Sunday, September 20, 2020

മരണത്തിന്റെ ചിറക്



ഉറക്കമാണെന്നാണ് കരുതിയത്. ആരുടെയൊക്കെയോ നിലവിളികളാണ് ഉണർത്തിയത്. എപ്പോഴോ ചെറിയൊരു നെഞ്ചുവേദന ഉണ്ടായതു മാത്രം ഓർക്കുന്നു.


'ഡോക്ടർ, അപ്പോ എന്റെ മോള്...?'

'Sorry, we couldn't do more. ഇവിടെ വന്നപ്പോഴേ അവസ്ഥ മോശമായിരുന്നല്ലോ.'


അതേ, അപ്പോൾ മരിച്ചിരിക്കുന്നു..! വേദനകളുടെ ലോകത്തിന് ഇനി വിട പറയാം. 

ഐസിയു  ബെഡിൽ കിടന്നിരുന്ന  സ്വന്തം ശരീരം മാറി നിന്ന് നോക്കുമ്പോൾ ഒരൽപം അപരിചിതത്വം തോന്നി. 

ഓ... ഞാൻ ഇത്രയും ക്ഷീണിച്ചു പോയിരുന്നോ. കണ്ണുകൾ ഏതാണ്ട് കുഴിയിൽ ഇറങ്ങിയത് പോലെ. മഷി എഴുതിയിട്ട് നാളുകളായ കണ്ണുകൾ. തുടുപ്പ് നിറഞ്ഞിരുന്ന ആ കവിളുകൾ ഇപ്പൊൾ ചൈതന്യം നശിച്ചതുപോലുണ്ട്.  

ചുണ്ടുകളും വരണ്ടിരിക്കുന്നു. 

വാശി പിടിച്ച് കുത്തിയ മൂക്കൂത്തിയുടെ സ്ഥാനം ഇപ്പൊൾ ഒഴിഞ്ഞിരിക്കുന്നു. 

അല്ല, കമ്മലോ മാലയോ ഒന്നുമില്ല. ഒരുപക്ഷേ ഓപ്പറേഷന് മുൻപ് അതെല്ലാം ഊരി മാറ്റിയിരിക്കണം. ഓർമ കിട്ടുന്നില്ല. നാളുകൾ കുറെയായി ചിന്ത നശിച്ച് പല പല ഹോസ്പിറ്റലുകൾ മാറിമാറി...


പുറത്ത് നിലവിളികളുടെ ഒച്ച കൂടിയിരിക്കുന്നു. അമ്മയാണ് കരയുന്നത്. അച്ഛൻ..? ഉണ്ട്. അപ്പുറെ മാറി നിന്നു കണ്ണുതുടയ്ക്കുന്നു. 

ഇതാണ് കൂടുതൽ വേദന തരുന്നത്. അഡ്മിറ്റ് ആയ ആദ്യ ദിനം തൊട്ട് കാണുന്നതാണ് ഇത്. തോത് ഏറിയും കുറഞ്ഞും ഇരിക്കുന്നെന്ന് മാത്രം. ശരീരത്തിന്റെ വേദനയേക്കാൾ കൂടുതൽ നോവ് തന്നിരുന്നതും ഇതാണ്.

 പെയിൻ കില്ലേഴ്‌സിന് കുറച്ചൊക്കെ വേദന മറച്ചു വയ്ക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഹൃദയം എപ്പോഴും വേദനിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ ഒരു നൊമ്പരമായി അവശേഷിച്ചിരുന്നു. അവർക്കൊന്നും തിരികെ നൽകാൻ പറ്റിയില്ലല്ലോ എന്നുള്ള ദുഃഖം. 

അവരുടെ ഒരുപാട് കഷ്ടപ്പാടിന്റെ ഫലമായിരുന്നു മെഡിസിന് ഉള്ള ആ അഡ്മിഷൻ. അച്ഛൻ പറമ്പിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയാണ് ഹോസ്റ്റൽ ഫീസും ബാക്കി ചിലവിനുള്ള പണമെല്ലാം അയച്ചു തന്നിരുന്നത്. അതിനൊപ്പം വീട്ടു ചിലവും. പാവം... ആ മനുഷ്യൻ രാപകലില്ലാതെ മണ്ണിൽ കിളച്ചിരിക്കണം.

ഒരിക്കൽ പോലും ഫീസുകൾ ഒന്നും മുടങ്ങിയിരുന്നുന്നില്ല. അതിനും വേണ്ടി വീട്ടിലെ ചിലവുകൾ കുറച്ചിരുന്നു അച്ഛൻ. പല ദിവസവും വീട്ടിലേക്ക് വിളിക്കുമ്പോൾ  കാര്യമായ കറികൾ ഒന്നും ഉണ്ടാവുകയില്ല. 

'അച്ഛന് ഇപ്പോ ഇറച്ചിയൊന്നും ഇഷ്ടമല്ലാതായി മോളെ. പ്രായമായില്ലേ. പിന്നെ തൊടിയിലെ ചേമ്പിലേം ചീരേം ഒക്കെയാ നല്ലത്, ആരോഗ്യത്തിനും.'


 എന്റെ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും ഇതായിരുന്നു. ഫോണിന്റെ മറുതലയ്ക്കൽ എന്റെ കണ്ണുകൾ പലപ്പോഴും ഈറനണിഞ്ഞു.  വിലകുറഞ്ഞ റേഷനരിയും പേരിന് എന്തൊക്കെയോ കറികളും.!

ഹോസ്റ്റലിൽ മൂന്നും നാലും കറി കൂട്ടി ഉണ്ണുമ്പോൾ വീട്ടിലെ രുചിയില്ലാത്ത ചോറിന്റെ മുന്നിലിരിക്കുന്ന അച്ഛനും അമ്മയും ഒക്കെയായിരുന്നു മനസ്സിൽ. 


എൻട്രൻസിന്റെ റിസൾട്ട് വന്ന ദിവസം ഓർമ്മയുണ്ട്. അച്ഛൻ എല്ലാവരോടും പറഞ്ഞു മോൾക്ക് നല്ല റാങ്കുണ്ടെന്ന്. എന്തു സന്തോഷമായിരുന്നു അച്ഛന്. അഡ്മിഷന് വേണ്ടി നോക്കാൻ തുടങ്ങിയപ്പോൾ സ്വന്തക്കാരെന്നല്ല, നാട്ടുകാര് പോലും ഉപദേശിച്ചു;


 'ദേവാ, ഇത് നിന്നേക്കൊണ്ട് നടക്കുന്നതല്ല. അത്ര ആഗ്രഹാണേൽ അവളെ വല്ല നഴ്സിംഗിനും വിട്' എന്ന്. 

അച്ഛൻ ഒരുക്കമായിരുന്നില്ല.


'മോളെ, ഇതൊന്നും കേട്ട് നീ വിഷമിക്കണ്ട, എന്റെ കുഞ്ഞിന് ഡോക്ടർ ആവണങ്കിൽ, വീട് വിറ്റിട്ടാണെങ്കിൽ അങ്ങനെ. ഇൗ അച്ഛൻ ഉണ്ട് കൂടെ. നീ നന്നായിട്ട് പഠിക്കൂന്ന് അച്ഛന് അറിയാം. മോളെ ഒരു ഡോക്ടർ ആയി കണ്ടാ മതി എനിക്ക്. നമ്മുടെ കഷ്ടപ്പാടൊക്കെ മാറും.'


അച്ഛന് വലിയ ഉത്സാഹമായിരുന്നു അന്ന്.

 പോകുമ്പോൾ, വീട് വിട്ട് ഹോസ്റ്റലിൽ നിൽക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു ശരിക്കും. ആദ്യമായാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അന്ന് വീട്ടിൽ നിന്ന് യാത്ര അയയ്‌ക്കുമ്പൊഴും അച്ഛൻ കരഞ്ഞില്ല. പകരം എന്റെ കണ്ണ് തുടച്ചിട്ട് പറഞ്ഞു. 

'അച്ഛൻ എന്റെ മോളെ ഡോക്ടർ ആയിട്ട് കാണും. കരയരുത്. ഇൗ കണ്ണ് നിറയണത് കാണാൻ മാത്രം അച്ഛന് വയ്യ.' 


മൂന്നര വർഷങ്ങൾ... എത്ര പെട്ടന്ന് പോയി.! കോളേജ് ജീവിതം നന്നായി ആസ്വദിച്ചു. ആവുന്നത്ര പഠിച്ചു. പക്ഷേ ഇങ്ങനെ ഒരു ദുർവിധി കാത്തിരിക്കുന്നുണ്ടെന്ന് അത്ര കിരാതമായ സ്വപ്നങ്ങളിൽ പോലും വിചാരിച്ചിരുന്നില്ല.! ചുമയും ശ്വാസംമുട്ടലും ഒക്കെ കൂടിയപ്പോൾ അമ്മ പറഞ്ഞപോലെ ഇഞ്ചീം കുരുമുളകും ഒക്കെ വാങ്ങി വച്ചു, ഇടയ്ക്ക് കഴിക്കാൻ. ഒരിക്കൽ രക്തം ചുമച്ചപ്പോഴാണ് എല്ലാവരും കൂടി നിർബന്ധിച്ച് ഹോസ്പിറ്റലിൽ ആക്കിയത്. കൺസൾട്ട് ചെയ്ത ഡോക്ടറിന്റെ സംശയം വെറുതെയായില്ല. ലങ് ക്യാൻസർ; ഫോർത്ത് സ്റ്റേജ് ആയിരുന്നു. പിന്നീടുള്ള കുറെ കാലങ്ങൾ ആശുപത്രി വാസം.


ഓർമകളുടെ പ്രശ്നം അത് തിരികെ വരാൻ നമ്മുടെ അനുവാദം ആവശ്യമില്ല എന്നതാണ്. വേണ്ടായെങ്കിൽ കൂടി അവ നമ്മെ ചിലതെല്ലാം ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. മരണത്തിന്നിപ്പുറവും ചോര ഇറ്റിക്കുന്ന ഓർമകൾ...!


ഒരു ശബ്ദം കേട്ടാണ് നോക്കിയത്. എന്റെ മെസ്സേജ് ടോൺ ആണല്ലോ. നോക്കിയപ്പോൾ അഡ്മിറ്റ് ആയിരുന്ന റൂമിൽ, ഫോൺ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നു ടേബിളിൽ. ലോക്ക് സ്ക്രീനിൽ ജിയയുടെ രണ്ടു മെസ്സേജസ്‌.


R u ok..?

Took regular meds??

കണ്ണു നിറഞ്ഞു. ഫോൺ കയ്യിൽ എടുക്കാൻ നോക്കി. ഇല്ല, പറ്റുന്നില്ല. ഫിംഗർ പ്രിന്റ് റീഡ്‌ ആവുന്നില്ല. അവളിപ്പോ ടെൻഷനായിക്കാണുമോ ഇത്ര നേരമായിട്ടും റീപ്ലേ ചെയ്യാഞ്ഞിട്ട്‌. അതോ ഊഹിച്ചു കാണുമോ...?


ജിയ..! സൗഹൃദം എന്നതിന്റെ പര്യായമായിരുന്നു ആ പേര്. ആദ്യ കാഴ്ചയിൽ ജാടക്കാരി എന്ന് ഞാൻ വിചാരിച്ചിരുന്ന, കവിളിൽ നുണക്കുഴിയുള്ള ഒരു കോഴിക്കോട്ടുകാരി സുന്ദരി.

 ഹോസ്റ്റലിലെ ആദ്യ ദിവസങ്ങളിൽ തന്നെ കൂട്ടായി. ഒരു സുഹൃത്ത് എന്നതിലപ്പുറം എന്റെ ആരൊക്കെയോ ആയിരുന്നു അവൾ. എന്റെ സ്വന്തം ചേച്ചിയോ അനിയത്തിക്കുട്ടിയോ ഒക്കെ. വീട്ടിലെ കാര്യങ്ങളൊക്കെ ജിയക്ക്‌ അറിയാമായിരുന്നു. വിളിക്കുമ്പോൾ അമ്മയ്ക്ക് കൂടുതൽ സംസാരിക്കാൻ ഉണ്ടായിരുന്നതും അവളോടായിരുന്നു. വീട്ടിൽ ഒരിക്കെ വരാമെന്ന് അമ്മയ്ക്ക് വാക്കും കൊടുത്തിരുന്നു. 


ലീവിന് വീട്ടിൽ വരുമ്പോൾ പോലും എനിക്ക് കിട്ടാറുള്ള പ്രധാന കോൾ ജിയയുടെ ആയിരുന്നു. മണിക്കൂറുകൾ നീണ്ടു നിന്നിരുന്ന കോളുകൾ. 

അഡ്മിറ്റ് ആയതിൽപ്പിന്നെ അവൾ എപ്പോഴും വിളിച്ചു... ക്ലാസിന്റെ ഇടവേളകളിൽ കൂടി. ചിലപ്പോഴൊക്കെ അവളുടെ സ്വരമിടറി. 

 'നോട്സ് ഒക്കെ ഞാൻ എഴുതുന്നുണ്ട്. നീ വരുമ്പോ പിന്നെ അതോർത്ത് ടെൻഷൻ ആവണ്ടല്ലോ' എന്നൊക്കെ പറഞ്ഞു.


ഒരിക്കെ ഞാൻ ഒന്നു പറഞ്ഞു, 'ഇനി ഞാൻ തിരിച്ച് വരൂന്ന് എനിക്ക് തോന്നുന്നില്ല' എന്ന്.

'ആദ്യം പോസിറ്റീവ് ആയി ചിന്തിക്ക്‌. കൂടി വന്നാൽ ഒരാറു മാസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും. അത്രയേ ഒള്ളു. അതിനാണ് ഇൗ  ആവശ്യമില്ലാത്തത് ഒക്കെ ചിന്തിച്ചു കൂട്ടുന്നത്...' എന്ന് തുടങ്ങി അന്ന് ഞാൻ കേട്ട ചീത്തയ്ക്ക്‌ അതിരില്ലായിരുന്നു.


ഫോർത്ത് സ്റ്റേജിൽ നിന്ന് റിക്കവർ ആകാൻ സാധ്യത വളരെ കുറവാണെന്ന് അവൾക്കും അറിയാഞ്ഞിട്ടാവില്ല. പക്ഷേ എന്തുകൊണ്ടോ ഞാൻ തിരികെ വരുമെന്ന് അവൾ പ്രതീക്ഷിച്ചു. ഞാനും അങ്ങനെ വിശ്വസിക്കണമെന്ന് ശഠിച്ചു. 


കോളജിൽ നിന്ന് ഒരു ദിവസം കാണാൻ വന്നപ്പോൾ എന്റെ വായിലും മൂക്കിലും എല്ലാം ടൂബ്‌ ഉണ്ടായിരുന്നു. അന്ന് എന്റെ കൈ അമർത്തിപ്പിടിച്ച് കുറെ നേരം ഇരുന്നു കരഞ്ഞു. എന്നെ ആശ്വസിപ്പിക്കാറുള്ള പതിവ് ധൈര്യം അന്ന് മാത്രം ഞാൻ കണ്ടില്ല.


മാംഗ്ലൂരിൽ ആദ്യം അഡ്മിറ്റ് ആകുമ്പോൾ ക്ലാസ്സ് കളഞ്ഞ് നാലഞ്ച് ദിവസത്തോളം ജിയ എന്റെ കൂടെ ഹോസ്പിറ്റലിൽ  നിന്നു. എക്സാമിന് മുൻപുള്ള കുറച്ച് ദിവസങ്ങളായിരുന്നു അത്. എക്സാം ആണെന്ന് പറഞ്ഞ് ഞാൻ കുറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരിചയമില്ലാത്ത ഇടമാണ് എന്നെല്ലാം പറഞ്ഞ് ആ ദിവസങ്ങളെല്ലാം അവൾ എന്റെ ഒപ്പമുണ്ടായിരുന്നു. വീട്ടിൽ നിന്ന് വരാനുള്ള സാഹചര്യം ആയിരുന്നില്ല അച്ഛന് അന്ന്. 


ഹോസ്റ്റലിൽ ചെന്നതിൽ പിന്നെ ഒന്നിച്ചല്ലാതെ നടന്ന കാലങ്ങൾ ഓർമയില്ല. എന്നാൽ വാരാന്ത്യങ്ങളിലെ നഗരം ചുറ്റലിന് മാത്രം ഞാൻ ഒഴികഴിവുകൾ പറഞ്ഞു. മാംഗളൂരിന്റെ തിരക്ക് പിടിച്ച ഗല്ലികൾ എന്നെ എന്നും അസ്വസ്ഥയാക്കിയിരുന്നു. നിർഭാഗ്യവശാൽ ആദ്യമായി ഒന്നിച്ച് പുറത്ത് പോയത് എനിക്ക് ചുമ കൂടിയ ഒരിക്കലായിരുന്നു; ഹോസ്പിറ്റലിലേക്ക്. എന്നിട്ടും ഞങ്ങൾ അത് ആഘോഷമാക്കി. അത് പക്ഷെ അവസാനത്തെ കൂടി ഔട്ടിങ് ആണെന്ന് ഞങ്ങളിൽ ആരും വിചാരിച്ചില്ല. 

ഇപ്പൊൾ മനസ്സിലാക്കുന്നു... അന്ന് കുറച്ചൊക്കെ ഒന്നിച്ച് പുറത്ത് പോകാമായിരുന്നു. കുറച്ചു കൂടി ഓർമകൾ സൃഷ്ടിക്കാമായിരുന്നു. 


ചിന്തകൾ കാടുകയറുന്നതിനിടയിലാണ്, ഹോസ്പിറ്റൽ വരാന്തയിൽ ഒരു വെളുത്ത് കുറുകിയ പല്ലിയെ കണ്ടത്. ചെറുപ്പത്തിൽ ഒരിക്കലെന്തോ പല്ലി എന്റെ ദേഹത്ത് വീണിട്ടുണ്ടെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു പക്ഷെ അതുകൊണ്ടാവാം, പല്ലിയെ എനിക്ക് എന്നും പേടിയായിരുന്നു. ഹോസ്റ്റൽ റൂമിലെ കട്ടിലിന്റെ കാലിൽ ഒരിക്കൽ പല്ലിയെ കണ്ട് ഒച്ചയിട്ടത് എല്ലാം ഓർക്കുന്നു. അന്ന് അവൾ എന്നെ കുറെ കളിയാക്കി. ഒരുപക്ഷെ ഞങ്ങളുടെ സൗഹൃദം ബലപ്പെട്ടത് ആ രാത്രി കൊണ്ടായിരുന്നു. അന്ന് നേരം പുലരും വരെ ഉറക്കമൊഴിച്ചിരുന്ന് സംസാരിച്ച്, വിങ്ങി വീർത്ത കണ്ണുമായി പിറ്റേന്ന് കോളജിൽ പോകാൻ തുടങ്ങുമ്പോൾ അതൊരു ആത്മ ബന്ധത്തിന്റെ തുടക്കമാണെന്ന് ഞങ്ങൾ രണ്ടാളും ചിന്തിച്ചു കൂടിയില്ല. 


8:30 വരെ കഷ്ടിച്ച് തുറന്നു തന്നിരുന്ന ഹോസ്റ്റൽ ടെറസ്സ്, 'ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ ലേറ്റ് ആകും അപ്പോൾ കുളിക്കാൻ ഒക്കെ താമസിക്കും' എന്നെല്ലാം പറഞ്ഞ് 9 മണി വരെ ആക്കി, മാനം നോക്കി, ടെറസ്സിലെ തണുത്ത കാറ്റും കൊണ്ട് കഥ പറഞ്ഞിരുന്ന കാലങ്ങൾ.  പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതിരുന്ന വിശേഷങ്ങൾ. ടെറസ്സിലൂടെ നോക്കിയാൽ അപ്പുറം കാണാമായിരുന്ന ഏതോ ഒരു ഫ്ലാറ്റിന്റെ ബാൽക്കണിയെക്കുറിച്ചുള്ള പതിവ് കമന്ററികൾ.  ചിരിച്ച് ചിരിച്ച് വയറു വേദനിച്ച നമ്മുടെ മാത്രം തമാശകൾ.  എവിടെയൊക്കെയോ കണ്ണ് നനച്ച വേദനകൾ.


 ആദ്യമായി ഞാൻ ഹൃദയം കൊണ്ട് സ്നേഹിച്ച സുഹൃത്ത്. അതായിരുന്നു അവൾ. സത്യത്തിൽ സ്നേഹിച്ചതൊന്നും ആയിരുന്നില്ല. അതങ്ങനെ സംഭവിച്ചുപോയതാണ്.! സുഹൃത്തുക്കളൊന്നും ഇനി വേണ്ട എന്ന് കരുതിയാണ് കോളജിൽ ജോയിൻ ചെയ്യുന്നത്. പഠനം മാത്രമേ മുന്നിൽ ഉണ്ടായുള്ളൂ. ക്ലാസ്സിൽ പോവുക, തിരികെ ഹോസ്റ്റലിൽ വരിക. തികച്ചും യാന്ത്രികമായി ജീവിക്കുക എന്നത് മാത്രം.  


 പരിചയപ്പെട്ട്‌  സംസാരിച്ച് തുടങ്ങിയതും തികച്ചും ഫോർമൽ ആയിട്ടായിരുന്നു.ഹോസ്റ്റലിലെ പലരിൽ ഒരാൾ. അതിലപ്പുറം ഒന്നും ചിന്തിച്ചില്ല. ആഗ്രഹിച്ചുമില്ല. ജീവിതം പഠിപ്പിച്ചത് അങ്ങനെയൊക്കെ ആയിരുന്നു. 

പല സൗഹൃദങ്ങളിലും അർത്ഥം കാണാൻ കഴിയാതെ വന്നപ്പോൾ വെറും ഉപരിപ്ലവമായ പല സുഹൃത്ത് ബന്ധങ്ങൾ മാത്രം കണ്ട് പരിചയിച്ചു കഴിഞ്ഞപ്പോൾ ഇതിലൊന്നും വലിയ കഥയില്ല എന്ന് സ്വയമായി പറഞ്ഞ് പഠിപ്പിച്ചിരുന്നു. 


എന്നാൽ, പ്രതീക്ഷിക്കാതെ  കിട്ടുന്നതിനാകും മധുരം കൂടുതൽ എന്ന് പറയില്ലേ. അത് വെറും ചൊല്ല് മാത്രമല്ല, കാര്യമാണെന്ന് വിശ്വസിച്ചത് അവളെ പരിചയപ്പെട്ടത് മുതൽ ആയിരുന്നു. 'എന്നെപ്പോലെയുള്ള' ഒരാൾ എന്നാണ് ആദ്യം തോന്നിയത്. ഒരുപാട് സാമ്യങ്ങൾ, ഒരേ തരത്തിലുള്ള ഇഷ്ടങ്ങൾ..! വായന, എഴുത്ത് തുടങ്ങി ചെറിയ ചില ശീലങ്ങൾ പോലും.!


മെസ്സ് ഹാളിലെ ഞങ്ങളുടെ ഇരിപ്പിടം എല്ലാവരും ഉപേക്ഷിച്ചിട്ടിരുന്ന ഒരു മൂല ആയിരുന്നു. ആ ജനൽ ഒരു പക്ഷെ ആദ്യമായി തുറക്കുന്നത് പോലും ഞങ്ങൾ ആയിരുന്നെന്ന് തോന്നുന്നു; അതിനപ്പുറം പച്ചപ്പിൽ പുത്തഞ്ഞ ഒരു ലോകമുണ്ടെന്ന് കണ്ടെത്തുന്നതും. ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തിയിരുന്ന ഹാങ്ങിങ് ഓർക്കിഡുകൾ. പിന്നീട് ആ സ്ഥലത്തിന് ആവശ്യക്കാർ കൂടിയപ്പൊഴും എഴുതി വാങ്ങിയതെന്നവന്ന വണ്ണം  ഇരിപ്പുറപ്പിച്ച അവിടം...

 രാവിലെ, ഒരു നുറുങ്ങു വെളിച്ചവും കവിളിൽ തലേന്നത്തെ മഴയുടെ നീർത്തുള്ളികളുമൊക്കെയായി ഞങ്ങൾ വരാൻ കാത്തിരുന്ന പോലെ ചിരിച്ചു നിന്നിരുന്ന പൂക്കൾ. ഉണക്ക ചപ്പാത്തിയെന്ന് പരാതികൾ പോയിട്ടും  ആസ്വദിച്ചു കഴിച്ച ഹോസ്റ്റലിലെ ബ്രേക്ക്ഫസ്റ്റുകൾ. നടന്നു നടന്നു ഞങ്ങൾ കണ്ടുപിടിച്ച ഹോസ്റ്റലിനു പിന്നിലെ ചാമ്പ മരം. ഭക്ഷണം കഴിഞ്ഞ് മെസ്സിന് പുറത്ത് തല നീട്ടി നിൽക്കുന്ന ചെമ്പകച്ചെടിയെ പതിവു തെറ്റാതെയുള്ള സന്ദർശനം. സൊറ പറഞ്ഞ് ക്ലാസ്സിന് പോകാൻ ലേറ്റായി ഓടിയിറങ്ങിയിരുന്ന നാളുകൾ.


അവളുടെ പപ്പയ്ക്ക്‌ സുഖമില്ലാഞ്ഞിട്ടാണ് അന്നൊരിക്കൽ അവൾക്ക്‌ നാട്ടിലേക്ക് പോകേണ്ടി വന്നത്.  'ഒത്തിരി നാൾ ഇങ്ങനെ മാറി നിൽക്കാൻ പറ്റില്ല, പപ്പയ്ക്ക് വയ്യാതായിക്കൊണ്ടിരിക്കുന്നു, അതുകൊണ്ട് നാട്ടിലെ ഏതേലും കോളജിലേക്ക് ട്രാൻസ്ഫർ വാങ്ങണം' എന്നൊക്കെ പറഞ്ഞാണ് അവളെ വിളിച്ചത്. പപ്പയുടെ ഒറ്റപ്പുത്രി. നിർബന്ധം സഹിക്കവയ്യാതെ അവൾക്ക്‌ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. ഏതാണ്ട് ഒരു പിരിഞ്ഞു പോക്കിന്റെ ഭാവം ഉണ്ടായിരുന്നു അതിന്. അന്ന് ഞാൻ അനുഭവിച്ച ഏകാന്തത!  ട്രെയിൻ കയറ്റി വിട്ട് തിരിച്ച് പോരുമ്പോൾ എന്റെ ഒരു ഭാഗം, എന്റെ അനുവാദം കൂടാതെ അവൾ  മോഷ്ടിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി... ഉള്ളിൽ നിന്ന് എന്തോ പറിച്ചു കീറി കൊണ്ടു പോയപോലെ. ഇനി നമ്മൾ കാണുവോടോ എന്ന് ചോദിച്ചപ്പോൾ അത്ര നേരം അടക്കിപ്പിടിച്ച വേദന കണ്ണിലൂടെ പുറത്തേക്കൊഴുകുന്നത് മാത്രം ഞാൻ അറിഞ്ഞു.

 നനഞ്ഞ കണ്ണുമായി അവൾ അന്ന് ട്രെയിൻ കയറിപ്പോയപ്പോൾ, സത്യത്തിൽ അന്നാണ് മനസ്സിലാക്കുന്നത് എത്രമാത്രം അവളെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു എന്ന്. ഹോസ്റ്റലിൽ ചെന്ന്, ഞാൻ പോലുമറിയാതെ എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നപ്പോൾ ഞാൻ പലവട്ടം എന്നോട്  ചോദിച്ചു... ആരായിരുന്നു അവൾ എനിക്ക്, ഇത്രമാത്രം ഒക്കെ കരയാൻ എനിക്ക് അവൾ എന്തായിരുന്നു എന്ന്. ജീവിതത്തിൽ അന്നു വരെ അനുഭവിക്കാതിരുന്ന ഒരു വേദന ഞാൻ അന്ന് അനുഭവിച്ചു.  തൊണ്ടയിൽ തങ്ങി നിൽക്കുന്ന ഒരു നൊമ്പരം. വാരിയെല്ലുകൾ പൊതിഞ്ഞു പിടിച്ചിട്ടും പുറത്തേക്ക് മിടിക്കുന്ന നെഞ്ചിലെ ഒരു തരം വിങ്ങൽ.

എന്നാൽ, ഇത്ര നല്ല കോളജിൽ അഡ്മിഷൻ കിട്ടിയിട്ട് അത് കളയുന്നത് മണ്ടത്തരമാണെന്നുള്ള ആരുടെയൊക്കെയോ ഉപദേശത്തിന്റെ പുറത്ത് പപ്പ അവളെ തിരികെ പോരാൻ സമ്മതിക്കുകയായിരുന്നു. മാസത്തിലൊരിക്കൽ വീട്ടിൽ വരണം എന്നുള്ള എഗ്രിമെന്റിന്റെ ഉറപ്പിൽ. 

സത്യത്തിൽ അതിൽ ഏറ്റവും സന്തോഷിച്ചത് ഞാൻ ആയിരുന്നു. പക്ഷേ, പിന്നീട് ഞങ്ങൾക്ക് പരസ്പരം കളിയാക്കാൻ വേറൊരു കാരണം കൂടെ കിട്ടി... രണ്ടു പേരുടെയും അന്നത്തെ കരച്ചിൽ.!


അങ്ങനെ ഒരുപാട് ഓർമകൾ. അനുഭവിക്കുമ്പോൾ മധുരവും ഓർക്കുമ്പോൾ നീറ്റലും തരുന്ന ഒത്തിരി കാര്യങ്ങൾ. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഇന്ന് രണ്ടു പേരും രണ്ടിടങ്ങളിൽ.

 മൈക്രോ ബാക്ടീരിയാസ് ആക്രമിച്ചു തുടങ്ങിയിരിക്കുന്ന നിശ്ചലമായ ശരീരവുമായി ഞാൻ ഇൗ ഐസിയുവിൽ ചലനമറ്റ്. ഒന്നും അറിയാതെ അവൾ ഇപ്പൊൾ മാംഗലൂരിൽ. 


സമയം ഇപ്പൊൾ 6:15 ആയിട്ടുണ്ട്.   ക്ലാസ്സ് കഴിഞ്ഞ് വന്നിട്ടുണ്ടാകണം ജിയ. 

അവളെ ഒന്നു കൂടി കാണാൻ പറ്റിയിരുന്നെങ്കിൽ. ആത്മാക്കൾക്ക്‌ സ്ഥലകാല പരിമിതിയില്ല എന്നൊക്കെ കേട്ടിട്ടുണ്ട്. സത്യമാണോ.?


ആ ചിന്ത വിരാമമിടുന്നതിനുള്ളിൽ തന്നെ ഹോസ്റ്റലിൽ എത്തിക്കഴിഞ്ഞു. എറണാകുളത്തുനിന്ന് മാംഗലൂർക്ക്‌. കൊള്ളാം. ട്രാഫിക് ജാം ഇല്ല. യാത്രാ ക്ഷീണമില്ല. അതോർത്തപ്പോൾ ചെറിയൊരു ചിരി വരാതിരുന്നില്ല.


ജിയ ഫോണിലും നോക്കി ഇരുപ്പാണ്. എന്റെ വാട്ട്സ്ആപ് ചാറ്റും മുന്നേ അയച്ച ടെക്സ്റ്റും എല്ലാം മാറി മാറി നോക്കുന്നുണ്ട്. കയ്യിൽ, ഞാൻ ഒരിക്കൽ കൊടുത്ത ഒരു ഡബിൾ ഷേഡ്‌ ഡക്‌ളിങിന്റെ ചിത്രമുണ്ട്. മുന്നിലെ ഡെസ്കിൽ, മെസ്സിൽ നിന്ന് എടുത്ത് കൊണ്ടു വച്ച ചായ ആറി തണുത്തിരിക്കുന്നു.


ആ കുനിഞ്ഞ മുഖം ചെറുതല്ലാത്ത ഹൃദയ സ്തംഭനം എനിക്ക് ഉണ്ടാക്കി. മരിച്ചുകഴിഞ്ഞാൽ പിന്നെ ഹൃദയ സ്തംഭനമൊക്കെ ഉണ്ടോ...? അറിയില്ല. എങ്കിലും കുത്തിത്തുളയ്ക്കുന്ന ഒരു തരം വേദന എവിടെയോ അറിഞ്ഞു.


'ജിയ...'

ഒന്നു വിളിച്ചു നോക്കി. അടുത്ത് ചെന്ന് ഒന്നു കൂടി ഉറക്കെ വിളിച്ചു. ഇല്ല, അവൾ അറിയുന്നില്ല. 

എന്താണ്‌ നിന്റെ ഉള്ളിൽ... ടെലിപ്പതി കൊണ്ട് നമ്മൾ പലപ്പോഴും കമ്മ്യൂണികേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോ നിലച്ച അതേ മനസ്സിന്റെ ശബ്ദം കൊണ്ട്. എന്താ.. ഇപ്പോൾ ആ ശബ്ദം നിലച്ചത് നീ അറിയുന്നുണ്ടോ. ഹൃദയം കൊണ്ട് സ്നേഹിച്ച ഒരാൾ ഹോസ്പിറ്റൽ ബെഡിൽ അനക്കമറ്റ് കിടക്കുന്നത് മനസ്സിലാവുന്നുണ്ടോ.?


പലതും എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.

അവളുടെ കണ്ണ് നിറയുന്നുണ്ട്. ആ കണ്ണുനീർ അവളുടെ മടിയിൽ തന്നെ വീണ് അമർന്നു. നിശബ്ദമായി ആ കണ്ണുകൾ ഒഴുകുന്നു. 

ഇനിയും ഇവിടെ നിൽക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. നെഞ്ചിൽ ഒരു ഭാരം കട്ടി കൂടി തുടങ്ങി. 


കനം തൂങ്ങിയ മനസ്സുമായി തിരികെ ഹോസ്പിറ്റലിൽ എത്തുമ്പോൾ മറ്റാരക്കെയോ കൂടി വന്നിട്ടുണ്ട്. വീട് അടുത്തായത് കൊണ്ടാവണം  രാധാമ്മായി ഇത്ര വേഗം എത്തിയത്... അവർ അമ്മയെ ആശ്വസിപ്പിക്കുകയാണ്. എന്തെങ്കിലും പറയുന്തോറും അമ്മ തേങ്ങി തേങ്ങി കരയുന്നു.


ഇതെന്താണ്..? ജിയയുടെ കരച്ചിൽ കാണാൻ വയ്യാത്തത് കൊണ്ടാണ് തിരികെ വന്നത്. ഇപ്പൊൾ ഇവിടെയും..! മരണത്തിനിപ്പുറം വേദനയില്ലെന്ന് ആരു പറഞ്ഞു? ഉണ്ട്. സ്നേഹിക്കുന്നവർ കരയുന്നത് കാണുമ്പോൾ ഉള്ള വേദന. ഒരു പക്ഷെ പെയിൻ കില്ലേഴ്‌സിനും അടക്കാൻ കഴിയാത്ത വേദന. 


ആ രാത്രി ഞാൻ കഴിച്ചു കൂട്ടിയതെങ്ങനെ എന്ന് ചിന്തിക്കാൻ വയ്യ. കോളജിലേക്ക് മരണ വിവരം വിളിച്ച് അറിയിച്ചിരുന്നു. ജിയയുടെ കണ്ണുനീർ ആ രാത്രി തലയിണയെ എത്ര നനയിച്ചെന്ന് അറിയില്ല. നിശബ്ദമായി കരഞ്ഞിരുന്ന ആ കണ്ണുകൾ വന്യമായി നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. പലരും അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഞാനും; കാണാൻ അവൾക്ക് കഴിഞ്ഞിരുന്നില്ലങ്കിലും. രാത്രി വൈകിയും അവൾ കിടന്നില്ല. ചിലപ്പോൾ ഭ്രാന്തമായി പലതും വിളിച്ചുപറഞ്ഞു. മറ്റു ചിലപ്പോൾ സമനില തെറ്റിയതു പോലെ പെരുമാറി. എന്റെ പേര് പലപ്പോഴും ഒരു മന്ത്രം പോലെ ഉരുക്കഴിച്ചു.  ചുറ്റും നിന്നിരുന്ന പലരും അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിശബ്ദരായി നിന്നു. ഞാൻ കൊടുത്ത ആ ‌‍ഡബിൾ ഷേഡ്‌ ചിത്രം മാത്രം അപ്പോഴും അവൾ കയ്യിൽ മുറുക്കി പിടിച്ചിരുന്നു.


എന്ത് ചെയ്യണമെന്നറിയാതെ ഞാനും പകച്ചു. അറ്റമറിയാത്ത ഒരു നീറ്റൽ എന്റെ ഞരമ്പുകളിലൂടെ പാഞ്ഞ് ഹൃദയത്തിൽ നിൽപ്പുറപ്പിച്ചു.

 അറിയുന്നുണ്ടോ നീ, ഇൗ കണ്ണുനീരിന് എന്റെ ഹൃദയം തകർക്കാൻ അത്ര ശക്തിയുണ്ടെന്ന്? 

ഇൗ നിറഞ്ഞ കണ്ണുകളാണ് എന്നെ വേദനിപ്പിക്കുന്നത്. കീമോയേക്കാൾ ആഴത്തിൽ നിന്റെ കണ്ണീര് എന്നെ തുളയ്ക്കുന്നുണ്ട്. ഇൗ നിമിഷമാണ് ഞാൻ ചിന്തിച്ചു പോകുന്നത് ഒരു പക്ഷെ നിന്നെ പരിചയപ്പെടേണ്ടിയിരുന്നില്ല എന്ന്. ഒരാൾക്ക് കൂടി ഇൗ ദുഃഖം പകുത്തു നൽകേണ്ടിയിരുന്നില്ല. ഒരു ജീവിതം കൂടി തളരുന്നത് കാണേണ്ടിയിരുന്നില്ല.!


എന്റെ ശബ്ദ തരംഗങ്ങൾ തിരികെ എന്റെ ചെവിയിലേക്ക് തന്നെ വന്ന്‌ വീണുടയുന്നു. കേൾക്കാൻ കഴിയാത്തവണ്ണം നമ്മൾ തമ്മിൽ ഇപ്പോഴേതോ മറയുണ്ട്. ഒരു തിരശ്ശീല.

അതിനിപ്പുറം ഞാൻ ആടിത്തീർത്ത എന്റെ ജീവിതവും. നിന്റേത് ഇനിയും ബാക്കി. ചിലപ്പോൾ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ എന്റെ പേരും നീ മറക്കുമായിരിക്കും. ഉവ്വോ...? ഇല്ല.!! അതിന് നിനക്ക് സാധിക്കില്ല. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. മൂന്നര വർഷം കൊണ്ട് പങ്കിട്ടത് സൗഹൃദം മാത്രമായിരുന്നില്ല. എന്റെ സ്വന്തമെന്ന് ചങ്കിൽ കൈവച്ച് പറയാൻ ഞാൻ ധൈര്യപ്പെട്ടിരുന്ന വിരലിൽ എണ്ണാവുന്ന വളരെ കുറച്ചു പേരിൽ ഒരാളായിരുന്നു നീ. 


ഓർക്കുന്നോ നീ, ഒരിക്കെ ഹോസ്റ്റലിന്റെ ടെറസിൽ ഇരുന്ന് നമ്മൾ സംസാരിച്ചത് ;


"ഒത്തിരി സ്നേഹിച്ചാൽ പിരിയേണ്ടി വരുമ്പോ ഒത്തിരി സങ്കടപ്പെടേണ്ടി വരും. അല്ലെടോ?"

"എന്താ ഇപ്പോ ഇങ്ങനെ ഒക്കെ തോന്നാൻ?"

"ഏയ്..."

"തനിക്ക് എന്താ പിരിയാൻ വല്ല ഉദ്ദേശോം ഉണ്ടോ?"

"ആ... ഉണ്ട്."

ആ മറുപടിക്ക്  പകരം എനിക്ക് കിട്ടിയത് രണ്ടിടിയായിരുന്നു. 


പഴമക്കാർ പറയില്ലേ, ചില വാക്കുകളൊക്കെ അറം പറ്റുമെന്ന്. അന്ന് കളിയായി പറഞ്ഞ് നിർത്തുമ്പോൾ പക്ഷെ നമ്മൾ രണ്ടുപേരും ചിന്തിച്ചില്ല, ആ വാക്കുകൾ അക്ഷരം പ്രതി നടക്കുമെന്ന്. 


ഹോസ്റ്റൽ റൂമിലെ എന്‍റെയാ ഒഴിഞ്ഞ കട്ടിലിൽ ഇരുന്ന്‌ ഞാൻ പിന്നെയും എന്തൊക്കെയോ പുലമ്പി. ആരുടെയും ശബ്ദ വീചികളിൽപ്പെടാതെ ആ വാക്കുകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.


ശവമടക്കിന് ഒരുപാട് ആളുകൾ കൂടിയിട്ടുണ്ടായിരുന്നു. ശവദാഹത്തിനുള്ള ഒരുക്കങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് നടന്നുകൊണ്ടിരിക്കുന്നു. നിശ്ചലമായ എന്റെ മൃതശരീരത്തെ നോക്കി കുമ്പിട്ടിരിക്കുന്ന അമ്മയോട് ചേർന്നിരിക്കുകയായിരുന്നു ഞാൻ. 'ഞാനമ്മയുടെ അരികെത്തന്നെയുണ്ട്. എന്തെങ്കിലും ഒന്ന് പറയൂ' എന്ന് പലവട്ടം ഞാൻ കേണു. 'ഇത്ര നാൾ കൂടെ ജീവിച്ച ആ ശരീരമേ മരിച്ചിട്ടുള്ളു. ആത്മാവ് ഇപ്പോഴും സ്പന്ദിക്കുന്നുണ്ട്. ഉരുവാക്കിയ ഇൗ ആത്മാവിനെ  കേൾക്കാൻ ഇനിയും കഴിയുന്നില്ലേ.?' 

അമ്മ നിശ്ചലമായി അതേ നോട്ടം തുടർന്നുകൊണ്ടിരുന്നതല്ലാതെ മറ്റൊരു പ്രതികരണവും ഉണ്ടായില്ല. 


അച്ഛൻ കുറച്ചപ്പുറെ മാറിനിൽക്കുന്നു. ആരൊക്കെയോ കൂടി അച്ഛനെ താങ്ങിപ്പിടിച്ചിട്ടുണ്ട്. ആ മനുഷ്യന്റെ ചങ്ക് പൊടിയുന്നത് ഞാൻ അറിയുന്നുണ്ട്. അച്ഛനോടും ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവരാരും എന്നെ അറിയുന്നതേയില്ല എന്നത് എനിക്കൊരു വീർപ്പുമുട്ടലായി തോന്നിത്തുടങ്ങി. ആരോ വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുംപോലെ. ആഴമുള്ള വെള്ളത്തിൽ ആരോ തല താഴ്ത്തി പിടിച്ചിരിക്കുന്നതുപോലെ. 



അപ്പോളാണ് അടുത്ത് ഒരാൾ നിൽക്കുന്നത് കണ്ടത്. 

'പോകണ്ടേ? ഇന്നലെ മുതൽ ഞാൻ താമസിക്കുകയാണ്.'

എന്റെ പകച്ച നോട്ടം മനസ്സിലാക്കിയിട്ടെന്ന വണ്ണം അയാൾ തുടർന്നു.


'മരണത്തിന്റെ അപ്പുറമുള്ള ലോകത്തേക്ക്...!

ഇതിപ്പോൾ വളരെ താമസിച്ചു. ഇനിയും, മരിച്ച ഒരാളുടെ ആത്മ സാന്നിദ്ധ്യം ഭൂമിയിൽ തരുക എങ്ങനെയാണ്. വരൂ, പോകാം.'


'ഒരല്പ നേരം കൂടി... എന്റെ ഒരു സുഹൃത്ത്.. ജിയ.. അവളെ ഒന്നു കൂടി കണ്ടിട്ട്...'

ഞാൻ കെഞ്ചി.


അപ്പോളാണ് ജിയ എന്റെ നേരെ നടന്നടുക്കുന്നത് ഞാൻ കണ്ടത്.

ടെലിപ്പതി എന്ന് നമ്മൾ എന്നും പറഞ്ഞിരുന്നത് മരണത്തിനിപ്പുറവും  സത്യമോ.. എന്റെ ചിന്തകൾക്ക് നിന്റെ മനസ്സിനെ ആവാഹിക്കാൻ ഇപ്പോഴും ശേഷിയുണ്ടോ?


ആജാനുബാഹുവായ ആ വെള്ള വസ്ത്രധാരിയെ നോക്കി ഞാൻ നിസ്സഹായതയോടെ പറഞ്ഞു..

'ജിയ...!'

എനിക്ക് അവളെ ഒന്നുകൂടി ആശ്ശേഷിക്കണമെന്നുണ്ടായിരുന്നു. അവസാനമായി ഒരിക്കൽ കൂടി ചേർത്ത് നിർത്തണമെന്നുണ്ടായിരുന്നു. കുറച്ച് നേരം കൂടി അടുത്തിരിക്കണമെന്നുണ്ടായിരുന്നു.


'വരൂ.. പോകാം.'

അയാൾ എന്റെ കയ്യിൽ കടന്ന് പിടിച്ചു കഴിഞ്ഞു.


ആ മനുഷ്യനോടൊപ്പം മുഖം താഴ്ത്തി ഞാൻ നടന്നകലുമ്പോൾ കണ്ടു... ചലനമറ്റ എന്റെ ശവശരീരത്തെ നോക്കി, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിൽക്കുന്ന ആ പെൺകുട്ടിയെ. 

 ഞാൻ പലപ്പോഴും അവിശ്വസിച്ചിരുന്ന, യാദൃച്ഛികം മാത്രമെന്ന് ധരിച്ചിരുന്ന ആ പ്രതിഭാസത്തെ സത്യമെന്ന് ഒരിക്കൽ കൂടി തെളിയിച്ച ആത്മ മിത്രത്തെ. 

നിർജീവമായ എന്റെ ശരീരത്തിന് മുന്നിൽ നിർജീവമായ മനസ്സുമായി നിൽക്കുന്ന അവളെ. 


തലേന്നത്തെ ഉറക്കക്ഷീണം ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ട്. കണ്ണുനീർ ചാലു കീറിയ മുഖം, ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വിളറിയിരിക്കുന്നു. ഇനിയും കരയാൻ ശേഷിയില്ല എന്ന് പറയാതെ പറയുന്ന തളർന്ന ശരീരം.    അവളെ ആരെങ്കിലും ഒന്നവിടെ ഇരുത്തൂ എന്ന് പറയാൻ തോന്നിപ്പോയി. ഒരുപക്ഷേ അവൾ വീണുപോയേക്കുമോ..? 


ഇല്ല, എനിക്കിനിയും സാവകാശമില്ല. എന്റെ കയ്യിൽ കടന്ന് പിടിച്ചിരിക്കുന്ന ആ മനുഷ്യനെ ഞാൻ ദൈന്യതയോടെ മുഖമുയർത്തി നോക്കി. എന്റെ വികാരങ്ങളൊന്നും അയാൾക്ക് വിഷയമല്ല. ഏതോ ദൗത്യം നിർവഹിച്ചു തീർക്കേണ്ട തിടുക്കത്തോടെ അയാൾ നടന്നു നീങ്ങുകയാണ്.


'അതേ, ടെലിപ്പതി എന്നൊന്നുണ്ട്.!'

ആ വാക്കുകൾ ആവർത്തിച്ചുരുവിട്ടുകൊണ്ട് ഞാൻ അയാളുടെ പിന്നാലെ ചെന്നു.


ഇനിയുമൊരിക്കൽ തിരിച്ചു വരാൻ കഴിയാത്ത ലോകത്തിലേക്ക്. പങ്കുവയ്ക്കാൻ സൗഹൃദം ബാക്കി വയ്ക്കാത്ത ആ ലോകത്തിലേക്ക്. നീ വിശ്വസിച്ച ടെലിപ്പതിക്ക് ഇനി പക്ഷേ സ്ഥാനമില്ലാത്ത ലോകത്തിലേക്ക്. 


1 comment: