അല്പം വൈകിയാണ് അവൾ അന്നു എഴുന്നേറ്റത്.
ഇല്ല, പേഴ്സണൽ മെസ്സേജസ് ഒന്നും വന്നിട്ടില്ല. ഉണ്ടാവുക, ഏതെങ്കിലും ചില ഗ്രൂപ്പ്സിലെ ഗുഡ് മോണിഗ് മെസ്സേജസ് മാത്രം ആയിരിക്കും. അറിയാം. എങ്കിലും ചെയ്ത് ശീലിച്ച ഒരു കാര്യം മാറ്റാൻ കഴിയാഞ്ഞിട്ടെന്നപോലെ വാട്ട്സ്അപ് തുറന്നു. എന്നത്തേയും പോലെതന്നെ. മാറ്റമൊന്നുമില്ല.
'കണ്ണ് ഒരല്പം ഇടുമിച്ചിട്ടുണ്ടല്ലോ.' കണ്ണാടിയിൽ നോക്കിക്കൊണ്ട് അവൾ ആത്മഗതം ചെയ്തു. ഏയ് അത്രയ്ക്കൊന്നും ഇന്നലെ കരഞ്ഞില്ല. തിക്കിക്കേറിയ ചില ഓർമകളാൽ തിടുക്കപ്പെട്ട് ഉറന്നുകൂടിയ കണ്ണുനീർ അവൾ തുടച്ചു. ഇതെന്താണ്, കെട്ടിയിട്ട അനുസരണയില്ലാത്ത ഒരാട്ടിൻകുട്ടിയെ അഴിച്ചുവിട്ടാലെന്നപോലെ. ആ നീലക്കണ്ണുകൾ പിന്നെയും നിറഞ്ഞു..കവിളിലൂടെ ഒഴുകിയിറങ്ങി.
'പക്ഷേ ഒരു രസമുണ്ട് ഇങ്ങനെ കണ്ണാടിയിൽ നോക്കി നിന്നു കരയാൻ'. ആരോടോ വാശി തീർക്കുമ്പോലെ കുറച്ചു നേരം കൂടെ അവൾ അവിടെ നിന്നു.
"അമ്മൂ, എന്തെടുക്കാ നീ അവടെ. ഉച്ചയാവാണ്ട് എണീക്കില്ല. അതെങ്ങനെയാ രാത്രി പെണ്ണിന് ഒറക്കം വേണ്ടെ."
അമ്മ അടുക്കളയിൽ നിന്നു വിളിച്ച് ചോദിച്ചു. ഒരലസതയോടെ കണ്ണു തുടച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.
"ഇന്നലെ എപ്പഴാ നീ കിടന്നെ. രാത്രി വൈകിയും റൂമിൽ ലൈറ്റ് ഉണ്ടായല്ലോ. ഫോണും നോക്കി ഇരിക്കാവും. ഉറക്കമില്ലല്ലോ. നീ മുഖം കഴുകീട്ട് വന്ന് ഇൗ തേങ്ങ ഒന്ന് ചിരണ്ടിത്തന്നെ."
"ങും"
മറ്റൊന്നും പറയാതെ അവൾ പുറത്തേക്ക് നടന്നു. അമ്മ ചോദിക്കുമെന്ന് കരുതി എന്താ കണ്ണ് വീങ്ങിയിരിക്കുന്നതെന്ന്. എന്നാൽ അതുണ്ടായില്ല. നനഞ്ഞ മുഖത്തോടെ തേങ്ങ ചിരവാൻ ഇരിക്കുമ്പോൾ മനസ്സിൽ വേറെ എന്തൊക്കെയോ ആയിരുന്നു.
കണ്ണ് ഒന്നു നിറഞ്ഞോ. അല്ല, എന്താ കരയാനാ ഭാവം. അതിനു സമയമുണ്ട്. ഇപ്പൊ അല്ല. കരയരുത്.
പണിപ്പെട്ട് അവൾ കണ്ണീരു നിയന്ത്രിച്ചു.
ചിരകിയ തേങ്ങ എടുത്ത് അമ്മയുടെ കയ്യിൽ കൊടുത്ത് മുറിയിലേക്ക് നടക്കുമ്പോൾ അമ്മ വിളിച്ച് ചോദിച്ചു.
"എന്താ പറ്റിയെ നിനക്ക്."
"ഏയ്, ഒന്നുമില്ല..."
അമ്മയുടെ മറുചോദ്യത്തിന് നിൽക്കാതെ അവൾ നടന്നു.
'ഒന്നുമില്ല'. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ള നുണ അത് തന്നെയാവും. 'ഒന്നുമില്ല'. പലപ്പോഴും ഞാൻ എന്നെയും പറഞ്ഞു പറ്റിച്ചിട്ടുള്ള നുണ. എന്താ ഞാൻ മാത്രം ഇങ്ങനെ. വല്ല ഉത്തരവുമുണ്ടോ.
ഒരല്പം ഉച്ചത്തിലായിപോയി അത്. അയ്യോ, അമ്മയെങ്ങാനും കേട്ടോ. ഇല്ല, അമ്മ അടുക്കളയിൽ തന്നെയാണ്.
ഇൗ സംഭാഷണം പതിവുള്ളതാണ്. മറ്റാരോടുമല്ല. തന്നോട് തന്നെ. അല്ല, വേറാരോട് പറയാൻ. കേൾക്കാൻ കേൾവിക്കാർ കുറവുള്ളപ്പോൾ മോണോലോഗ് തന്നെയാണ് നല്ലത്. അതാവുമ്പോ പരാതികളില്ല. കേട്ടു മടുത്തെന്ന പരിഭവം ഇല്ല. ആരുടെയും സമയത്തിനായി താമസിക്കയും വേണ്ട.
ഒരു ചിരി അവളുടെ മുഖത്ത് വിടർന്നു. ഇൗ ചിരി പലപ്പോഴും പരിഹാസമാവാറുണ്ട്. തന്നോടുതന്നെയുള്ള പരിഹാസം.
പല്ല് തേച്ച്‌കൊണ്ട് മുറ്റത്തുകൂടെ നടക്കുമ്പോൾ ശാന്തേച്ചിയെ കണ്ടു.
"ആഹാ, എന്താ മോളെ വളരെ നേരത്തെയാണല്ലോ."
മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഉലാത്തുമ്പോൾ ഓർത്തു; ഒരു പക്ഷെ എന്നെ ഒരല്പം സ്നേഹത്തോടെ കാണുന്ന ഒരാൾ.
"അല്ല ശാന്തേച്ചി ഇതെവിടേക്കാ."
കേട്ടില്ല. ചേച്ചി നടന്നു കഴിഞ്ഞു.
ശാന്തേച്ചിയാണ് ഇടക്കൊക്കെ കാണുമ്പോൾ വിശേഷം ചോദിക്കാറുള്ളത്. അതിൽ എവിടെയൊക്കെയോ ഒരു വാത്സല്യവുമുണ്ട്.
"നിനക്ക് അറിയോ ഷേരു അതാരാന്ന്. എവടെ, എങ്ങനെ അറിയാൻ. നമ്മുക്ക് കഴിപ്പും ഉറക്കോം കഴിഞ്ഞ് സമയം വേണ്ടെ. ഒരെലിയെ പിടിക്കണോങ്കിൽ വല്ല എലിപ്പെട്ടീം വേണ്ടിവരും. അല്ലാതെ നിന്നെക്കൊണ്ട് നടക്കില്ലല്ലോ."
"മ്യാവൂ"
"കരയണ്ട. ഉള്ള കാര്യാ പറഞ്ഞെ. പിന്നെ.. Dont get upset if I reveal something... you are adopted!
"ങ്യവൂ..."
"ആ... അതുതന്നെ! ശാന്തേച്ചിയുടെ സമ്മാനം. എന്നോച്ചാ കളയാൻ കൊണ്ടോയപ്പോ അമ്മേടെ കയ്യും കാലും പിടിച്ച് വാങ്ങിക്കൊണ്ട് വന്നതാ."
പിണങ്ങിയിട്ടാണോ എന്തോ ആ പൂച്ചക്കുട്ടി വാലും പൊക്കി ഓടിക്കഴിഞ്ഞു.
പല്ല് തേപ്പ് ഒക്കെ കഴിഞ്ഞ് അവൾ കഴിക്കാനായി അടുക്കളയിലേക്ക് നടന്നു.
"ഇന്നും ദോശയാണോ അമ്മേ."
"അല്ല, നിനക്ക് ഉണ്ടാക്കിക്കൂടെ വേണ്ടത്. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ."
കണ്ണ് ഉയർത്തി ഒന്നു നോക്കിയതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല.
ഹോസ്റ്റൽ വിട്ടു വീട്ടിലേക്ക് വരുമ്പോൾ സത്യം പറഞ്ഞാൽ ഒരു മടുപ്പാണ്. ഒരു വിരസത. അവൾ ഓർത്തു.
കൂടെയുള്ള കുട്ടികളൊക്കെ കരഞ്ഞ് കണ്ണ് കലങ്ങി ഇരിക്കുന്നത് കണ്ടപ്പോൾ ഹോസ്റ്റലിലെ ആദ്യ ദിവസം അവൾക്ക് ചിരിയാണ് വന്നത്. പക്ഷെ ദേവികയെ ഹോസ്റ്റലിലാക്കി തിരിച്ചുനടക്കവേ അവളുടെ അമ്മ കണ്ണ് തുടയ്ക്കുന്നത് കണ്ടപ്പോൾ മാത്രം എവിടെയോ ഒന്നിടറി. ആ അമ്മ വിങ്ങലൊതുക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ആ ചിത്രം നെഞ്ചിലെവിടെയോ ഒരു കനം പോലെ തൂങ്ങി.
പണ്ടൊരിക്കെ ഒരു കെഎസ്സ്ആർടിസി ബസിൽ ഇരിക്കുമ്പോൾ ഒാപ്പോസിറ്റ് സീറ്റിൽ ഇരിക്കുന്ന ഒരു അച്ഛനെയും മകളെയും കണ്ടു. ഒരുപക്ഷേ ആ കുട്ടി ദൂരെ എവിടെയോ നിന്ന് പഠിക്കുകയാവണം. കാരണം കയ്യിൽ ഒരു വലിയ ബാഗുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി അച്ഛന്റെ മടിയിൽ തല വച്ച് കിടക്കുകയാണ്. ആ മനുഷ്യൻ ദൂരെ എവിടെയോ നോക്കിക്കൊണ്ട് അവളുടെ തലയിൽ തലോടുന്നു. അവളെ പിരിഞ്ഞിരിക്കണമെന്ന ദുഃഖമാകും ഒരുപക്ഷേ അയാളുടെ ഉള്ളിൽ... അറിയില്ല.
എന്തായാലും ഇപ്പോൾ തോന്നിയ ആ കനം അന്നും നെഞ്ചിനുള്ളിൽ അനുഭവപ്പെട്ടിരുന്നു. കണ്ഠത്തിലെവിടെയോ ഒരു ഭാരം പോലെ.
എന്തുകൊണ്ടാണ് ഇത്തരം കാഴ്ചകൾ ഇൗ പത്തൊൻപതുകാരിയുടെ ഉള്ളിൽ ഒരു വേദന ഉളവാക്കുന്നത്..?
എന്തോ ഒരു ശൂന്യത ഇപ്പോഴും തന്നെ ഭരിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.
ഒഴിവു സമയങ്ങളിലെ വീട്ടുകഥകളിൽ പലർക്കും അച്ഛന്റെ കരുതലും വീട്ടിലെ കളിചിരികളുമെല്ലാം പറയാനുണ്ടായിരുന്നപ്പോൾ അവളുടെ ഓർമകൾ നിറം മങ്ങിയവയായിരുന്നു. കഴിഞ്ഞ ഓണത്തിന് അച്ഛന്റെ ഒപ്പം ഡ്രസ്സ് വാങ്ങാൻ പോയത് ഓർക്കുന്നു. അന്ന്, 'ഇപ്പൊ വരാം നീ ഡ്രസ്സ് നോക്കിക്കോ' എന്ന് പറഞ്ഞ് പോയ അച്ഛൻ തിരികെ വന്നത് എത്രയോ നേരം കഴിഞ്ഞ്. സെലക്ട് ചെയ്ത ഡ്രസ്സ് കയ്യിൽ പിടിച്ച് കുറെ നേരം അവിടെ നിന്നു. പിന്നീട് ഒരു സ്റ്റാഫ് വന്ന് അവിടെ മാറ്റിയിരുത്തി, അര മണിക്കൂറോ മറ്റോ; പോകുന്നവർക്കും വരുന്നവർക്കും ഒരു കാഴ്ചയായി. അതുമല്ല, പച്ചക്കറി വാങ്ങാൻ, മീൻ വാങ്ങാൻ എന്നൊക്കെ പറഞ്ഞ് പോകുന്ന അച്ഛൻ വരുന്നതുവരെ എറ്റിഎംമ്മിന്റെ മുന്നിലും ചായപ്പീടികകളുടെ മുന്നിലും ഒക്കെ നിന്നത് എത്രവട്ടം. പരിചയക്കാരുടെ 'എന്താ ഇവിടെ തനിച്ച് നിൽക്കുന്ന'തെന്ന ചോദ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും കണ്ഠമിടറിയിരുന്നു.
സ്നേഹത്തോടെ അവരെന്നോട് സംസാരിച്ച കാലം മറന്നു. ജീവിക്കാനുള്ള തിരക്ക്. അമ്മയോടെങ്ങാനും ഒരുമ്മ ചോദിച്ചാൽ 'നിനക്ക് വേറെ ഒരു പണീം ഇല്ലെ' എന്നാണ് പതിവു മറുപടി.
വീട്ടിനകത്തും പുറത്തുമുള്ള പല കാര്യങ്ങളും അറിയുന്നത് മറ്റുള്ളവർ പറഞ്ഞ്. എന്തെങ്കിലും ചോദിച്ചാൽ 'എനിക്കറിയില്ല' എന്ന ഒരുത്തരമേ കേട്ടിട്ടുള്ളൂ. ജോലിത്തിരക്കിനിടയിൽ പറയാൻ സമയമില്ല പോലും. അല്ലെങ്കിൽ ഒരുപക്ഷേ, ഇതൊക്കെ പറയാൻമാത്രം ഒരു പ്രധാനപ്പെട്ട ആളാണ് ഞാൻ എന്ന് തോന്നിയിട്ടുണ്ടാവില്ല അമ്മയ്ക്ക്.
അതുകൊണ്ട് ഇപ്പൊ പലതും ചോദിക്കാറില്ല എന്നുതന്നെ പറയാം. ഉത്തരം എനിക്കു തന്നെ ഊഹിക്കാവുന്ന സ്ഥിതിക്ക് ഒരു ചോദ്യം പാഴാക്കണ്ട ആവശ്യമില്ലല്ലോ.
അമ്മയും അച്ഛനും പുറത്ത് തന്നെയുണ്ട്. ഏതോ പരിചയക്കാരോട് വർത്താനത്തിലാണ്. ജനലിന്റെ അഴിയിലൂടെ ഒന്നു പാളി നോക്കി. ഇല്ല അവരുടെ മുഖത്ത് വിഷമം ഒന്നുമില്ല.
കൂടെയുള്ള പല കുട്ടികളും കരയുന്നുണ്ട്. എവിടെയെങ്കിലും ചെറിയൊരു സങ്കടം ഉണ്ടോ. അവളൊന്നു കരയാൻ ശ്രമിച്ചു നോക്കി. ഏയ് ഇല്ല. സത്യത്തിൽ സന്തോഷമാണ് ഹോസ്റ്റലിലേക്ക് വന്നതിൽ. കോളേജിൽ ജോയിൻ ചെയ്യുമ്പോഴെങ്കിലും ഹോസ്റ്റലിൽ നിൽക്കണമെന്നാണ് ആഗ്രഹിച്ചത്. വീട്ടിൽ നിന്നൊന്ന് മാറി നിൽക്കുക, അത്രയുമെ ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടോ വീട് ഒരു സഫോകേഷൻ ആയി മാറിയിരുന്നു. 'Im not belonging here' എന്നൊരു തോന്നൽ എന്നുമുണ്ടായിരുന്നു. ചിലപ്പോളൊക്കെ അത് അമ്മയോട് പറഞ്ഞിട്ടുമുണ്ട്.
"അല്ല അമ്മേ ഞാൻ ഇൗ വീട്ടിലെ അല്ലേ. നിങ്ങൾക്ക് ഞാൻ ഒന്നുമല്ലാത്ത പോലെ.."
ഗൗരവം മുഖത്ത് വരുത്തിയാണ് ചോദിച്ചത്. പക്ഷെ എന്തോ, ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. പതിവു തമാശയ്ക്ക് ഇനി ചിരിക്കാൻ വയ്യന്നുള്ള രീതിയിൽ ഒരു പരിഹാസച്ചിരി.
അന്ന് പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് അവൾ എഴുന്നേറ്റു പോന്നു. ബാത്ത്റൂം കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം കഴുകുമ്പോൾ ആ ക്ലോറിൻ വെള്ളത്തിൽ ഒരല്പം ഉപ്പും കലർന്നിരുന്നു. കണ്ണീരിന്റെ മണമുള്ള ഉപ്പ്.
ചിന്തകൾ കാടുകയറുകയാണ്. ഇൗ നിമിഷത്തിൽ നിന്നു കൊണ്ടാണ് കുറേ വർഷങ്ങൾ പിന്നിലേക്ക് മനസ്സ് പാഞ്ഞത്. ചായ തണുത്തു കഴിഞ്ഞു. യാന്ത്രികമായി ദോശ വായിലേക്ക് വയ്ക്കുമ്പൊഴും തിരികെ വരാൻ സമ്മതിക്കാതെ ഓർമകൾ എവിടെയൊക്കെയോ അലഞ്ഞു നടന്നു.
ഹോസ്റ്റൽ ജീവിതമാണ് എന്നെ ഇത്രയെങ്കിലും ബോൾഡ് ആക്കിയത്. സംസാരിക്കാൻ പഠിച്ചത് പോലും അതിൽപ്പിന്നെയാണ്. മുൻപൊക്കെ രണ്ടുപേരുടെ മുന്നിൽ നിന്ന് സംസാരിക്കേണ്ടി വന്നാൽ മുട്ടിടിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല. ഹോസ്റ്റൽ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു.
രണ്ടു മാസം മുൻപു കോളജിൽ നടത്തിയ വർക്ക്‌ഷോപിൽ പേപ്പർ പ്രസെന്റ് ചെയ്തത് ഓർക്കുന്നു. ആശാ മിസ്സ് ഉൾപ്പെടെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. പക്ഷെ വീട്ടിൽ പറഞ്ഞപ്പോൾ മാത്രം ഒരു തണുപ്പൻ പ്രതികരണമായിരുന്നു.
'കൊള്ളാം.. എന്നിട്ട് എല്ലാവരും എന്തു പറഞ്ഞു'വെന്ന് മാത്രം ചോദിച്ചു.
'പിന്നെയുണ്ടല്ലോ അമ്മേ' എന്ന് പറഞ്ഞ് പിന്നാലെ ചെന്നപ്പോൾ, 'എനിക്ക് ഇപ്പൊ പണിയുണ്ട്, പിന്നെവെല്ലോം പറയ്' എന്ന് പറഞ്ഞ് പോവുകയായിരുന്നു. നിന്നനില്പിൽ കരയാനാണ് തോന്നിയത്. സ്തംഭിച്ച് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അന്ന് വൈകിട്ടും അമ്മയ്ക്ക് തിരക്കുകളായിരുന്നു.
തൊട്ടടുത്തിരുന്ന ഫോൺ ശബ്ദിച്ചപ്പോഴാണ് അവൾ ചിന്തവിട്ട് എഴുന്നേറ്റത്.
ആഹാ പതിവ് ആൾ തന്നെ...
"Aswathy, atleast please do reply. Please understand me. I don't know how much i love u."
രാഹുൽ. സീനിയർ ആണ്. ബി കോം തേർഡ് ഇയർ. ഞാൻ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തത് രണ്ടോ മൂന്നോ മാസം തൊട്ടു തുടങ്ങിയതാണ് പുള്ളിക്ക് അനശ്വരമായ പ്രണയം. അത്ര അപാര പ്രപ്പോസൽ ഒന്നുമായിരുന്നില്ല.
"അശ്വതി, ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇയാളെ ഒരുപാട് ഇഷ്ടമാണ്. എന്നോച്ചാ.. ഇൗ പുറമെ കാണുന്ന സൗന്ദര്യം ഒന്നുമല്ല. തന്റെ ക്യാരക്ടർ. കൂടെ കൂട്ടിയാ ലൈഫ് ജോളിയാരിക്കുമെന്ന് തോന്നി. ക്ലീഷെ ഡയലോഗ്സാണെന്ന് എന്നറിയാം. പക്ഷെ ഇൗ പറഞ്ഞതെല്ലാം സത്യമാണ്."
ഓർത്തു നോക്കുമ്പോൾ ചിരി വരുന്നു. കപ്പിൽ ബാക്കിയുള്ള ചായയും കുടിച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു.
"ചേട്ടാ, സത്യം പറഞ്ഞാ, ഞാൻ ഇൗ പ്രണയത്തിൽ ഒന്നും വിശ്വസിക്കുന്നില്ല. ഇപ്പൊ ചേട്ടന് ഇൗ തോന്നിയതൊക്കെ നാളെ കുറച്ചൂടെ ഭംഗീം ക്യാരക്ടെരും ഒക്കെ ഒളള ഒരാളെ കാണുമ്പോ മാറാനുള്ളതെ ഒള്ളൂ."
മിണ്ടാതെ അന്ന് തിരിഞ്ഞു നടക്കുമ്പോ ഇതൊക്കെ പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും പറയാൻ ധൈര്യം വന്നില്ല. ആ വൈകുന്നേരം കോളജിന്റെ പടികൾ ഇറങ്ങുമ്പോൾ ചങ്ക് നന്നായി മിടിക്കുന്നുണ്ടായിരുന്നു. ലിയ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു.
"എടീ ആ ചേട്ടൻ പോയിട്ടില്ല. അവടെ തന്നെ നിൽക്കാ. പാവം."
അവളെ രണ്ട് ചീത്തയും പറഞ്ഞ് പിടിച്ച് വലിച്ച് കൊണ്ട് പോരുമ്പോൾ സത്യത്തിൽ കുറച്ച് പേടി ഉണ്ടായിരുന്നു. സീനിയർ ആണ്. പ്രശ്നമാക്കുമോ എന്നൊക്കെ. ലിയയോട് പറഞ്ഞപ്പോൾ അവളാണ് പറഞ്ഞത്, പണ്ട് രാത്രി ഏതോ ചെട്ടൻമരോക്കെ പ്രേമം മൂത്ത് പ്രേമിക്കുന്ന പെണ്ണിന്റെ പേര് ഹോസ്റ്റലിന്റെ താഴെ നിന്ന് വിളിച്ച് പറഞ്ഞിട്ടുണ്ടെന്ന്. പിന്നെയത് കോളജിൽ പാട്ടാവും. ഏതൊക്കെയോ ചേച്ചിമാരോക്കെ അങ്ങനെ ഫെയ്മസ് ആയിട്ടുണ്ട് പോലും. ആശ്വസിപ്പിക്കാൻ വിളിച്ചത് ഇതിനെയാണല്ലോ എന്നോർത്തപ്പോൾ നല്ല ദേഷ്യമാണ് തോന്നിയത്.
"ഇനിയിപ്പോ നീയും ഫേമസ് ആവുല്ലോ. അപ്പോ ഞങ്ങളെ ഒക്കെ മറക്കാതിരുന്നാ മതി."
ഒരടിയും കൊടുത്ത് അവളെ എണീപ്പിച്ചു വിട്ടപ്പോഴും ചെറിയ ടെൻഷൻ ഇല്ലാതിരുന്നില്ല. ഇനിയെങ്ങാനും...
പക്ഷെ ഒന്നുമുണ്ടായില്ല. കാര്യമായ ശല്യം പോലും. രണ്ട് ആഴ്ച കഴിഞ്ഞ് ഒരിക്കെ വൈകിട്ട്, ലൈബ്രറിയിൽ നിന്ന് ഇറങ്ങുമ്പോൾ മാത്രം മുന്നിൽ വന്നുനിന്നു ചോദിച്ചു.
"അന്ന് ഞാൻ പറഞ്ഞ കാര്യം.."
"അത്..എനിക്ക്... താല്പര്യമില്ല."
"അല്ല, പോകാൻ വരട്ടെ. കാരണം കൂടെ പറഞ്ഞിട്ട് പോ."
"എനിക്ക് അറിയില്ല... ചേട്ടൻ ഇനിയിത് ചോദിക്കാൻ വരണ്ട. എനിക്ക് താല്പര്യമില്ല. സോറി."
പതറിയ ആ മുഖം കണ്ടപ്പോ സഹതാപം തോന്നിയിരുന്നു. അതിനപ്പുറം മറ്റൊരു വികാരവും തോന്നിയിരുന്നില്ലതാനും.
അന്ന് കൊണ്ട് തീർന്നെന്നാണ് വിചാരിച്ചത്. പക്ഷെ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. എവിടെ തിരിഞ്ഞാലും രാഹുലിനെ കാണുമെന്നായി. കോളേജ് ഫങ്ഷന് ഓഡിറ്റോറിയത്തിൽ ഇരിക്കുമ്പോ മൂന്നോ നാലോ സീറ്റ് പിറകിൽ, ലൈബ്രറിയിൽ പോയാലവിടെ, ബ്രേക്കിന് പുറത്തിറങ്ങിയാൽ അവിടെ. കുറച്ച് നാളായി എവിടുന്നോ നമ്പർ ഒപ്പിച്ച് ഇപ്പൊ വാട്സ്അപിലും വന്ന് തുടങ്ങി.
ആഹ്.. ഒരു പാവം കാമുകനല്ലെ. മറുപടിയില്ലാത്ത മെസ്സേജിങ്ങിൽ എന്തെങ്കിലും സംതൃപ്തി കണ്ടെത്തുന്നുണ്ടെങ്കിൽ ആയിക്കോട്ടെ. എത്ര നാൾ കാണും. കൂടി വന്നാൽ കോളജിൽ നിന്ന് പോകുന്ന വരെ.അല്ലെങ്കിൽ വേറെ ഒരു പ്രമഭാജനത്തെ കണ്ടെത്തും വരെ.
"ങ്യാവൂ.."
"എന്താ ഷേരൂ.."
കുറുമ്പിപ്പെണ്ണ് വാലും ആട്ടി വന്ന് നിൽക്കുന്നു കട്ടിലിനു താഴെ.
അവള് കിന്നരിച്ചുകൊണ്ട് മടിയിൽ ചാടിക്കേറി. ഹോസ്റ്റലിൽ ചെല്ലുമ്പോൾ ആകെ മിസ്സ് ചെയ്യുന്നൊരു ജീവിയാണ് ഇത്. ഇഷ്ടമില്ലാഞ്ഞിട്ട് കൂടി മാസത്തിൽ ഒരിക്കെ വീട്ടിൽ വരുന്നതും ഇതിനെ കാണാനാണ്.
ഇന്നെന്താ പെണ്ണിന് കുറുമ്പ് കുറച്ച് കൂടുതൽ ആണല്ലോ.
ഒന്ന് രണ്ടു തലോടലിനുള്ളിൽ അവൾ ഉറങ്ങിക്കഴിഞ്ഞു.
ഫോൺ എടുത്ത് വീണ്ടും പരതുന്നതിന് ഇടയിലാണ് പഴയൊരു ചിത്രം കണ്ണിൽ പെട്ടത്. അമ്മയുടെ ഒക്കത്തിരുന്ന് കരയുന്ന കുഞ്ഞശ്വതി. നാലോ അഞ്ചോ വയസ്സ് കാണും. ഏതോ കല്യാണ വീട്ടിൽ വച്ച് എടുത്തതാണ്. കരയുന്നത് എനിക്ക് പനിയാണ് എന്ന് പറഞ്ഞിട്ട്. പനിയൊന്നുമില്ല തോന്നുന്നതാ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴാണ് ആ ഫോട്ടോ എടുത്തത്. അന്ന് ഞാൻ എത്ര തളർന്നിരുന്നെന്ന് ഓർക്കുമ്പോൾ ഇപ്പഴും വിഷമം വരാറുണ്ട്. ഇൗ.. ആന്തരിക മുറിവ് എന്നൊക്കെ പറയില്ലേ...അത്.
അമ്മയോട് ഒരിക്കെ ഇതു പറഞ്ഞപ്പോ എന്തു ചെയ്തിട്ടും വിശ്വസിക്കുന്നില്ല.
'പിന്നേ, പത്തു പതിനഞ്ചു കൊല്ലം മുൻപൊള്ളതൊക്കെ ഇപ്പഴും ഓർത്തിരിക്കുവല്ലെ. നീ വെറുതെ പറയണതാവും' എന്നൊക്കെ പറഞ്ഞു.
അറിയില്ല...അന്ന് ആ ചെറുപ്രായത്തിലും അവഗണനയുടെ വേരുകൾ എന്നിൽ കുഞ്ഞു മുറിവുകൾ സൃഷ്ടിച്ചിരുന്നു. ഇന്ന് അതു കുറേക്കൂടി വളർച്ച പ്രാപിച്ചിട്ടുണ്ട് എന്നുമാത്രം.
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ എഴുന്നേറ്റു.
"നീ എന്താ ഇൗ നോക്കുന്നെ, കുറെ നേരമായല്ലോ."
അലമാരയിൽ എന്തോ പരതുന്നതിനിടയിൽ അമ്മ ചോദിച്ചു.
"ഒരു സർട്ടിഫിക്കറ്റ്."
"എന്ത് സർട്ടിഫിക്കറ്റ്? വല്ല സ്കോളർഷിപ്പിനും അപ്ലൈ ചെയ്യാനാണോ."
"ആ...അതെ."
ആ വാക്കുകൾ വിറയ്ക്കുന്നുണ്ടയിരുന്നു.
അമ്മ എങ്ങോട്ടോ മാറിയ നേരം കൊണ്ട് അവൾ അത് തപ്പിയെടുത്തു. ഒരു ദീർഘ നിശ്വാസത്തിനൊപ്പം ആ കവിളുകൾ വിറകൊണ്ടു. കൺപീലികൾ ആർദ്രമായി.
"ബർത് സർട്ടിഫിക്കറ്റോ. ഇതെന്തിനാ?"
അവളുടെ കയ്യിൽ നിന്ന് അത് വാങ്ങുമ്പോഴാണ് ആ നനഞ്ഞ കണ്ണുകൾ അമ്മ ശ്രദ്ധിച്ചത്.
"എന്താ അമ്മു, എന്തിനാ കരയുന്നത്."
"ഒന്നുമില്ല."
...Child of preetha KM and Krishna Kumar...
കൂടുതൽ ചോദിച്ചപ്പോൾ അവൾ അതു ചൂണ്ടിക്കാണിച്ചുകൊടുത്തു.
"ഇതിനിപ്പോ എന്താ."
അവർക്ക് ഒന്നും മനസിലായില്ല. ബർത് സർട്ടിഫിക്കറ്റിൽ തന്റെയും കൃഷ്ണേട്ടന്റെയും പേര് കാണിച്ചു തന്നിട്ടാണ് കരച്ചിൽ. ഇതിലിപ്പോ എന്താ ഇത്ര കരയാൻ.
"ഒന്നുമില്ലമ്മേ. ഞാൻ വേറെ എന്തൊക്കെയോ ഓർത്ത്... അമ്മ പൊയ്ക്കോ."
"ഇൗ പെണ്ണിന് ഇത് എന്തൊക്കെയാണോ!"
അവർ നടന്നുകഴിഞ്ഞു.
എടുത്ത സർട്ടിഫിക്കറ്റ് തിരികെ വച്ച് നടക്കുമ്പോൾ ഉള്ളിൽ എന്തൊക്കെയോ കത്തിയെരിയുന്നുണ്ടായിരുന്നു.
അപ്പോൾ അഡോപ്റ്റെഡ് അല്ല. അനാഥയല്ല എന്ന്! മേൽവിലാസം ഇൗ വീട് തന്നെ. ഡയറിയിൽ എന്തോ കുത്തിക്കുറിക്കുന്നതിനിടയിൽ അവൾ ഓർത്തു.
ആശ്വാസത്തിന്റെ നിശ്വാസങ്ങൾക്കപ്പുറം കാരണമറിയാത്ത ഒരു നോവ് അപ്പോഴും അവളുടെ ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരുന്നു. സ്വന്തമായിട്ടും അന്യയായി ജീവിക്കേണ്ടി വന്നതിന്റെ നോവ്.
എന്തു കൊണ്ടാണ് അച്ഛനോ അമ്മയോ ഒരിക്കലും എന്നെ മനസ്സിലാക്കാൻ ശ്രമിക്കാത്തത്. തിരക്ക് പിടിച്ച ജീവിതത്തിനിടയ്ക്ക് ഒരൽപ സമയമെങ്കിലും എനിക്കു വേണ്ടി മാറ്റി വയ്ക്കാൻ തയ്യാറാകാത്തത്. എന്തുകൊണ്ടാവാം എല്ലാവരും ഉണ്ടായിട്ടും തനിയെ ജീവിക്കാൻ ഞാൻ വിധിക്കപ്പെട്ടത്....
കുഴഞ്ഞുമറിഞ്ഞ ചിന്തകൾക്കൊടുവിൽ അന്ന് ഉറങ്ങിയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു.
പിറ്റേന്ന് അമ്മയുടെ വിളി കേട്ടുകൊണ്ടാണ് അവള് ഉണർന്നത്.
"അമ്മു, സമയം ഇതെത്രയായെന്നറിയോ. കോളജിൽ പോവണ്ടെ നിനക്ക്."
"ഇല്ല"
"ഇല്ലെന്നോ. എന്തേ..."
"പോകുന്നില്ല. എനിക്ക് വയ്യ. നല്ല തലവേദനയുണ്ട്."
അമ്മ പിന്നേയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവളപ്പോൾ മറ്റേതോ ലോകത്തായിരുന്നു. അവൾക്കായി മറ്റുള്ളവർ സൃഷിച്ചു നൽകിയ ഏതോ ലോകത്ത്.
ഉണ്ട്.. ഇന്നലെത്തേതിലും കൺതടം വീങ്ങിയിട്ടുണ്ട്.
"നീ കഴിക്കാൻ വരുന്നില്ലേ."
വീട്ടിലെ ക്ലോക്ക് സമയം പത്തര കാണിച്ച് ചലിച്ചുകൊണ്ടിരുന്നു.
"ഇല്ല, ഇപ്പൊ വിശക്കുന്നില്ല."
അന്നുച്ചയ്ക്കും അവളൊന്നും കഴിച്ചില്ല. വിശപ്പൊക്കെ പഴയ ഏതോ ഓർമ്മപോലെയായിരിക്കുന്നു. പകരം കഴിക്കാൻ വിളിക്കുമ്പോൾ അവളിപ്പോൾ പൊട്ടിത്തെറിക്കുകയാണ്.
"എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ! "
വെറുതെയിരുന്നപ്പോൾ അവൾ ഫോൺ കയ്യിലെടുത്തു.
ഇല്ല, ഫോണിൽ വേറെ നോട്ടിഫിക്കേഷൻസ് ഒന്നും വന്നിട്ടില്ല. ചാറ്റ്സിലെ ആ അൺസേവ്‌ഡ് നമ്പർ അവൾ വീണ്ടും എടുത്ത് നോക്കി - രാഹുൽ.
ഒരു പക്ഷെ അയാൾ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടാവുമോ. മറുപടിയില്ലാതിരുന്നിട്ടും വീണ്ടും അയാൾ അയയ്ക്കുന്ന മെസ്സേജസിന് ഒരുപക്ഷേ നിഷ്കളങ്കമായ സ്നേഹത്തിന്റെ പ്രതിച്ഛായ ഉണ്ടാകുമോ.
ലാസ്റ്റ് മെസ്സേജ് രണ്ടു ദിവസം മുൻപാണ്. അവൾ അതൊരിക്കൽ കൂടി എടുത്തു വായിച്ചു. മൂന്നു നാലു ദിവസങ്ങൾക്കിപ്പുറം ആ ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി വിടർന്നു. ഒരു പക്ഷെ എന്റെയീ റിബൽ ക്യാരക്ടർ ഒക്കെ മാറ്റിവച്ച് അയാളെ ഒന്നു സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് സന്തോഷിക്കാൻ ഒരു കാരണമെങ്കിലും ഉണ്ടാകുമായിരുന്നു. സ്നേഹിക്കാൻ, ഒന്നു തുറന്നു സംസാരിക്കാൻ ഒരാളെങ്കിലും ആകുമായിരുന്നു.
ലിയ അന്ന് പറഞ്ഞത് ഓർക്കുന്നു. രാഹുൽ ഒരു നല്ലയാളാണ്. ഡിപ്പാർട്ട്മെന്റിലെ പ്രധാന സുമുഖൻ. ഒന്നുമില്ലെങ്കിലും ആളൊരു മാന്യനാണ്.
പക്ഷെ എന്റേത് വെറും റിബൽ ക്യാരക്ടർ മാത്രമാണോ. എന്റെ ചിന്താഗതികളിൽ അല്പം പോലും യുക്തിയില്ലേ...
വികാരവും വിവേകവും തമ്മിലുള്ള പിടിവലിയിൽ പ്രജ്ഞ നഷ്ടപ്പെട്ടവളായി അവൾ ഇരുന്നു.
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ അവൾ കോളേജിൽ പോയില്ല. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ വല്ലാത്ത ദേഷ്യം.
3 Missed calls from Liya.
അത് കണ്ടുകൊണ്ടാണ് അമ്മു അന്ന് വൈകിട്ട് ഉറക്കം വിട്ടെഴുന്നേറ്റത്.
"ആ.. ലിയാ.. പറയ്.."
ലിയയുടെ നമ്പർ അങ്ങേ തലയ്ക്കൽ ശബ്ദിച്ചു നിന്നപ്പോൾ അവൾ ചോദിച്ചു.
"നീ ഇതെന്താ, കോളജിൽ വന്നിട്ട് കുറേ ദിവസമായല്ലോ. കഴിഞ്ഞ ദിവസമൊക്കെ എത്ര വട്ടം ഞാൻ വിളിച്ചു. നീ എന്താ ഫോൺ എടുക്കാതിരുന്നത്."
"അത്...എനിക്ക് വയ്യായിരുന്നു."
"എന്താ പനിയാ?"
"ങും.."
"ആ പിന്നെ നീ അറിഞ്ഞോ. നമ്മുടെ രാഹുൽ ഇല്ലേ, സീനിയർ. പുള്ളിക്ക് വേറെ ആളായെന്ന് പറഞ്ഞു കേട്ടു. ഫസ്റ്റ് കെമിസ്ട്രിയിലെ ഒരു കുട്ടി."
"ങും"
"എന്തോ ആതിര എന്നോ മറ്റോ ആണ് പേര്.
നീ കേൾക്കുന്നുണ്ടോ പറയുന്നത്."
"ങും.."
"പിന്നെ...ഇനിയെന്നാ നീ കോളജിലേക്ക്?"
"അറിയില്ല. ഞാൻ നിന്നെ പിന്നെ വിളിക്കാം. എനിക്ക് നല്ല ക്ഷീണമുണ്ട്."
"ങും..ശരി."
ഫോണിൽ ലിയയുടെ ശബ്ദം നിലച്ച് വീണ്ടും തന്റെ നിശ്ശബ്ദതയിലേക്ക് തിരിച്ചുവരുമ്പോൾ ജീവിതത്തിന് ചില ശ്രുതി മാറ്റങ്ങളൊക്കെ വന്നു തുടങ്ങുന്നത് അവൾ തിരിച്ചറിയുകയായിരുന്നു. ഒന്നിനോടും ഒരു താല്പര്യമില്ല, ആരോടും ഒന്നും സംസാരിക്കണമെന്നില്ല. അമ്മയോ അച്ഛനോ വല്ലതും ചോദിച്ചാൽ എന്തെന്നില്ലാത്ത ദേഷ്യം. ഭക്ഷണം കഴിക്കണമെന്നില്ല, ഉറങ്ങണമെന്നില്ല. രാവും പകലുമൊക്കെ ഉത്തരം കിട്ടാത്ത ഏതോ ചില സമസ്യകൾ മനസ്സിനെ വട്ടം കറക്കുന്നു. ജീവിക്കാനും മാത്രം യുക്തിസഹമായ കാരണങ്ങൾ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒന്നിനും ഒരർത്ഥമില്ലാത്തപോലെ.
ഏതോ ഒരു നീറ്റൽ. ഇല്ല, പുറമെ മുറിവുകളൊന്നും കാണാനില്ല. എന്നാൽ എവിടെയൊക്കെയോ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്, ഒരുപക്ഷേ ഉണങ്ങാൻ വിഷമമായ കുറേ മുറിവുകൾ ;
ഏകാന്തതയുടെ തടവറ തനിക്കു സമ്മാനിച്ചവ.
നിറം മാറിത്തുടങ്ങിയ സന്ധ്യയിൽ പുറത്തെ ഇരുട്ടിനൊപ്പം അവളുടെ ഉള്ളിലെയും തമസ്സിനു കട്ടി കൂടിക്കൂടി വന്നു. കനം വച്ച ആ അന്തരീക്ഷത്തിൽ അവൾക്ക് ശ്വാസം മുട്ടുന്നതായിതോന്നി. ഇത്ര വലിയ ലോകത്തിൽ താൻ ഒറ്റപ്പെട്ടതു പോലെ.
മനുഷ്യൻ ഒരു വല്ലാത്ത ജീവി തന്നെ. അവൻ ഇൗ പുറമെ കാണിക്കുന്ന വികാര പ്രകർഷങ്ങളൊന്നും അവന്റെ ഉള്ളിൽ നിന്നു വരുന്നവയല്ല. ചില മുഖംമൂടികൾ ക്കു പിന്നിലുള്ള നാട്യങ്ങൾ. ഏതോ ചില വെളളക്കുമിളകൾക്ക് പിന്നാലെ ഓടുന്നവർ. ജീവിക്കാനുള്ള തത്രപ്പാടാണ് പോലും. കൂടെയുള്ള ജീവിതങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ടോ? ഉരുവാക്കിയ അതേ ആത്മാവിനെ ചിതയിലേക്ക് തള്ളിവിട്ടു കൊണ്ടോ?..
ഒരുപാടു ചോദ്യങ്ങൾ അവൾക്ക് മുന്നിൽ അവ്യക്തമായി തെളിഞ്ഞു. ജീവിതം ഒരു പ്രഹേളികയായി മാറിയിരിക്കുന്നു.
ഉത്തരം കിട്ടാത്ത ഇൗ ചോദ്യങ്ങൾക്ക് മുന്നിൽ, ഉണ്ട് തന്റെ അടി പതറുന്നുണ്ട്. തന്നെത്തന്നെ മനസ്സിലാവാത്തതുപോലെ അവൾക്ക് തോന്നി. മനസ്സിലുണ്ടായിരുന്ന ശൂന്യത മുഴുവൻ ഒരാൾരൂപം പ്രാപിച്ചതുപോലെ. ജീവിതം മുഴുവനായി തന്റെ മുന്നിൽ വന്ന് വെല്ലുവിളി ക്കുന്നതുപോലെ. തിരിച്ചുകയറാൻ പറ്റാത്ത വണ്ണം എന്തോ ചില കുടുക്കുകളൊക്കെ കാലിൽ വലിയുന്നു.
ഒരുപക്ഷേ ഒന്നുറക്കെ കരയണമെന്നുണ്ട്. അതിനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരിക്കുന്നു. നിശ്ശബ്ദത മാത്രമാണ് ഇപ്പോൾ കൂട്ട്. ചെറിയ ശബ്ദങ്ങൾ കൂടി വലിയ അസ്വസ്ഥതകൾ ഉള്ളിൽ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്.
ചോദ്യങ്ങൾ മറ്റു ചില ചിന്തകൾക്ക് വഴി മാറുന്നു.
ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയും ഏകാന്തതയുടെ നിശ്ശബ്ദതയിൽ അവൾ എന്തൊക്കെയോ അന്വേഷിച്ചു കൊണ്ടിരുന്നു. ജീവിതത്തിന് ഇന്ന് വരെയും മറുപടി നൽകാൻ കഴിയാത്ത എന്തോ ചിലത്.