'അന്നുരാത്രി വളരെ കഴിഞ്ഞിട്ടും കുഞ്ഞുപാത്തുമ്മായ്ക്ക് ഉറക്കം വന്നില്ല. ആയിഷായുടെ ഇയ്ക്കാക്കായെ വരുത്തരുതെന്ന് അവൾ നേരത്തേ പടച്ചവനോടു പ്രാർഥിച്ചതാണ്! ഇപ്പോൾ മറിച്ചെങ്ങനെ പറയും?
ഒടുവിൽ അവൾ മനസ്സു നൊന്തു പ്രാർഥിച്ചു:
‘ന്‍റ പടച്ചോനെ, തുട്ടാപ്പിന്‍റെ ഇയ്ക്കാക്കാ...’
ബഷീറിന്റെ എഴുത്തിന്റെ മാസ്മരികത വെളിപ്പെടുത്തിയ മറ്റൊരു കൃതി; 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്'.
ബഷീർ എഴുത്തുകളെ എന്നും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇൗ പുസ്തകത്തിന് എന്തോ അന്യമായൊരു മായാജാലം ഉണ്ടെന്ന് തോന്നി. വായിച്ചു തീർന്നപ്പോൾ കുഞ്ഞുപാത്തുമ്മ പരകായ പ്രവേശം നടത്തിയപോലെ. 'കരളില് ഒരു വേതന'.
ഉറങ്ങാൻ കിടന്നപ്പോൾ വരെ കുഞ്ഞുപാത്തുമ്മ മനസ്സിൽ ഉണ്ടായിരുന്നു.
ഒരു രാത്രി വൈകിയാണ് 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' വായിച്ചു തീർന്നത്. പുറത്ത് കർക്കിടകത്തിലെ പതിവു മഴ. വായിച്ചു കഴിഞ്ഞ് ജനാലക്കുള്ളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ മഴ തോർന്നിരുന്നു. കാറ്റിൽ പക്ഷേ, പെയ്ത മഴയുടെ ഓർമയ്ക്കെന്നവണ്ണം മരം പെയ്യുന്നുണ്ടായിരുന്നു.
അന്ന് കിടക്കാനായി തുടങ്ങുമ്പോൾ ഞാനും അറിഞ്ഞത് ഒരു മരം പെയ്ത്തായിരുന്നു. കുഞ്ഞുപാത്തുമ്മയും നിസാർ അഹ്‌മ്മദും അയിഷയും എല്ലാം നിറഞ്ഞു പെയ്യുന്നു ഉള്ളിൽ.
ബഷീർ എഴുത്തിന്റെ ലാളിത്യം എന്നും ആസ്വദിച്ചിരുന്നെങ്കിലും ഇത്തരമൊരു ഇഷ്ടക്കൂടുതൽ തോന്നുന്നത് ഇതാദ്യമാണ്. ഇത് ഒരു പക്ഷെ ബേപ്പൂർ സുൽത്താന്റെ സ്വർണത്തൂലികയിൽ നിന്നും അടർന്നുവീണതിൽ വച്ച് ഏറ്റവും മികച്ച ഒരു ചെറുകഥയാണ്.
ഇൗ പുസ്തകത്തിൽ വളരെ അധികം വായനക്കാരനെ ആകർഷിക്കുന്നത് കഥാനായിക; 'കള്ള ബുദ്ദൂസ്', കുഞ്ഞുപാത്തുമ്മയുടെ നിഷ്കളങ്കതയാണ്. ഒരു 'ഉറുമ്പിനെ പോലും ദ്രോഹിക്കാത്ത', 'റബ്ബുല്‍ ആലമീനായ തമ്പുരാന്‍റെ സൃഷ്ടികളിൽ ഒന്നിനെപ്പോലും വെറുക്കാത്ത' കുഞ്ഞുപാത്തുമ്മ.
തുടക്കത്തിൽ ഒരല്പം വായനയുടെ വേഗത കുറയുന്നുണ്ടെങ്കിലും പിന്നീട് ആസ്വാദകനെ മറ്റൊരു ലോകത്തിലാക്കുന്ന എഴുത്തിന്റെ പ്രതിഭ ഇവിടെ കാണാം.
'കുഞ്ഞുപാത്തുമ്മാ,’
നിസാർ അഹ്‌മ്മദ് പറഞ്ഞു: ‘നമ്മുടെ ആ കുരുവിയില്ലെ, അത് എന്‍റെ അടുത്തു വന്ന് കുഞ്ഞുപാത്തുമ്മായ്ക്കു സുഖമാണോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. ‘ഏതോ ഇഫ്‌രീത്തിനെ ഓടിക്കാൻ അവളൊരു ‘സൂട്ട്കേസ്’ കഴുത്തിൽ കെട്ടിത്തൂക്കിക്കൊണ്ടു നടക്കുകയാണ്!’ എന്ന്.
സാധാരണ പ്രണയം കൈകാര്യം ചെയ്യുന്ന രീതി വിട്ട് വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന എഴുത്താണ് ഇൗ പുസ്തകത്തിന്റെ പ്രത്യേകത. പ്രണയം നല്ല രീതിയിൽ ബഷീർ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. ലാളിത്യമുള്ള, നിഷ്കളങ്കമായ, വായനക്കാരന് ഇഷ്ടം തോന്നുന്ന രീതിയിൽ. എന്നാൽ ഇതു വെറും പ്രണയ കഥ മാത്രമല്ല. ഫലിതവും ഒപ്പം ആക്ഷേപഹാസ്യവും മികച്ച രീതിയിൽ ബഷീർ അവതരിപ്പിക്കുന്നു 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' എന്ന പുസ്തകത്തിൽ.
സ്വമതത്തിൽ നിലനിന്നിരുന്ന പല അബദ്ദാചാരങ്ങളെയും നല്ല ഭാഷയിൽ അദ്ദേഹം വിമർശിക്കുന്നുണ്ട് ഇവിടെ.
"മുടി ചീകാം. പക്ഷേ, വകഞ്ഞുവെക്കരുത്!
ഇതിനെതിരായി ആയിടെ ഒരു മുസ്ലിം യുവാവ് പ്രവർത്തിച്ചു. അയാൾ മുടി വളർത്തി, ക്രോപ്പു ചെയ്തു. അതു വകഞ്ഞും വെച്ചു!
ബാപ്പാ ആ ചെറുപ്പക്കാരനെ വിളിപ്പിച്ച് ഒസ്സാനെക്കൊണ്ട് മുടി വടിപ്പിച്ചുകളഞ്ഞു. എന്തിന്? മുടി ആരു സൃഷ്ടിച്ചു? എന്തിനു സൃഷ്ടിച്ചു? ആരും ചോദിക്കുകയില്ല."
ഇവിടെ ബഷീർ നടത്തുന്നത് അക്കാലത്തുണ്ടായിരുന്ന അന്ധ വിശ്വാസങ്ങൾക്ക് എതിരെയുള്ള ഒരു ശബ്ദമുയർത്തൽ കൂടെയാണ്. അനാചാരങ്ങൾ നിർബാധം നിലനിന്നിരുന്ന ആ കാലത്താണ് ബഷീർ ഇതെല്ലാം എഴുതിയത് എന്നോർക്കുമ്പോൾ അത്ഭുതം മാത്രമല്ല, തികഞ്ഞ ബഹുമാനവുമാണ് തോന്നുന്നത്.
എന്തായാലും വായിച്ചു തീർന്നപ്പോൾ ഒരു വിഷമമാണ് ഉണ്ടായിരുന്നത് ; എത്ര വേഗം തീർന്നുപോയി എന്നാണ്. ഇത് ഒരുപക്ഷേ അല്പം കൂടി വലിയ നോവൽ ആയിരുന്നെങ്കിലോ എന്നൊക്കെ ഓർത്തു പോയി. ബഷീറിനു മാത്രം കഴിയുന്ന എഴുത്തിന്റെ മായാലോകത്തിന്റെ ഒരു തെളിവു കൂടിയാണ് 'ന്‍റുപ്പാപ്പാക്കൊരാനേണ്ടാർന്ന്'. അദ്ദേഹത്തിന്റെ ഭാഷയും എടുത്തു പറയേണ്ടത് തന്നെ. മലബാർ മുസ്‌ലിം സംഭാഷണ ശൈലിയും ഇൗ പുസ്തകത്തിന് മധുരം വർദ്ധിപ്പിക്കുന്നു.
വായിച്ച് കഴിഞ്ഞിട്ടും ബുക്ക്മാർക്ക് ചെയ്ത പലതും വീണ്ടും വീണ്ടും എടുത്ത് നോക്കിയതും ആ മധുരം വിട്ടുപോകാഞ്ഞിട്ടാവാം.
Genuinely, it was an amazing read.