16 ചെറുകഥകളുടെ സമാഹാരമാണ് "കൊല്ലപ്പാട്ടി ദയ". ഇൗ ലോകത്തെ തിരുത്തിപ്പണിയാൻ പ്രേരിപ്പിക്കുന്ന കഥകളെന്ന് കഥാകൃത്തുതന്നെ ആമുഖം നൽകിയ ഒരു പുസ്തകം. ആ പരിചയപ്പെടുത്തലിനോട് നീതി പുലർത്തുന്നവയായിരുന്നു ഇതിൽ ഇതിലുൾപ്പെടുത്തിയിരുന്ന എല്ലാ ചെറുകഥകളും.
ആദ്യമായാണ് ജി ആർ ഇന്ദുഗോപന്റെ ഒരു പുസ്തകം വായിക്കുന്നത്. ഒഴുക്കുള്ള എഴുത്താണ് ഇദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത. കാരൂരിന്റെ എഴുത്തിനോട് സാമ്യംതോന്നിക്കുന്ന അവതരണശൈലി. വായനക്കാരനെ മുഷിപ്പിക്കാത്ത എഴുത്ത്. അതുകൊണ്ടുതന്നെ ഒറ്റയിരിപ്പിന് എന്നവണ്ണമാണ് "കൊല്ലപ്പാട്ടി ദയ" വായിച്ചുതീർത്തത്. വളരെ ലളിതമായ കഥപറച്ചിൽകൊണ്ടു തന്നെ അനായാസമായ വായനാനുഭവമാണ് ആസ്വാദകന് ഇത് തരുന്നതും.
വളരെ ചെറിയ ഒരു പുസ്തകമാണെങ്കിലും ഇത് സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുന്ന ആശയത്തിന്റെ ആഴങ്ങൾ കാമ്പുള്ളവയാണ്. ചട്ടമ്പി സദ്യ, ലോഡ്ജിൽ പോലീസ്, എലിവാണം, വില്ലൻ, കൊല്ലപ്പാട്ടി ദയ തുടങ്ങിയ ചെറുകഥകളിലൂടെ ജി ആർ ഇന്ദുഗോപൻ സമൂഹ മനസാക്ഷിയുടെ പ്രതിധ്വനിയാവുന്നു.
No comments:
Post a Comment