാചാരത്തിന്റെയും കാപട്യത്തിന്റെയും മുഖംമൂടികൾക്കപ്പുറത്ത് സ്വതന്ത്രമായ ഒരു സംസ്കാരവും പൈതൃകവും വളർത്താനാണ് അവർ ശ്രമിച്ചത്.
പ്രൊഫസർ ഉപലേന്ദു ചാറ്റർജി എന്ന ആന്ത്രപ്പോളജിസ്റ്റിന്റെ ചിന്തയിൽ ഉദയം ചെയ്ത ഈ ആശയം പലയിടങ്ങളിൽ നിന്നും പലരിലേക്കും വിനിമയം ചെയ്യപ്പെടുകയായിരുന്നു. 25 വർഷങ്ങൾക്ക് ശേഷം പരസ്പരസംവേദനങ്ങൾ ഇല്ലാതെയും തങ്ങൾ നേടിയ അറിവുകൾ അല്പം പോലും പ്രയോഗത്തിൽ വരുത്താതെയുമുള്ള ഒരൊറ്റപ്പെട്ട ദ്വീപിലെ ജീവിതം  പാശ്ചാത്യനാടുകളിലേതുപോലെയുള്ള പുരോഗമനം പ്രദാനം ചെയ്യുമെന്ന് അവർ വിശ്വസിച്ചു.  പിന്നീട്, ഉപലേന്ദു ചാറ്റർജിയുടെ മുൻ നിർദ്ദേശപ്രകാരം 
അവരെ തേടി 25 വർഷങ്ങൾക്ക് ശേഷം ഒരു കപ്പൽ കരയ്ക്കടുക്കുമ്പോൾ അവരിൽ അവശേഷിച്ചത് മൂന്നുപേർ മാത്രം; മാലിനി, സന്തോഷ്, ഊർമിള. അവരിലൂടെയാണ് ഇൗ പരീക്ഷണം പുറംലോകമറിയുന്നത്.  ഈ പരീക്ഷണം തികച്ചും പരാജയമായിരുന്നെന്നും ആൽഫയിലെ പുതിയ തലമുറ വളർന്നു വന്നത് പ്രാകൃതരായാണെന്നും അവർ തിരിച്ചറിയുന്നു. ഒടുവിൽ, തങ്ങൾ അവശേഷിപ്പിച്ച തലമുറയിലെ ബാക്കിയുള്ളവരെ തേടി അവർ തിരികെ ആൽഫയിലേക്ക് മടങ്ങുന്നു.

ആശയത്തിലെ പുതുമ തീർച്ചയായും "ആൽഫ"യെ വേറിട്ടു നിർത്തുന്നു. പക്ഷേ എവിടെയൊക്കെയോ ചില പതര്‍ച്ചകൾ "ആൽഫ"യുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട് . ചിലയിടങ്ങളിലെ ആശയാവർത്തനം വിരസതയായി മാറി. പ്രൊഫസർ നെ കുറിച്ചുള്ള ചില വിവരണങ്ങളും അവിടുത്തെ കുട്ടികളുടെ ജീവിതസാഹചര്യങ്ങളും എല്ലാം പലവട്ടം ആവർത്തിക്കപ്പെട്ടു. ആശയ ക്രോഡീകരണത്തിൽ സംഭവിച്ച പാകപ്പിഴകൾ ചിലയിടങ്ങളിൽ ഇതിനെ ഒരു അസംഭവ്യമായ രചനയാക്കി മാറ്റിയോ എന്നു തോന്നിപ്പോയി. വലിയ ഒരാശയം സംവേദനം ചെയ്യാൻ കഥാകൃത്ത് കാണിച്ച തിടുക്കമാകാം ഇതിനെ അവിശ്വസനീയമാക്കി തീർത്തത് എന്നു തോന്നുന്നു.

Saturday, July 18, 2020

മോണോലോഗ്‌

 
അല്പം വൈകിയാണ് അവൾ അന്നു എഴുന്നേറ്റത്. 
ഇല്ല, പേഴ്സണൽ മെസ്സേജസ്‌ ഒന്നും വന്നിട്ടില്ല. ഉണ്ടാവുക, ഏതെങ്കിലും ചില ഗ്രൂപ്പ്സിലെ ഗുഡ് മോണിഗ് മെസ്സേജസ്‌ മാത്രം ആയിരിക്കും. അറിയാം. എങ്കിലും ചെയ്ത് ശീലിച്ച ഒരു കാര്യം മാറ്റാൻ കഴിയാഞ്ഞിട്ടെന്നപോലെ വാട്ട്സ്അപ് തുറന്നു. എന്നത്തേയും പോലെതന്നെ. മാറ്റമൊന്നുമില്ല.  

'കണ്ണ് ഒരല്പം ഇടുമിച്ചിട്ടുണ്ടല്ലോ.' കണ്ണാടിയിൽ നോക്കിക്കൊണ്ട് അവൾ ആത്മഗതം ചെയ്തു. ഏയ് അത്രയ്ക്കൊന്നും ഇന്നലെ കരഞ്ഞില്ല. തിക്കിക്കേറിയ ചില ഓർമകളാൽ തിടുക്കപ്പെട്ട് ഉറന്നുകൂടിയ കണ്ണുനീർ അവൾ തുടച്ചു. ഇതെന്താണ്, കെട്ടിയിട്ട അനുസരണയില്ലാത്ത ഒരാട്ടിൻകുട്ടിയെ  അഴിച്ചുവിട്ടാലെന്നപോലെ. ആ നീലക്കണ്ണുകൾ പിന്നെയും നിറഞ്ഞു..കവിളിലൂടെ ഒഴുകിയിറങ്ങി.

 'പക്ഷേ ഒരു രസമുണ്ട് ഇങ്ങനെ കണ്ണാടിയിൽ നോക്കി നിന്നു കരയാൻ'. ആരോടോ വാശി തീർക്കുമ്പോലെ കുറച്ചു നേരം കൂടെ അവൾ അവിടെ നിന്നു.

"അമ്മൂ, എന്തെടുക്കാ നീ അവടെ.  ഉച്ചയാവാണ്ട് എണീക്കില്ല. അതെങ്ങനെയാ രാത്രി പെണ്ണിന് ഒറക്കം വേണ്ടെ."
അമ്മ അടുക്കളയിൽ നിന്നു വിളിച്ച് ചോദിച്ചു. ഒരലസതയോടെ കണ്ണു തുടച്ചുകൊണ്ട് അവൾ‌ അടുക്കളയിലേക്ക് നടന്നു. 

"ഇന്നലെ എപ്പഴാ നീ കിടന്നെ. രാത്രി വൈകിയും റൂമിൽ ലൈറ്റ് ഉണ്ടായല്ലോ. ഫോണും നോക്കി ഇരിക്കാവും. ഉറക്കമില്ലല്ലോ. നീ മുഖം കഴുകീട്ട്‌ വന്ന് ഇൗ തേങ്ങ ഒന്ന് ചിരണ്ടിത്തന്നെ."

"ങും"
 മറ്റൊന്നും പറയാതെ അവൾ പുറത്തേക്ക് നടന്നു. അമ്മ ചോദിക്കുമെന്ന് കരുതി എന്താ കണ്ണ് വീങ്ങിയിരിക്കുന്നതെന്ന്. എന്നാൽ അതുണ്ടായില്ല. നനഞ്ഞ മുഖത്തോടെ തേങ്ങ ചിരവാൻ ഇരിക്കുമ്പോൾ മനസ്സിൽ വേറെ എന്തൊക്കെയോ ആയിരുന്നു. 
കണ്ണ് ഒന്നു നിറഞ്ഞോ. അല്ല, എന്താ കരയാനാ ഭാവം. അതിനു സമയമുണ്ട്. ഇപ്പൊ അല്ല. കരയരുത്.
പണിപ്പെട്ട് അവൾ കണ്ണീരു നിയന്ത്രിച്ചു.
ചിരകിയ തേങ്ങ എടുത്ത് അമ്മയുടെ കയ്യിൽ കൊടുത്ത് മുറിയിലേക്ക് നടക്കുമ്പോൾ അമ്മ വിളിച്ച് ചോദിച്ചു.

 "എന്താ പറ്റിയെ നിനക്ക്."

"ഏയ്, ഒന്നുമില്ല..."

 അമ്മയുടെ മറുചോദ്യത്തിന് നിൽക്കാതെ അവൾ നടന്നു.

'ഒന്നുമില്ല'. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ള നുണ അത് തന്നെയാവും. 'ഒന്നുമില്ല'. പലപ്പോഴും ഞാൻ എന്നെയും  പറഞ്ഞു പറ്റിച്ചിട്ടുള്ള നുണ. എന്താ ഞാൻ മാത്രം ഇങ്ങനെ. വല്ല ഉത്തരവുമുണ്ടോ.  
 ഒരല്പം ഉച്ചത്തിലായിപോയി അത്. അയ്യോ, അമ്മയെങ്ങാനും കേട്ടോ. ഇല്ല, അമ്മ അടുക്കളയിൽ തന്നെയാണ്. 

ഇൗ സംഭാഷണം പതിവുള്ളതാണ്. മറ്റാരോടുമല്ല. തന്നോട് തന്നെ. അല്ല, വേറാരോട് പറയാൻ. കേൾക്കാൻ കേൾവിക്കാർ കുറവുള്ളപ്പോൾ മോണോലോഗ് തന്നെയാണ് നല്ലത്. അതാവുമ്പോ പരാതികളില്ല. കേട്ടു മടുത്തെന്ന പരിഭവം ഇല്ല. ആരുടെയും സമയത്തിനായി താമസിക്കയും വേണ്ട.

ഒരു ചിരി അവളുടെ മുഖത്ത് വിടർന്നു. ഇൗ ചിരി പലപ്പോഴും പരിഹാസമാവാറുണ്ട്. തന്നോടുതന്നെയുള്ള പരിഹാസം. 

പല്ല് തേച്ച്‌കൊണ്ട് മുറ്റത്തുകൂടെ നടക്കുമ്പോൾ ശാന്തേച്ചിയെ കണ്ടു. 

"ആഹാ, എന്താ മോളെ വളരെ നേരത്തെയാണല്ലോ."

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഉലാത്തുമ്പോൾ ഓർത്തു; ഒരു പക്ഷെ എന്നെ ഒരല്പം സ്നേഹത്തോടെ കാണുന്ന ഒരാൾ. 

"അല്ല ശാന്തേച്ചി ഇതെവിടേക്കാ."
 കേട്ടില്ല. ചേച്ചി നടന്നു കഴിഞ്ഞു. 
ശാന്തേച്ചിയാണ് ഇടക്കൊക്കെ കാണുമ്പോൾ വിശേഷം ചോദിക്കാറുള്ളത്. അതിൽ എവിടെയൊക്കെയോ ഒരു വാത്സല്യവുമുണ്ട്. 


"നിനക്ക് അറിയോ ഷേരു അതാരാന്ന്. എവടെ, എങ്ങനെ അറിയാൻ. നമ്മുക്ക് കഴിപ്പും ഉറക്കോം കഴിഞ്ഞ് സമയം വേണ്ടെ. ഒരെലിയെ പിടിക്കണോങ്കിൽ  വല്ല എലിപ്പെട്ടീം വേണ്ടിവരും. അല്ലാതെ നിന്നെക്കൊണ്ട് നടക്കില്ലല്ലോ."

"മ്യാവൂ"

"കരയണ്ട. ഉള്ള കാര്യാ പറഞ്ഞെ. പിന്നെ.. Dont get upset if I reveal something... you are adopted!

"ങ്യവൂ..."

"ആ... അതുതന്നെ! ശാന്തേച്ചിയുടെ സമ്മാനം. എന്നോച്ചാ കളയാൻ കൊണ്ടോയപ്പോ അമ്മേടെ കയ്യും കാലും പിടിച്ച് വാങ്ങിക്കൊണ്ട് വന്നതാ."

പിണങ്ങിയിട്ടാണോ എന്തോ ആ പൂച്ചക്കുട്ടി വാലും പൊക്കി ഓടിക്കഴിഞ്ഞു.


പല്ല് തേപ്പ് ഒക്കെ കഴിഞ്ഞ് അവൾ കഴിക്കാനായി അടുക്കളയിലേക്ക് നടന്നു. 
"ഇന്നും ദോശയാണോ അമ്മേ."

"അല്ല, നിനക്ക് ഉണ്ടാക്കിക്കൂടെ വേണ്ടത്. കൊച്ചു  കുട്ടിയൊന്നുമല്ലല്ലോ."
കണ്ണ് ഉയർത്തി ഒന്നു നോക്കിയതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല. 

ഹോസ്റ്റൽ വിട്ടു വീട്ടിലേക്ക് വരുമ്പോൾ സത്യം പറഞ്ഞാൽ ഒരു മടുപ്പാണ്‌. ഒരു വിരസത. അവൾ ഓർത്തു.

കൂടെയുള്ള കുട്ടികളൊക്കെ കരഞ്ഞ് കണ്ണ് കലങ്ങി ഇരിക്കുന്നത്‌ കണ്ടപ്പോൾ ഹോസ്റ്റലിലെ ആദ്യ ദിവസം അവൾക്ക് ചിരിയാണ് വന്നത്. പക്ഷെ ദേവികയെ   ഹോസ്റ്റലിലാക്കി തിരിച്ചുനടക്കവേ അവളുടെ അമ്മ കണ്ണ്  തുടയ്ക്കുന്നത്‌ കണ്ടപ്പോൾ മാത്രം എവിടെയോ ഒന്നിടറി. ആ അമ്മ വിങ്ങലൊതുക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ആ ചിത്രം നെഞ്ചിലെവിടെയോ ഒരു കനം പോലെ തൂങ്ങി.
പണ്ടൊരിക്കെ ഒരു കെഎസ്സ്ആർടിസി ബസിൽ ഇരിക്കുമ്പോൾ ഒാപ്പോസിറ്റ് സീറ്റിൽ ഇരിക്കുന്ന ഒരു അച്ഛനെയും മകളെയും കണ്ടു. ഒരുപക്ഷേ ആ കുട്ടി ദൂരെ എവിടെയോ നിന്ന് പഠിക്കുകയാവണം. കാരണം കയ്യിൽ ഒരു വലിയ ബാഗുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി അച്ഛന്റെ മടിയിൽ തല വച്ച് കിടക്കുകയാണ്. ആ മനുഷ്യൻ ദൂരെ എവിടെയോ നോക്കിക്കൊണ്ട് അവളുടെ തലയിൽ തലോടുന്നു. അവളെ പിരിഞ്ഞിരിക്കണമെന്ന ദുഃഖമാകും ഒരുപക്ഷേ അയാളുടെ ഉള്ളിൽ... അറിയില്ല. 

എന്തായാലും ഇപ്പോൾ തോന്നിയ ആ കനം അന്നും നെഞ്ചിനുള്ളിൽ അനുഭവപ്പെട്ടിരുന്നു. കണ്ഠത്തിലെവിടെയോ ഒരു ഭാരം പോലെ.
എന്തുകൊണ്ടാണ് ഇത്തരം കാഴ്ചകൾ ഇൗ പത്തൊൻപതുകാരിയുടെ ഉള്ളിൽ ഒരു വേദന ഉളവാക്കുന്നത്‌..?
എന്തോ ഒരു ശൂന്യത ഇപ്പോഴും തന്നെ ഭരിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.

ഒഴിവു സമയങ്ങളിലെ വീട്ടുകഥകളിൽ പലർക്കും അച്ഛന്റെ കരുതലും വീട്ടിലെ കളിചിരികളുമെല്ലാം പറയാനുണ്ടായിരുന്നപ്പോൾ അവളുടെ ഓർമകൾ നിറം മങ്ങിയവയായിരുന്നു. കഴിഞ്ഞ ഓണത്തിന് അച്ഛന്റെ ഒപ്പം ഡ്രസ്സ് വാങ്ങാൻ പോയത് ഓർക്കുന്നു. അന്ന്, 'ഇപ്പൊ വരാം നീ ഡ്രസ്സ് നോക്കിക്കോ' എന്ന് പറഞ്ഞ് പോയ അച്ഛൻ തിരികെ വന്നത് എത്രയോ നേരം കഴിഞ്ഞ്. സെലക്ട് ചെയ്ത ഡ്രസ്സ് കയ്യിൽ പിടിച്ച് കുറെ നേരം അവിടെ നിന്നു. പിന്നീട് ഒരു സ്റ്റാഫ് വന്ന്  അവിടെ മാറ്റിയിരുത്തി, അര മണിക്കൂറോ മറ്റോ; പോകുന്നവർക്കും വരുന്നവർക്കും ഒരു കാഴ്ചയായി. അതുമല്ല, പച്ചക്കറി വാങ്ങാൻ, മീൻ വാങ്ങാൻ എന്നൊക്കെ പറഞ്ഞ് പോകുന്ന അച്ഛൻ വരുന്നതുവരെ എറ്റിഎംമ്മിന്റെ മുന്നിലും ചായപ്പീടികകളുടെ മുന്നിലും ഒക്കെ നിന്നത് എത്രവട്ടം. പരിചയക്കാരുടെ  'എന്താ ഇവിടെ തനിച്ച് നിൽക്കുന്ന'തെന്ന ചോദ്യങ്ങൾക്ക് മുൻപിൽ  പലപ്പോഴും കണ്ഠമിടറിയിരുന്നു.

സ്നേഹത്തോടെ അവരെന്നോട് സംസാരിച്ച കാലം മറന്നു. ജീവിക്കാനുള്ള തിരക്ക്. അമ്മയോടെങ്ങാനും ഒരുമ്മ ചോദിച്ചാൽ 'നിനക്ക് വേറെ ഒരു പണീം ഇല്ലെ' എന്നാണ് പതിവു മറുപടി.
 വീട്ടിനകത്തും പുറത്തുമുള്ള പല കാര്യങ്ങളും അറിയുന്നത് മറ്റുള്ളവർ പറഞ്ഞ്. എന്തെങ്കിലും ചോദിച്ചാൽ 'എനിക്കറിയില്ല' എന്ന ഒരുത്തരമേ കേട്ടിട്ടുള്ളൂ. ജോലിത്തിരക്കിനിടയിൽ പറയാൻ സമയമില്ല പോലും. അല്ലെങ്കിൽ ഒരുപക്ഷേ, ഇതൊക്കെ പറയാൻമാത്രം ഒരു പ്രധാനപ്പെട്ട ആളാണ് ഞാൻ എന്ന് തോന്നിയിട്ടുണ്ടാവില്ല അമ്മയ്ക്ക്.
അതുകൊണ്ട് ഇപ്പൊ പലതും ചോദിക്കാറില്ല എന്നുതന്നെ പറയാം. ഉത്തരം എനിക്കു തന്നെ ഊഹിക്കാവുന്ന സ്ഥിതിക്ക് ഒരു ചോദ്യം പാഴാക്കണ്ട ആവശ്യമില്ലല്ലോ.

അമ്മയും അച്ഛനും പുറത്ത് തന്നെയുണ്ട്. ഏതോ പരിചയക്കാരോട് വർത്താനത്തിലാണ്. ജനലിന്റെ അഴിയിലൂടെ ഒന്നു പാളി നോക്കി. ഇല്ല അവരുടെ മുഖത്ത് വിഷമം ഒന്നുമില്ല.

കൂടെയുള്ള പല കുട്ടികളും കരയുന്നുണ്ട്. എവിടെയെങ്കിലും ചെറിയൊരു സങ്കടം ഉണ്ടോ. അവളൊന്നു കരയാൻ ശ്രമിച്ചു നോക്കി. ഏയ് ഇല്ല. സത്യത്തിൽ സന്തോഷമാണ് ഹോസ്റ്റലിലേക്ക് വന്നതിൽ. കോളേജിൽ ജോയിൻ ചെയ്യുമ്പോഴെങ്കിലും ഹോസ്റ്റലിൽ നിൽക്കണമെന്നാണ് ആഗ്രഹിച്ചത്. വീട്ടിൽ നിന്നൊന്ന് മാറി നിൽക്കുക, അത്രയുമെ ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടോ വീട് ഒരു സഫോകേഷൻ ആയി മാറിയിരുന്നു. 'Im not belonging here' എന്നൊരു തോന്നൽ എന്നുമുണ്ടായിരുന്നു. ചിലപ്പോളൊക്കെ അത് അമ്മയോട് പറഞ്ഞിട്ടുമുണ്ട്. 

"അല്ല അമ്മേ ഞാൻ ഇൗ വീട്ടിലെ അല്ലേ. നിങ്ങൾക്ക് ഞാൻ ഒന്നുമല്ലാത്ത പോലെ.."
 ഗൗരവം മുഖത്ത് വരുത്തിയാണ് ചോദിച്ചത്. പക്ഷെ എന്തോ, ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. പതിവു തമാശയ്ക്ക്‌ ഇനി ചിരിക്കാൻ വയ്യന്നുള്ള രീതിയിൽ ഒരു പരിഹാസച്ചിരി. 
അന്ന് പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന  അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് അവൾ എഴുന്നേറ്റു പോന്നു. ബാത്ത്റൂം കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം കഴുകുമ്പോൾ ആ ക്ലോറിൻ വെള്ളത്തിൽ ഒരല്പം ഉപ്പും കലർന്നിരുന്നു. കണ്ണീരിന്റെ മണമുള്ള ഉപ്പ്.

ചിന്തകൾ കാടുകയറുകയാണ്. ഇൗ നിമിഷത്തിൽ നിന്നു കൊണ്ടാണ് കുറേ വർഷങ്ങൾ പിന്നിലേക്ക് മനസ്സ് പാഞ്ഞത്. ചായ തണുത്തു കഴിഞ്ഞു. യാന്ത്രികമായി ദോശ വായിലേക്ക് വയ്ക്കുമ്പൊഴും തിരികെ വരാൻ സമ്മതിക്കാതെ ഓർമകൾ എവിടെയൊക്കെയോ അലഞ്ഞു നടന്നു. 

ഹോസ്റ്റൽ ജീവിതമാണ് എന്നെ ഇത്രയെങ്കിലും ബോൾഡ് ആക്കിയത്. സംസാരിക്കാൻ പഠിച്ചത് പോലും അതിൽപ്പിന്നെയാണ്. മുൻപൊക്കെ രണ്ടുപേരുടെ മുന്നിൽ നിന്ന് സംസാരിക്കേണ്ടി വന്നാൽ മുട്ടിടിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല. ഹോസ്റ്റൽ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു. 
രണ്ടു മാസം മുൻപു കോളജിൽ നടത്തിയ വർക്ക്‌ഷോപിൽ പേപ്പർ പ്രസെന്റ് ചെയ്തത് ഓർക്കുന്നു. ആശാ മിസ്സ് ഉൾപ്പെടെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. പക്ഷെ വീട്ടിൽ പറഞ്ഞപ്പോൾ മാത്രം ഒരു തണുപ്പൻ പ്രതികരണമായിരുന്നു. 

'കൊള്ളാം.. എന്നിട്ട് എല്ലാവരും എന്തു പറഞ്ഞു'വെന്ന് മാത്രം ചോദിച്ചു. 

'പിന്നെയുണ്ടല്ലോ അമ്മേ' എന്ന് പറഞ്ഞ് പിന്നാലെ ചെന്നപ്പോൾ, 'എനിക്ക് ഇപ്പൊ പണിയുണ്ട്, പിന്നെവെല്ലോം പറയ്‌' എന്ന് പറഞ്ഞ് പോവുകയായിരുന്നു. നിന്നനില്പിൽ കരയാനാണ് തോന്നിയത്. സ്തംഭിച്ച് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അന്ന് വൈകിട്ടും അമ്മയ്ക്ക് തിരക്കുകളായിരുന്നു.

തൊട്ടടുത്തിരുന്ന ഫോൺ ശബ്ദിച്ചപ്പോഴാണ് അവൾ ചിന്തവിട്ട്‌ എഴുന്നേറ്റത്. 
ആഹാ പതിവ് ആൾ തന്നെ...

"Aswathy, atleast please do reply. Please understand me. I don't know how much i love u."

രാഹുൽ. സീനിയർ ആണ്. ബി കോം തേർഡ് ഇയർ. ഞാൻ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തത് രണ്ടോ മൂന്നോ മാസം തൊട്ടു തുടങ്ങിയതാണ് പുള്ളിക്ക് അനശ്വരമായ പ്രണയം.  അത്ര അപാര പ്രപ്പോസൽ ഒന്നുമായിരുന്നില്ല. 

"അശ്വതി, ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടമാണ്. എന്നോച്ചാ.. ഇൗ പുറമെ കാണുന്ന സൗന്ദര്യം ഒന്നുമല്ല. തന്റെ ക്യാരക്ടർ. കൂടെ കൂട്ടിയാ ലൈഫ് ജോളിയാരിക്കുമെന്ന്‌ തോന്നി. ക്ലീഷെ ഡയലോഗ്സാണെന്ന് എന്നറിയാം. പക്ഷെ ഇൗ പറഞ്ഞതെല്ലാം സത്യമാണ്." 

ഓർത്തു നോക്കുമ്പോൾ ചിരി വരുന്നു.  കപ്പിൽ ബാക്കിയുള്ള ചായയും കുടിച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു. 

"ചേട്ടാ, സത്യം പറഞ്ഞാ, ഞാൻ ഇൗ പ്രണയത്തിൽ ഒന്നും  വിശ്വസിക്കുന്നില്ല. ഇപ്പൊ ചേട്ടന് ഇൗ തോന്നിയതൊക്കെ നാളെ കുറച്ചൂടെ ഭംഗീം ക്യാരക്ടെരും ഒക്കെ ഒളള ഒരാളെ കാണുമ്പോ മാറാനുള്ളതെ ഒള്ളൂ."

മിണ്ടാതെ അന്ന് തിരിഞ്ഞു നടക്കുമ്പോ ഇതൊക്കെ  പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും പറയാൻ ധൈര്യം വന്നില്ല. ആ വൈകുന്നേരം കോളജിന്റെ പടികൾ ഇറങ്ങുമ്പോൾ ചങ്ക്‌ നന്നായി മിടിക്കുന്നുണ്ടായിരുന്നു. ലിയ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു.
"എടീ ആ ചേട്ടൻ പോയിട്ടില്ല. അവടെ തന്നെ നിൽക്കാ. പാവം."

അവളെ രണ്ട് ചീത്തയും പറഞ്ഞ് പിടിച്ച് വലിച്ച് കൊണ്ട് പോരുമ്പോൾ സത്യത്തിൽ കുറച്ച് പേടി ഉണ്ടായിരുന്നു. സീനിയർ ആണ്. പ്രശ്നമാക്കുമോ എന്നൊക്കെ. ലിയയോട് പറഞ്ഞപ്പോൾ അവളാണ് പറഞ്ഞത്, പണ്ട് രാത്രി ഏതോ ചെട്ടൻമരോക്കെ പ്രേമം മൂത്ത് പ്രേമിക്കുന്ന പെണ്ണിന്റെ പേര് ഹോസ്റ്റലിന്റെ താഴെ നിന്ന് വിളിച്ച് പറഞ്ഞിട്ടുണ്ടെന്ന്. പിന്നെയത് കോളജിൽ പാട്ടാവും. ഏതൊക്കെയോ ചേച്ചിമാരോക്കെ അങ്ങനെ ഫെയ്മസ് ആയിട്ടുണ്ട് പോലും. ആശ്വസിപ്പിക്കാൻ വിളിച്ചത് ഇതിനെയാണല്ലോ എന്നോർത്തപ്പോൾ നല്ല ദേഷ്യമാണ്‌ തോന്നിയത്. 
"ഇനിയിപ്പോ നീയും ഫേമസ് ആവുല്ലോ. അപ്പോ ഞങ്ങളെ ഒക്കെ മറക്കാതിരുന്നാ മതി."

ഒരടിയും കൊടുത്ത് അവളെ എണീപ്പിച്ചു വിട്ടപ്പോഴും ചെറിയ ടെൻഷൻ ഇല്ലാതിരുന്നില്ല. ഇനിയെങ്ങാനും...

പക്ഷെ ഒന്നുമുണ്ടായില്ല. കാര്യമായ ശല്യം പോലും. രണ്ട് ആഴ്ച കഴിഞ്ഞ് ഒരിക്കെ വൈകിട്ട്, ലൈബ്രറിയിൽ നിന്ന് ഇറങ്ങുമ്പോൾ മാത്രം മുന്നിൽ വന്നുനിന്നു ചോദിച്ചു. 

"അന്ന് ഞാൻ പറഞ്ഞ കാര്യം.."

"അത്..എനിക്ക്... താല്പര്യമില്ല."

"അല്ല, പോകാൻ വരട്ടെ. കാരണം കൂടെ പറഞ്ഞിട്ട് പോ."

"എനിക്ക് അറിയില്ല... ചേട്ടൻ ഇനിയിത് ചോദിക്കാൻ വരണ്ട. എനിക്ക് താല്പര്യമില്ല. സോറി."

പതറിയ ആ മുഖം കണ്ടപ്പോ സഹതാപം തോന്നിയിരുന്നു. അതിനപ്പുറം മറ്റൊരു വികാരവും തോന്നിയിരുന്നില്ലതാനും.

 അന്ന് കൊണ്ട് തീർന്നെന്നാണ് വിചാരിച്ചത്.  പക്ഷെ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. എവിടെ തിരിഞ്ഞാലും രാഹുലിനെ കാണുമെന്നായി. കോളേജ് ഫങ്ഷന്‌ ഓഡിറ്റോറിയത്തിൽ ഇരിക്കുമ്പോ മൂന്നോ നാലോ സീറ്റ്‌ പിറകിൽ, ലൈബ്രറിയിൽ പോയാലവിടെ, ബ്രേക്കിന് പുറത്തിറങ്ങിയാൽ അവിടെ. കുറച്ച് നാളായി എവിടുന്നോ നമ്പർ ഒപ്പിച്ച് ഇപ്പൊ വാട്സ്അപിലും വന്ന് തുടങ്ങി. 

ആഹ്.. ഒരു പാവം കാമുകനല്ലെ. മറുപടിയില്ലാത്ത മെസ്സേജിങ്ങിൽ എന്തെങ്കിലും സംതൃപ്തി കണ്ടെത്തുന്നുണ്ടെങ്കിൽ ആയിക്കോട്ടെ. എത്ര നാൾ കാണും. കൂടി വന്നാൽ കോളജിൽ നിന്ന് പോകുന്ന വരെ.അല്ലെങ്കിൽ വേറെ ഒരു പ്രമഭാജനത്തെ കണ്ടെത്തും വരെ. 


"ങ്യാവൂ.."
"എന്താ ഷേരൂ.."
 കുറുമ്പിപ്പെണ്ണ് വാലും ആട്ടി വന്ന് നിൽക്കുന്നു കട്ടിലിനു താഴെ.

അവള് കിന്നരിച്ചുകൊണ്ട് മടിയിൽ ചാടിക്കേറി. ഹോസ്റ്റലിൽ ചെല്ലുമ്പോൾ ആകെ മിസ്സ് ചെയ്യുന്നൊരു ജീവിയാണ് ഇത്. ഇഷ്ടമില്ലാഞ്ഞിട്ട്‌ കൂടി മാസത്തിൽ ഒരിക്കെ വീട്ടിൽ വരുന്നതും ഇതിനെ കാണാനാണ്. 
ഇന്നെന്താ പെണ്ണിന് കുറുമ്പ് കുറച്ച് കൂടുതൽ ആണല്ലോ. 
ഒന്ന് രണ്ടു തലോടലിനുള്ളിൽ അവൾ ഉറങ്ങിക്കഴിഞ്ഞു. 

ഫോൺ എടുത്ത് വീണ്ടും പരതുന്നതിന് ഇടയിലാണ് പഴയൊരു ചിത്രം കണ്ണിൽ പെട്ടത്. അമ്മയുടെ ഒക്കത്തിരുന്ന് കരയുന്ന കുഞ്ഞശ്വതി. നാലോ അഞ്ചോ വയസ്സ് കാണും. ഏതോ കല്യാണ വീട്ടിൽ വച്ച് എടുത്തതാണ്. കരയുന്നത് എനിക്ക് പനിയാണ് എന്ന് പറഞ്ഞിട്ട്. പനിയൊന്നുമില്ല തോന്നുന്നതാ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴാണ്  ആ ഫോട്ടോ എടുത്തത്. അന്ന് ഞാൻ എത്ര തളർന്നിരുന്നെന്ന് ഓർക്കുമ്പോൾ ഇപ്പഴും വിഷമം വരാറുണ്ട്. ഇൗ.. ആന്തരിക മുറിവ് എന്നൊക്കെ പറയില്ലേ...അത്.
അമ്മയോട് ഒരിക്കെ ഇതു പറഞ്ഞപ്പോ എന്തു ചെയ്തിട്ടും വിശ്വസിക്കുന്നില്ല.
'പിന്നേ, പത്തു പതിനഞ്ചു കൊല്ലം മുൻപൊള്ളതൊക്കെ ഇപ്പഴും ഓർത്തിരിക്കുവല്ലെ. നീ വെറുതെ പറയണതാവും' എന്നൊക്കെ പറഞ്ഞു.

അറിയില്ല...അന്ന് ആ ചെറുപ്രായത്തിലും അവഗണനയുടെ വേരുകൾ എന്നിൽ കുഞ്ഞു മുറിവുകൾ സൃഷ്ടിച്ചിരുന്നു. ഇന്ന് അതു കുറേക്കൂടി വളർച്ച പ്രാപിച്ചിട്ടുണ്ട് എന്നുമാത്രം. 

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ എഴുന്നേറ്റു.

"നീ എന്താ ഇൗ നോക്കുന്നെ, കുറെ നേരമായല്ലോ."
അലമാരയിൽ എന്തോ പരതുന്നതിനിടയിൽ അമ്മ ചോദിച്ചു.

"ഒരു സർട്ടിഫിക്കറ്റ്."

"എന്ത് സർട്ടിഫിക്കറ്റ്? വല്ല സ്കോളർഷിപ്പിനും അപ്ലൈ ചെയ്യാനാണോ."

"ആ...അതെ."
ആ വാക്കുകൾ വിറയ്ക്കുന്നുണ്ടയിരുന്നു.

അമ്മ എങ്ങോട്ടോ മാറിയ നേരം കൊണ്ട് അവൾ അത് തപ്പിയെടുത്തു. ഒരു ദീർഘ നിശ്വാസത്തിനൊപ്പം ആ കവിളുകൾ വിറകൊണ്ടു. കൺപീലികൾ ആർദ്രമായി. 

"ബർത് സർട്ടിഫിക്കറ്റോ. ഇതെന്തിനാ?"

അവളുടെ കയ്യിൽ നിന്ന് അത് വാങ്ങുമ്പോഴാണ് ആ നനഞ്ഞ കണ്ണുകൾ അമ്മ ശ്രദ്ധിച്ചത്. 

"എന്താ അമ്മു, എന്തിനാ കരയുന്നത്."

"ഒന്നുമില്ല."

...Child of preetha KM and Krishna Kumar...

കൂടുതൽ ചോദിച്ചപ്പോൾ അവൾ അതു ചൂണ്ടിക്കാണിച്ചുകൊടുത്തു.

"ഇതിനിപ്പോ എന്താ."
അവർക്ക് ഒന്നും മനസിലായില്ല. ബർത് സർട്ടിഫിക്കറ്റിൽ തന്റെയും കൃഷ്ണേട്ടന്റെയും പേര് കാണിച്ചു തന്നിട്ടാണ് കരച്ചിൽ. ഇതിലിപ്പോ എന്താ ഇത്ര കരയാൻ.

"ഒന്നുമില്ലമ്മേ. ഞാൻ വേറെ എന്തൊക്കെയോ ഓർത്ത്... അമ്മ പൊയ്ക്കോ."
"ഇൗ പെണ്ണിന് ഇത് എന്തൊക്കെയാണോ!"
അവർ നടന്നുകഴിഞ്ഞു. 

എടുത്ത സർട്ടിഫിക്കറ്റ് തിരികെ വച്ച് നടക്കുമ്പോൾ ഉള്ളിൽ എന്തൊക്കെയോ കത്തിയെരിയുന്നുണ്ടായിരുന്നു. 

 അപ്പോൾ അഡോപ്റ്റെഡ് അല്ല. അനാഥയല്ല എന്ന്! മേൽവിലാസം ഇൗ വീട് തന്നെ.  ഡയറിയിൽ എന്തോ കുത്തിക്കുറിക്കുന്നതിനിടയിൽ അവൾ ഓർത്തു. 
ആശ്വാസത്തിന്റെ നിശ്വാസങ്ങൾക്കപ്പുറം കാരണമറിയാത്ത ഒരു നോവ് അപ്പോഴും അവളുടെ ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരുന്നു. സ്വന്തമായിട്ടും അന്യയായി ജീവിക്കേണ്ടി വന്നതിന്റെ നോവ്. 
എന്തു കൊണ്ടാണ് അച്ഛനോ അമ്മയോ  ഒരിക്കലും എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്. തിരക്ക് പിടിച്ച ജീവിതത്തിനിടയ്ക്ക് ഒരൽപ സമയമെങ്കിലും എനിക്കു വേണ്ടി മാറ്റി വയ്ക്കാൻ തയ്യാറാകാത്തത്. എന്തുകൊണ്ടാവാം  എല്ലാവരും ഉണ്ടായിട്ടും തനിയെ ജീവിക്കാൻ ഞാൻ വിധിക്കപ്പെട്ടത്....
കുഴഞ്ഞുമറിഞ്ഞ ചിന്തകൾക്കൊടുവിൽ അന്ന് ഉറങ്ങിയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു.

പിറ്റേന്ന് അമ്മയുടെ വിളി കേട്ടുകൊണ്ടാണ് അവള് ഉണർന്നത്. 
"അമ്മു, സമയം ഇതെത്രയായെന്നറിയോ. കോളജിൽ പോവണ്ടെ നിനക്ക്."
"ഇല്ല"
"ഇല്ലെന്നോ. എന്തേ..."
"പോകുന്നില്ല. എനിക്ക് വയ്യ. നല്ല തലവേദനയുണ്ട്."

അമ്മ പിന്നേയും എന്തൊക്കെയോ  പറയുന്നുണ്ടായിരുന്നു. അവളപ്പോൾ മറ്റേതോ ലോകത്തായിരുന്നു. അവൾക്കായി മറ്റുള്ളവർ സൃഷിച്ചു നൽകിയ ഏതോ ലോകത്ത്.
ഉണ്ട്.. ഇന്നലെത്തേതിലും കൺതടം വീങ്ങിയിട്ടുണ്ട്.

"നീ കഴിക്കാൻ വരുന്നില്ലേ." 
വീട്ടിലെ ക്ലോക്ക് സമയം പത്തര കാണിച്ച് ചലിച്ചുകൊണ്ടിരുന്നു.

"ഇല്ല, ഇപ്പൊ വിശക്കുന്നില്ല."

അന്നുച്ചയ്ക്കും അവളൊന്നും കഴിച്ചില്ല.  വിശപ്പൊക്കെ പഴയ ഏതോ ഓർമ്മപോലെയായിരിക്കുന്നു. പകരം കഴിക്കാൻ വിളിക്കുമ്പോൾ അവളിപ്പോൾ പൊട്ടിത്തെറിക്കുകയാണ്.

"എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ! "

വെറുതെയിരുന്നപ്പോൾ അവൾ ഫോൺ കയ്യിലെടുത്തു.
ഇല്ല, ഫോണിൽ വേറെ നോട്ടിഫിക്കേഷൻസ് ഒന്നും വന്നിട്ടില്ല. ചാറ്റ്സിലെ ആ അൺസേവ്‌ഡ് നമ്പർ അവൾ വീണ്ടും എടുത്ത് നോക്കി - രാഹുൽ. 

ഒരു പക്ഷെ അയാൾ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടാവുമോ. മറുപടിയില്ലാതിരുന്നിട്ടും വീണ്ടും അയാൾ അയയ്ക്കുന്ന മെസ്സേജസിന് ഒരുപക്ഷേ നിഷ്കളങ്കമായ സ്നേഹത്തിന്റെ പ്രതിച്ഛായ ഉണ്ടാകുമോ. 

ലാസ്റ്റ് മെസ്സേജ് രണ്ടു ദിവസം മുൻപാണ്. അവൾ അതൊരിക്കൽ കൂടി എടുത്തു വായിച്ചു. മൂന്നു നാലു ദിവസങ്ങൾക്കിപ്പുറം ആ ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി വിടർന്നു. ഒരു പക്ഷെ എന്റെയീ റിബൽ ക്യാരക്ടർ ഒക്കെ മാറ്റിവച്ച് അയാളെ ഒന്നു സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് സന്തോഷിക്കാൻ ഒരു കാരണമെങ്കിലും ഉണ്ടാകുമായിരുന്നു. സ്നേഹിക്കാൻ, ഒന്നു തുറന്നു സംസാരിക്കാൻ ഒരാളെങ്കിലും ആകുമായിരുന്നു. 
ലിയ അന്ന് പറഞ്ഞത് ഓർക്കുന്നു. രാഹുൽ ഒരു നല്ലയാളാണ്. ഡിപ്പാർട്ട്മെന്റിലെ പ്രധാന സുമുഖൻ. ഒന്നുമില്ലെങ്കിലും ആളൊരു മാന്യനാണ്.

പക്ഷെ എന്റേത് വെറും റിബൽ ക്യാരക്ടർ മാത്രമാണോ. എന്റെ ചിന്താഗതികളിൽ അല്പം പോലും യുക്തിയില്ലേ...
വികാരവും വിവേകവും  തമ്മിലുള്ള പിടിവലിയിൽ പ്രജ്ഞ നഷ്ടപ്പെട്ടവളായി അവൾ ഇരുന്നു.

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ അവൾ കോളേജിൽ പോയില്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ വല്ലാത്ത ദേഷ്യം. 

3 Missed calls from Liya.
അത് കണ്ടുകൊണ്ടാണ് അമ്മു അന്ന് വൈകിട്ട് ഉറക്കം വിട്ടെഴുന്നേറ്റത്‌. 

"ആ.. ലിയാ.. പറയ്.."
ലിയയുടെ നമ്പർ അങ്ങേ തലയ്ക്കൽ ശബ്ദിച്ചു നിന്നപ്പോൾ അവൾ ചോദിച്ചു.

"നീ ഇതെന്താ, കോളജിൽ വന്നിട്ട്‌ കുറേ ദിവസമായല്ലോ. കഴിഞ്ഞ ദിവസമൊക്കെ എത്ര വട്ടം ഞാൻ വിളിച്ചു. നീ എന്താ ഫോൺ എടുക്കാതിരുന്നത്."

"അത്...എനിക്ക് വയ്യായിരുന്നു."

"എന്താ പനിയാ?"

"ങും.."

"ആ പിന്നെ നീ അറിഞ്ഞോ. നമ്മുടെ രാഹുൽ ഇല്ലേ, സീനിയർ. പുള്ളിക്ക് വേറെ ആളായെന്ന് പറഞ്ഞു കേട്ടു. ഫസ്റ്റ് കെമിസ്ട്രിയിലെ ഒരു കുട്ടി."

"ങും"

"എന്തോ ആതിര എന്നോ മറ്റോ ആണ് പേര്.
നീ കേൾക്കുന്നുണ്ടോ പറയുന്നത്."

"ങും.."

"പിന്നെ...ഇനിയെന്നാ നീ കോളജിലേക്ക്?"

"അറിയില്ല. ഞാൻ നിന്നെ പിന്നെ വിളിക്കാം. എനിക്ക് നല്ല ക്ഷീണമുണ്ട്."

"ങും..ശരി."

ഫോണിൽ ലിയയുടെ ശബ്ദം നിലച്ച് വീണ്ടും തന്റെ നിശ്ശബ്ദതയിലേക്ക് തിരിച്ചുവരുമ്പോൾ ജീവിതത്തിന് ചില ശ്രുതി മാറ്റങ്ങളൊക്കെ വന്നു തുടങ്ങുന്നത് അവൾ തിരിച്ചറിയുകയായിരുന്നു. ഒന്നിനോടും ഒരു താല്പര്യമില്ല, ആരോടും ഒന്നും സംസാരിക്കണമെന്നില്ല. അമ്മയോ അച്ഛനോ വല്ലതും ചോദിച്ചാൽ എന്തെന്നില്ലാത്ത ദേഷ്യം. ഭക്ഷണം കഴിക്കണമെന്നില്ല, ഉറങ്ങണമെന്നില്ല. രാവും പകലുമൊക്കെ ഉത്തരം കിട്ടാത്ത ഏതോ ചില സമസ്യകൾ മനസ്സിനെ വട്ടം കറക്കുന്നു. ജീവിക്കാനും മാത്രം യുക്തിസഹമായ കാരണങ്ങൾ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒന്നിനും ഒരർത്ഥമില്ലാത്തപോലെ.

ഏതോ ഒരു നീറ്റൽ. ഇല്ല, പുറമെ മുറിവുകളൊന്നും കാണാനില്ല. എന്നാൽ എവിടെയൊക്കെയോ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്, ഒരുപക്ഷേ ഉണങ്ങാൻ വിഷമമായ കുറേ മുറിവുകൾ ;
ഏകാന്തതയുടെ തടവറ തനിക്കു സമ്മാനിച്ചവ. 
നിറം മാറിത്തുടങ്ങിയ സന്ധ്യയിൽ പുറത്തെ ഇരുട്ടിനൊപ്പം അവളുടെ ഉള്ളിലെയും തമസ്സിനു കട്ടി കൂടിക്കൂടി വന്നു. കനം വച്ച ആ അന്തരീക്ഷത്തിൽ അവൾക്ക് ശ്വാസം മുട്ടുന്നതായിതോന്നി. ഇത്ര വലിയ ലോകത്തിൽ താൻ ഒറ്റപ്പെട്ടതു പോലെ. 

മനുഷ്യൻ ഒരു വല്ലാത്ത ജീവി തന്നെ. അവൻ ഇൗ പുറമെ കാണിക്കുന്ന വികാര പ്രകർഷങ്ങളൊന്നും അവന്റെ ഉള്ളിൽ നിന്നു വരുന്നവയല്ല. ചില മുഖംമൂടികൾ ക്കു പിന്നിലുള്ള നാട്യങ്ങൾ. ഏതോ ചില വെളളക്കുമിളകൾക്ക്‌ പിന്നാലെ ഓടുന്നവർ. ജീവിക്കാനുള്ള തത്രപ്പാടാണ് പോലും. കൂടെയുള്ള ജീവിതങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടോ? ഉരുവാക്കിയ അതേ ആത്മാവിനെ ചിതയിലേക്ക് തള്ളിവിട്ടു കൊണ്ടോ?.. 

ഒരുപാടു ചോദ്യങ്ങൾ അവൾക്ക് മുന്നിൽ അവ്യക്തമായി തെളിഞ്ഞു. ജീവിതം ഒരു പ്രഹേളികയായി മാറിയിരിക്കുന്നു.
ഉത്തരം കിട്ടാത്ത ഇൗ ചോദ്യങ്ങൾക്ക് മുന്നിൽ, ഉണ്ട് തന്റെ അടി പതറുന്നുണ്ട്. തന്നെത്തന്നെ മനസ്സിലാവാത്തതുപോലെ അവൾക്ക് തോന്നി. മനസ്സിലുണ്ടായിരുന്ന ശൂന്യത മുഴുവൻ ഒരാൾരൂപം പ്രാപിച്ചതുപോലെ. ജീവിതം മുഴുവനായി തന്റെ മുന്നിൽ വന്ന് വെല്ലുവിളി ക്കുന്നതുപോലെ. തിരിച്ചുകയറാൻ പറ്റാത്ത വണ്ണം എന്തോ ചില കുടുക്കുകളൊക്കെ കാലിൽ വലിയുന്നു. 

ഒരുപക്ഷേ ഒന്നുറക്കെ കരയണമെന്നുണ്ട്. അതിനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരിക്കുന്നു. നിശ്ശബ്ദത മാത്രമാണ് ഇപ്പോൾ കൂട്ട്. ചെറിയ ശബ്ദങ്ങൾ കൂടി വലിയ അസ്വസ്ഥതകൾ ഉള്ളിൽ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. 
ചോദ്യങ്ങൾ മറ്റു ചില ചിന്തകൾക്ക് വഴി മാറുന്നു.

ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയും ഏകാന്തതയുടെ നിശ്ശബ്ദതയിൽ അവൾ എന്തൊക്കെയോ അന്വേഷിച്ചു കൊണ്ടിരുന്നു. ജീവിതത്തിന് ഇന്ന് വരെയും മറുപടി നൽകാൻ കഴിയാത്ത എന്തോ ചിലത്.

Wednesday, July 15, 2020

ശവമഞ്ചം

ഇന്ന്  പകൽ  കാറിൽ  എസിയും  ഓൺ  ആക്കി, ഹെഡ്സെറ്റും  ചെവീല്   വച്ച്  അങ്ങനെ  ഇരിക്കുമ്പോ  കണ്ടു ...ഒരു  ശവമഞ്ചം . ഏതോ  ഒരു  മരത്തിന്റെ  ശവവും  എന്തിപ്പോകുന്ന ഒരു  ശവമഞ്ചം. വലിയ  ഒരു  മരം . ഒരു  തടി മാത്രമേ  ആ  വണ്ടീല്   കേറ്റിയിട്ടുള്ളു.
"കാലപ്പഴക്കമുണ്ട് ...വലുപ്പം  കണ്ടാലറിയാം". അമ്മ  പറഞ്ഞു  . ആദ്യം  തോന്നീത്  അത്ഭുതമാണ് . പിന്നെ  എവിടെയോ  മനസ്സുടക്കി.

ഇലകളില്ല, കൂടുകൂട്ടിയ  കിളികളില്ല, കാറ്റിൽ കിലുക്കാറുള്ള  പാദസരമില്ല. അറുത്തു  മുറിച്ചിരിക്കുന്നു . ഒരു  തടിക്കഷണം  മാത്രം. ശ്വാസം  നഷ്ടപ്പെട്ട്   വെറുമൊരു  തടിക്കഷണം  മാത്രമായിത്തീർന്ന  ഒരു  മരം . കടയ്ക്കൽ കോടാലി  വച്ചപ്പോൾ  അത്  കേണപേക്ഷിച്ചിട്ടുണ്ടാകുമോ  എന്നെ കൊല്ലരുതെന്ന്...നിലവിളിച്ചിട്ടുണ്ടാകുമോ  എന്റെ  കിളികൾക്കു കൂടുവെയ്ക്കാൻ മറ്റൊരിടമില്ലെന്ന് . അറിയില്ല . എന്തായാലും  മനസ്സ്  നന്നായി നൊന്തു . കൊല്ലങ്ങളായി  ആർക്കൊക്കെയോ  തണലു നൽകിയ, രാത്രി  പാർക്കാൻ കൂടൊരുക്കിയ  ഒരു  മരം. ഇനി  അതില്ല . അത്  നൽകിയ  തണലും  ഓർമ്മ  മാത്രം .ഏതോ  ധനികന്റെ ഊണുമേശയായി, അല്ലെങ്കിൽ കട്ടിലായൊക്കെ അത് രൂപാന്തരം  പ്രാപിക്കാൻ പോകുന്നു. അത് പകർന്നേകിയ പ്രാണ വായുവും നിലച്ചിരിക്കുന്നു. ആ കാട്ടിലിപ്പോൾ ബാക്കിയുണ്ടാവുക, മനുഷ്യർ  ശേഷിപ്പിച്ച, വികൃതമാക്കപ്പെട്ട, ഒരു ശവശരീരത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാകും. ഇന്ന് രാത്രിയിൽ  ഏതൊക്കെയോ  പക്ഷികൾ  പകലത്തെ ഷീണം മാറ്റാൻ മരമുത്തച്ഛനെ തേടി എത്തുമായിരിക്കാം. രാത്രികഴിക്കാൻ തീർത്തകൂട് നാമാവശേഷമായതു കണ്ട് അവർ കരയുമോ? താനിട്ട മുട്ടകൾ നിലത്തു ചിതറിക്കിടക്കുന്നത് കണ്ട്  സഹിക്കാനാകാതെ ഉള്ളുതകരുമോ?

ഇതെഴുതുമ്പോഴും ചില പരിഹാസസ്വരങ്ങൾ എനിക്ക് കേൾക്കാം." നീ ഈ നൂറ്റാണ്ടിലൊന്നുമല്ലേ ജീവിക്കുന്നെ? നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടിക്കൂടിയാണ്  ഇതെല്ലാം. പിന്നെന്തിനാ ഇത്തരമൊരു വിലകുറഞ്ഞ അനുകമ്പ?" അറിയാം, അത് കേൾക്കുന്നത് പുറത്തു നിന്നൊന്നുമല്ല, ഉള്ളിൽ നിന്നാണ്. സമൂഹത്തിനൊപ്പം ഓടിയെത്താൻ ശ്രമിക്കുന്ന എന്റെ ഹൃദയത്തിൽ നിന്ന് തന്നെ. പ്രകൃതി സ്നേഹികളായ, അല്ല അങ്ങനെ വിളിക്കപ്പെടുന്ന പലരുടേതെന്ന പോലെതന്നെ എന്റെയും ഉള്ളിൽ നിന്ന്. സ്വന്തം കാര്യം വരുമ്പോൾ ആക്ടിവിസം പെട്ടിയിൽ വച്ചുപൂട്ടുന്ന ecologists എന്ന് പേര് ചാർത്തപ്പെട്ട ചില മനുഷ്യരുടെ ഉള്ളിൽ നിന്ന്.

ഏത് പ്രകൃതിസ്നേഹിയാണ് ഒരുമരമെങ്കിലും മുറിക്കപ്പെടാതിരുന്നെങ്കിൽ എന്ന് വച്ച് വീട്ടിൽ മരത്തിന്റെ ഫർണിച്ചർ  വേണ്ടാന്ന് വക്കുക. അപ്രായോഗികംഅതാണ് ഇത്തരം "വട്ടുകൾക്ക്" സമൂഹം നല്കാൻ പോകുന്ന മറുപടി. ശരി, നിങ്ങൾ ഒരു മരം മുറിച്ചുകൊള്ളു. പകരം രണ്ടെണ്ണം വെയ്ക്കണമെന്നില്ല, ഒന്നെകിലും നട്ടുകൂടെ. 

Monday, July 13, 2020

(Mayyazhippuzhayde theerangalil by M.Mukundan; Review) 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' - നിരൂപണം


വായിക്കാൻ വളരെ വൈകിപ്പോയെന്ന ഒരു കുറ്റബോധമാണ് പുസ്തകം വായിച്ചു നിർത്തുമ്പോൾ ബാക്കിയുണ്ടായിരുന്നത്. സത്യത്തിൽ ഒന്നുരണ്ടു ദിവസം വേണ്ടിവന്നു ദാസനിൽ നിന്നും ചന്ദ്രികയിൽ നിന്നും ഗസ്തോൻ സായ്വിൽ നിന്നുമെല്ലാം ഒരു മുക്തി നേടാൻ. ചില പുസ്തകങ്ങൾ അങ്ങനെയാണ്- വായിച്ചു കഴിഞ്ഞ് നമ്മിൽ അതിൻറെ ഒരു ജീവാംശവും അവശേഷിപ്പിച്ചേ അവ പെയ്തൊഴിയൂ. "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" അങ്ങനെ ഒരു പുസ്തകമാണ്വായിച്ചു കഴിഞ്ഞ് രണ്ടു മാസങ്ങൾക്കിപ്പുറം ഇതെഴുതുമ്പോഴും ദാസനും ചന്ദ്രികയും ഗസ്തോൻ സായ്വും മയ്യഴിയിലെ  വെള്ളിയാംകല്ലിന്റെ കാല്പനികതയും  ഒക്കെ കണ്മുൻപിൽ കണ്ടതുപോലെ.

മലയാള സാഹിത്യത്തിൽ, വാക്കുകൾ കൊണ്ട് ചിത്രങ്ങൾ മെനയാൻ കെല്പുള്ള അപൂർവ്വം ചില സാഹിത്യകാരന്മാരിൽ  ഒരാളാണ് എം മുകുന്ദൻ. "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" അതിന് ഏറ്റവും വലിയ തെളിവാണ്. ഒരു ചലച്ചിത്രമെന്നപോലെയാണ്, അദ്ദേഹം വരച്ചിടുന്ന ചിത്രങ്ങൾ വായനക്കാരന്റെ ഉള്ളിൽ ഇടം പിടിക്കുക.

സ്വാതന്ത്ര്യത്തിന്  മുൻപുള്ള സാഹചര്യങ്ങളെ ആസ്പദമാക്കി എഴുതിയ നോവലാണിത്ചരിത്രത്തിനൊപ്പം ചില ജീവിതങ്ങളും ഇതിൽ ഇതിവൃത്തമാകുന്നു. ദാസന്റെ ജനനത്തിലൂടെ തുടങ്ങിവയ്ക്കുന്ന ചിത്രം പൂർത്തിയാകുന്നതും ദാസനിലൂടെതന്നെ

അറിവിന് വേണ്ടിയുള്ള തൃഷ്ണ ചെറുപ്പത്തിലേ എരിഞ്ഞ ചെറുപ്പക്കാരന്റെയുള്ളിൽ അസ്തിത്വതിന്റെ ചോദ്യങ്ങൾ  ഉയരുമ്പോഴും അപൂർണ്ണതയ്ക്ക് നടുവിൽ ഒരു പൂർണ്ണതയായി മുകുന്ദൻ പറഞ്ഞു നിർത്തുന്ന ചിലതുണ്ട്...വായനക്കാരന് ചിന്തയ്ക്ക് ഇടം നൽകിക്കൊണ്ട് -

ഉത്തമന്റെ ദുർമ്മരണത്തെപ്പറ്റി പലരും പലതും പറഞ്ഞു. ദൈവങ്ങൾ ശിക്ഷിച്ചതാണെന്ന് മയ്യഴിയുടെ മക്കൾ വിശ്വസിച്ചു. കുഞ്ഞനന്തൻ മാസ്റ്റർക്ക് പറയുവാൻ ഇത്രയേ ഉണ്ടായിരുന്നുള്ളൂ:

ഓൻ ആദ്യമായി തിറ കെട്ടിയതാ. ആടി പരിചയമില്ലാത്തതാ. അതവനോർത്തില്ല.”

പിന്നീട് മറ്റൊരിടത്ത് ദാസൻ പറഞ്ഞു.. മദ്യത്തെക്കാൾ ലഹരിയും മറവിയും തരുന്നതാണ് ഭക്തി.” ഇവിടെയും മുകുന്ദൻ ചിലതെല്ലാം പറഞ്ഞ് വയ്ക്കുന്നതിനപ്പുറം മറ്റു ചിലതെല്ലാം ആസ്വാദകന്റെ ആലോചനയ്ക്ക്വിടുകയാണ് ചെയ്യുന്നത്.

മയ്യഴിയുടെ മോചനത്തിനു  വേണ്ടി പരിശ്രമിച്ച് ഒടുവിൽ അതിന്റെ രാഷ്ട്രീയ വിമോചനത്തിന് ശേഷവും സ്വന്തം ജീവിതവും ഭാവിയും വലിച്ചെറിഞ്ഞ്  ദാസൻ നടത്തുന്നത് ചില വെല്ലുവിളികളാണ്... അവനവന്റെ  സ്വേഛയോടു തന്നെയുള്ള ചില വെല്ലുവിളികൾ

അനാദിയായി  പരന്നു കിടക്കുന്ന സമുദ്രതിനങ്ങേപ്പുറത്ത് വെള്ളിയാംകല്ലിൽ ഒരു തുമ്പിയായി മയ്യഴിയുടെ എല്ലാ മക്കളേയും പോലെ പ്രാണനും തുടങ്ങിയവസാനിക്കുമ്പോൾ "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" ഒരു കണ്ണുനീർ പ്രവാഹമാകുന്നു. നഷ്ടങ്ങളുടെ കഥയായി മയ്യഴി ഒഴുകി അകലുമ്പോൾ 'സ്വയം കത്തിനശിച്ച് മറ്റുള്ളവരെയും കത്തിനശിപ്പിക്കുന്ന തീ'യായി ദാസൻ മാറുകയാണ്. എന്നെ സ്നേഹിക്കുന്നവർ സൂക്ഷിക്കണമെന്ന്   അയാൾ താക്കീത് ചെയ്യുമ്പോൾ ചില ചോദ്യങ്ങൾ ആസ്വാദകനിലും ബാക്കിയാകുന്നു; ഭരതനും ലീലയും തലപുകച്ച പോലെ -

"അന്നു ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ നേരെ ദാസൻ വീട്ടിൽ പോയിരുന്നെങ്കിൽ, കണാരേട്ടൻ നൽകിയ ഏതെങ്കിലും ഒരുദ്യോഗം അയാൾ സ്വീകരിച്ചിരുന്നുവെങ്കിൽ.... എങ്കിൽ ദാസന്റെ തലവിധിതന്നെ മാറുമായിരുന്നേനെ..."

 പിന്നെയെന്തിന് ദാസൻ സ്വയമേ നശിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു.? 

ഒരൽപം നൊമ്പരവും ചില ചോദ്യങ്ങളും അവശേഷിപ്പിച്ചു കൊണ്ട് ഇൗ പുസ്തകം പറഞ്ഞുനിർത്തുമ്പോളും മലയാളസാഹിത്യത്തിന് ഒരമൂല്യ നിധിയായി "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" ഇന്നും നിറഞ്ഞൊഴുകുന്നു.