നിഷ്കളങ്കമായ ബാല്യത്തിന്റെ നിദർശനമാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. സ്നേഹവും ദേഷ്യവും പിണക്കവും എല്ലാം മറയില്ലാതെ കാണിച്ചിരുന്ന ബാല്യത്തിന്റെ ഒരു നേർക്കാഴ്ച. ഇതിൽ, മുഖംമൂടികളില്ലാതെ ജീവിച്ചിരുന്ന ഒരു ചെറുപ്പകാലം വരച്ചിടാൻ മുട്ടത്ത് വർക്കിക്ക് അനായാസം കഴിഞ്ഞു. രണ്ടു കുട്ടികളുടെ ബാല്യകാലം ആസ്പദമാക്കി എഴുതിയ ഒരു നോവൽ ആണിത്. അവരുടെ ബാല്യവും വളർന്നുവരുന്ന സാഹചര്യങ്ങളുമാണ് ഇതിവൃത്തം.
തന്റെ കുഞ്ഞിപെങ്ങൾ ലില്ലിയെ കുടയിൽ കയറ്റാതെ പോയ, സ്വർണ നിറവും കയ്യിൽ സ്വർണവളകളുമുള്ള പൂമംഗലത്തെ ഗ്രേസിയോടുള്ള ബേബിയുടെ പ്രതികാരത്തിലാണ് കഥ ആരംഭിക്കുന്നത്. ധനികയായ ഗ്രേസിയുടെ തലയിൽ കല്ല് എറിഞ്ഞ് കൊള്ളിച്ച് പിന്നീടുണ്ടാകാൻ പോകുന്ന കാര്യങ്ങളെ ഭയന്ന് നാട് വിടുകയാണ് ബേബി എന്ന കുഞ്ഞാങ്ങള. എന്നാൽ അതിന് മുൻപ് തന്റെ പെങ്ങളുടെ അടുത്ത് വന്ന് ഇച്ചാച്ചാൻ തിരിച്ച് വരുമ്പോൾ കുടയുമായി വരും എന്ന് വാഗ്ദാനം ചെയ്താണ് ബേബി ഇറങ്ങി പോവുന്നത്.
കഥ പുരോഗമിക്കുമ്പോൾ മാതാപിതാക്കൾ ചെറുപ്പത്തിലേ നഷ്ടപ്പെട്ട് പേരമ്മയുടെ (മാമിതള്ളയുടെ) സംരക്ഷണത്തിൻ കീഴിലായിരുന്ന ലില്ലി, അവരുടെ ഉപദ്രവം സഹിക്കവയ്യാതെ വീടു വിട്ടിറങ്ങുന്നു. അവൾ ചെന്നെത്തുന്നത് ജോൺ എന്ന മഹാമനസ്കനായ ഡോക്ടറിന്റെ അടുത്താണ്. അവിടുത്തെ രണ്ടു കുട്ടികളുടെ ഒപ്പം എല്ലാ സുഖസൗകര്യങ്ങളുടെയും നടുവിൽ ലില്ലി വളരുമ്പോഴും ആ പെൺകുട്ടി തന്റെ ഇച്ചാച്ചനുവേണ്ടി കാത്തിരുന്നു.
അതേസമയം കുഞ്ഞിപ്പെങ്ങൾക്ക് കുട വാങ്ങാൻ, ബേബി പലപല ജോലികൾ മാറിമാറി ചെയ്തു. ഒടുവിൽ അവൻ പണിക്കുനിന്ന ഹോട്ടലിലെ യജമാനൻ ഇറക്കിവിട്ട് വഴിയോരത്തിരുന്ന് കരയുമ്പോൾ പണ്ടൊരിക്കൽ ബേബി സഹായിച്ച സൗധാമിനി എന്ന യുവതി അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ ബേബി വീട്ടുജോലിക്കാരനായി കഴിയുന്നു. അകാലത്തിൽ തനിക്കു നഷ്ടപ്പെട്ട കുഞ്ഞനുജന്റെ സ്ഥാനത്ത് അവൾ ബേബിയെ കാണുന്നു. പോലീസിനെ ഭയന്ന് നാട് വിട്ടതിനാൽ ബേബി പേര് ബാലൻ എന്നാക്കിമാറ്റിയിരുന്നു. സംഗീതാധ്യപികയായ സൗധാമിനി, ഡോക്റ്റർ ജോണിന്റെ വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ നൽകാൻ പോകുന്നുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം മോഷണക്കുറ്റം ആരോപിച്ച് ബാലൻ എന്ന് വിളിക്കപ്പടുന്ന ബേബിയെ സൗധാമിനി പുറത്താക്കുന്നു. പിന്നീട് ബാലന്റെ ശരിയായ പേരും വീടുവിട്ടു പോന്ന കാര്യവുമെല്ലാം അവർ അറിയുന്നു.
പിന്നീടൊരു സാഹചര്യത്തിൽ ബേബിയെ കണ്ടുകിട്ടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് ജോൺ ഡോക്ടർ നൽകിയ ഒരു പത്രപരസ്യം സൗധാമിനി കാണുന്നു. അവർ അങ്ങനെ സത്യം തിരിച്ചറിയുന്നു.
പിന്നീട് പഠനത്തിനു ശേഷം ഡോക്ടർ ആയിത്തീരുന്ന ബേബി, ജോണിന്റെ മകളെ വിവാഹം ചെയ്യുന്നു. ലില്ലി അയാളുടെ മകനെയും.
കഥ അവസാനിക്കുമ്പോൾ പ്രശസ്തനായ ഡോക്ടർ ബേബി തന്റെ ജീവൻ രക്ഷിച്ചതിന് പ്രതിഫലമായി, ഒരു യുവതി നോട്ടുകെട്ടുകൾ നൽകുമ്പോൾ അയാൾ അതു നിരസിച്ച് പകരം ആവശ്യപ്പെടുന്നത് ഒരു കുഞ്ഞു കുടയാണ്. തന്റെ അനുജത്തി ലില്ലിക്ക് ആ കുട സമ്മാനിക്കുമ്പോളാണ് ലില്ലി അറിയുന്നത്, പണ്ടൊരിക്കൽ തന്നെ കുടയിൽ കയറ്റാതെ പോയ ഗ്രേസിയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന്.
മുട്ടത്ത് വർക്കി വളരെ ചെറിയ ഒരാശയമാണ് പറഞ്ഞുവയ്ക്കുന്നതെങ്കിലും അതിന്റെ ആഴപ്പരപ്പുകൾ വലുതാണ്.
ചെറിയ ക്ലാസ്സിൽ ഈ നോവലിന്റെ ചില ഭാഗങ്ങൾ പഠിക്കുമ്പോൾ ഉള്ളിൽ തങ്ങിയ ചില കാര്യങ്ങൾക്കപ്പുറം ഇപ്പോൾ ഇത് വായിക്കുമ്പോൾ ബാല്യത്തിന്റെ നിഷ്കളങ്കതയും ലാളിത്യവും ഒക്കെ മനസ്സിൽ നിറയുന്നു. ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ താളലയങ്ങൾ ഇതിൽ കാണാം. മുട്ടത്ത് വർക്കി വരച്ചിടുന്ന ഈ ചിത്രം മനോഹരമായ ഒരു പോർട്ടെയ്റ്റായി വായനക്കാരന് അനുഭവവേദ്യമാകുന്നു.
No comments:
Post a Comment