എന്തൊക്കെയോ മുൻവിധികൾ കൊണ്ട് മാറ്റി വയ്ക്കപ്പെട്ട ഒരു പുസ്തകം, ഒഴിച്ചുനിർത്തിയ ഒരു എഴുത്തുകാരി. അവിചാരിതമായി കയ്യിൽ വന്നുപെട്ടപ്പോൾ വായിക്കാൻ തുടങ്ങിയതാണ്. തുടക്കം നിർജീവമെന്നു തോന്നിയെങ്കിലും പതിയെ നീർമാതളം നിറഞ്ഞുപൂക്കുന്നത് അറിഞ്ഞു, നനുത്ത മണ്ണിന്റെ ഗന്ധത്തോടെ നീര്മാതളത്തിന്റെ പൂക്കൾ എവിടെയോ കൊഴിഞ്ഞുവീഴുന്നതറിഞ്ഞു. അവസാന താളുകൾ മറിക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകളും നനഞ്ഞിരുന്നു.
"അതിഥികളുടെ മുൻപിൽ അച്ഛനും അമ്മയും ഞങ്ങൾ കുട്ടികളും എല്ലാവരും അവനവനു വിധിക്കപ്പെട്ട വരികൾ മറക്കാത്ത നടീനടന്മാരായി മാറി. അതിഥികൾ പോയിക്കഴിഞ്ഞാൽ ഇടനാഴിയിലെ പഴകിയ കണ്ണാടിയിൽ പ്രതിഫലിച്ച എന്റെ സ്വന്തം മുഖവും നോക്കിക്കൊണ്ട് ഞാൻ ഒന്നോ രണ്ടോ നിമിഷനേരം നിൽക്കാറുണ്ടായിരുന്നു- എന്തിനെയോ തേടിക്കൊണ്ട്.”
സർവ സൗകര്യങ്ങൾക്കും നടുവിൽ കമല എന്ന കൗമാരക്കാരി അനുഭവിച്ച ഏകാന്തതയുടെ പ്രതിഫലനമായി ഈ വാക്കുകൾ. ആ വലിയ വീട്ടിൽ, വേലക്കാരുടെ
അകമ്പടിയിലും അവരെ സ്വാധീനിച്ച അപകർഷതാ ബോധം, സ്നേഹിക്കാൻ ആരുമില്ലെന്നുള്ളതായിരുന്നു.
പട്ടാളച്ചിട്ടയിൽ വളർത്തപ്പെടാൻ നിർബന്ധിക്കപ്പെട്ട ബാല്യം, വർണാഭമായ കുപ്പായങ്ങളോ മറ്റു കുട്ടികളെപ്പോലെ ഒഴിവു സമയങ്ങൾ സുഹൃത്തുക്കളുമായി പങ്കിടുവാനോ അച്ഛൻ കമലയെ അനുവദിച്ചിരുന്നില്ല. ഒരു നായ്ക്കുട്ടിയെ വാങ്ങാൻ വാശിപിടിച്ചപ്പോഴും നിരാശയായിരുന്നു ബാക്കി.
"എന്റെ പിന്നിൽ വാലാട്ടിക്കൊണ്ടു നടക്കുവാൻ ഒരു പട്ടിക്കുട്ടിയെ വില കൊടുത്തു വാങ്ങണമെന്ന് ഞാൻ കലശലായി മോഹിച്ചു....പട്ടികളുടെ സ്നേഹപ്രകടനം അവർക്ക് ഒരുതരം സുരക്ഷിതബോധം നൽകിയിരുന്നു. എന്നോട് സ്നേഹം പ്രദർശിപ്പിക്കുവാൻ മനുഷ്യനോ മൃഗമോ തയ്യാറായില്ല." - പിൽക്കാലത്തു പ്രണയത്തിന്റെ രാജകുമാരിയെന്നു വിളിക്കപ്പെട്ട കമലാസുരയ്യയുടെ വാക്കുകൾ.
നാലപ്പാട്ട് തറവാട് നൽകിയ സ്നേഹവും സുരക്ഷിതത്വവും മാത്രം അവരെ നിലനിർത്തിപ്പോന്നു. അമ്മമ്മയുടെ കരുതലിന്റെ കീഴെയൊളിക്കുവാൻ മാത്രം അവധികൾ കൽക്കത്തയിൽനിന്നും നാട്ടിലേക്കു തിരിച്ചു. എന്നാൽ ഒരിടത്തു് അവർ പറഞ്ഞുവെച്ചു.
"അമ്മാമനും പോയി, അമ്മമ്മയും പോയി, ജേഷ്ഠനും പോയി, സ്നേഹിച്ചിരുന്നവരെല്ലാം പോയി. ജീവിക്കുവാൻ കാരണങ്ങൾ വൃഥാ തേടിക്കൊണ്ട് ഞാൻ മാത്രം എല്ലാവരെയും ഓർമിച്ചു ഇന്നും ജീവിക്കുന്നു."
ഈ ബുക്കിലുടനീളം എന്നെ അതിശയിപ്പിച്ച ഒന്ന്, തന്റെ ഏകാന്തത തുറന്നുപറയുവാൻ അവർ കാണിച്ച ധൈര്യമാണ്. ഒരു തുറന്നെഴുത്താണ് 'നീർമാതളം പൂത്തകാലം'; നിഷ്കളങ്കതയുടെ, ഒറ്റപ്പെടലിന്റെ, ഗൃഹാതുരതത്തിന്റെ ഒരു തുറന്നെഴുത്ത``. വായിച്ചു തീർന്നുകഴിഞ്ഞും ഓരോ വായനക്കാരന്റെയും ഉള്ളിൽ സജീവമായി നിൽക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട്. ഒരു കൗമാരക്കാരിയുടെ വിങ്ങലുകൾ, ആശങ്കകൾ, മാധവിക്കുട്ടി വരച്ചുകാട്ടുന്നുണ്ട് . പറക്കാൻ കൊതിക്കുന്ന ഒരു പക്ഷിയെ കൂട്ടിലിട്ടാലെന്നപോലെ ചിറകിട്ടടിച്ചുമാത്രം ബാല്യം കഴിച്ച ഒരു പെൺകുട്ടി. സ്നേഹത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവൾ.
എവിടെയൊക്കെയോ, ഒരാഴ്ചക്കാലത്തേക്കുവണ്ടി മാത്രം പൂക്കുന്ന ഈ നീർമാതളം എന്നിലും വസന്തം വിടർത്തിയിരുന്നു. എവിടെയൊക്കെയോ, കമല എന്ന കൗമാരക്കാരിക്ക് എന്നോടും സാദൃശ്യം ഉണ്ടായിരുന്നു. കാരണം ഗൃഹാതുരത്തിലൊളിപ്പിച്ചു അവർ തുറന്നുകാണിച്ചത് സ്വന്തം ജീവിതമായിരുന്നു. കുറവുകളുള്ള, പോരായ്മകൾ നിറഞ്ഞ ഒരു ജീവിതം.
No comments:
Post a Comment