ഇത് അവളെക്കുറിച്ചാണ്. ചിത്രശലഭം പോലെ വർണാഭമായ ചിറകുകളുണ്ടായിരുന്ന അവളെക്കുറിച്. ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. സത്യമാണ്! ഉണ്ടായിരുന്നു...ഒരു നാൾ. ഇപ്പോൾ ആ ചിറകുകൾ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു.. അത് അവൾക്കൊരു ഭാരമായിത്തീർന്നിരിക്കുന്നു.
പൂച്ചക്കുട്ടികളെ അവളെന്നും ഇഷ്ടപ്പെട്ടിരുന്നു. 'മൃഗങ്ങളെ സ്നേഹിച്ചാൽ അവര് ഇട്ടിട്ടുപോവില്ല.. മനുഷ്യരെപോലല്ല'. എന്റെ ചോദ്യങ്ങൾക്ക് കിട്ടിയിരുന്ന ഏക മറുപടി. 'വല്ല അസുഖോ0 വരും നിനക്ക് ...ഇങ്ങനെ എടുത്ത് നടക്കേണ്ട, അവറ്റയെ ഒന്നും'. എന്റെ ശാസനകളെന്നും അവൾ ഗൗനിച്ചിരുന്നേയില്ല . പിന്നെപ്പിന്നെ ഞാനും കരുതി..ഒരുപക്ഷെ അവൾ സന്തോഷം കണ്ടെത്തുന്നത് ഇതിലൊക്കെയാണെങ്കിൽ ഞാനായിട്ടെന്തിന് എതിർക്കണം.
ഞാനായിരുന്നിരിക്കണം ആ കുട്ടിയെ അൽപ്പമെങ്കിലും ഒന്ന് മനസ്സിലാക്കിയത്.
ബന്ധമൊന്നും ചോദിക്കണ്ട, രക്തബന്ധമൊന്നുമില്ല ..ആത്മബന്ധമാണ്. തനിച്ചIയൊരു ആത്മാവിനെ ജീവിതത്തിന്റെ ഏതോ ഒരിടവഴിയിൽ വച്ച് കണ്ടുമുട്ടിയപ്പോൾതൊട്ട് തുടങ്ങിയ ബന്ധം.
പറഞ്ഞുവന്നത് അവളെക്കുറിച്ചാണ്. വല്യ ഇഷ്ടമായിരുന്നു അച്ഛനും അമ്മയ്ക്കും അവളെ. പലപ്പോഴും ജനറേഷൻ ഗ്യാപ്പിന്റെ പേരിൽ സ്നേഹം ഉള്ളിലൊതുക്കിയ പ്രിയപ്പെട്ടവർ. അല്ല...അവർ അവളെ അത്രകണ്ട് സ്നേഹിച്ചിരുന്നോ? ഞാനല്ല, ആ കുസൃതിക്കുട്ടി തന്നെ ചോദിച്ചതാണ്.
അപ്പോഴും അവൾ ആത്മഗതമെന്നപോലെ പറയും. ഉവ്വ്.! ഇല്ലെങ്കിൽ ഞാൻ ആഗ്രഹിച്ച കോഴ്‌സിന് വിടുമായിരുന്നോ പഠിക്കാൻ? എംബിബിസ് ആണ്. ചില്ലറക്കാര്യമൊന്നുമല്ല. കല്യാണമെന്നു പറഞ്ഞു നാട്ടുകാരും സ്വന്തക്കാരും പിറകെ കൂടിയപ്പോൾ ആശിച്ചത് സ്വന്തമാക്കാൻ കൂടെ നില്കുമായിരുന്നോ? അതെ! ഇഷ്ടമാണ്...എന്നെ ജീവനോളം!!!
എന്നിട്ടും ആ കണ്ണുകൾ നിറഞ്ഞു തുടങ്ങുന്നു. അറിയാം, ഉള്ളം സൗമ്യമാണ്, എങ്കിലും പുറമെ ഗൗരവം തന്നെ. ആരോടും അധികം സംസാരിക്കില്ല. അങ്ങനെയല്ല, അവൾക്കതറിഞ്ഞുകൂടാ.
ഒരു കുഞ്ഞിനെ കയ്യിൽ കിട്ടിയാൽ ഓമനിക്കാൻ അറിഞ്ഞുകൂടാ. ആളുകളുടെ മുന്നിൽ മുഖമുയർത്തി നിൽക്കാനറിഞ്ഞുകൂടാ. പല അധികാര സ്ഥാനീയരോടും ഭയം കലർന്ന ബഹുമാനം. അത് നല്ലതുതന്നെ എന്നെല്ലാം ചെറുപ്പത്തിൽ ചിന്തിച്ചിരുന്നു...ഗുരുത്വം!. പക്ഷെ പലരും പതിയെ എന്തിനാ ഇത്ര പേടിയെന്നല്ലാം ചോദിച്ചു തുടങ്ങിയപ്പോളാണ് അവൾ അറിഞ്ഞത്. അല്ല... ഇതല്ല വേണ്ടത്.
ചെറുപ്പത്തിൽ നിഷേധിക്കപ്പെട്ട സംസാര സ്വാതന്ത്രം!..സംസാരസ്വതന്ത്രമോ? ചിരിക്കാൻ വരട്ടെ. അങ്ങനെയുമുണ്ടായിരുന്നു. വലിയവർ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറരുതെന്ന തിരുത്തലുകൾ, നിനക്കൊന്നും മിണ്ടാതിരിക്കാമോ എന്ന അമ്മയുടെ ശാസനകൾ, ഇത്ര ശബ്ദത്തിൽ പെൺകുട്ടികൾ സംസാരിക്കാൻ പാടില്ല എന്ന നിബന്ധനകൾ. ഈ സമൂഹത്തിനു വേണ്ടത് അച്ചടക്കമുള്ള, എന്തും നിശബ്ദം സഹിക്കേണ്ട ഒരു പെൺകുട്ടിയെ ആണെന്നുള്ള ഓർമ്മപ്പെടുത്തലുകൾ.
അവയൊക്കെ വാർത്തെടുത്തത് അവൾ പോലുമറിയാതെ മറ്റാരെയോ ആയിരുന്നു. എപ്പോഴാണ് താൻ മറ്റുള്ളവരുടെയൊപ്പം സംസാരിക്കാൻ വലുതാകുകയെന്ന് അവൾ ചോദിയ്ക്കാൻ മറന്നു. അവർ പറയാനും. പതിയെ, അവൾ അധികം സംസാരിക്കാതെയായി. പതിവ് സ്കൂൾ വർത്തമാനങ്ങൾ ഇല്ലാതെയായി. കേൾക്കാൻ ആരുമില്ലെന്നായപ്പോൾ കോളേജിലെ വിശേഷങ്ങളും അവളിൽ ഒതുങ്ങി. എല്ലാം ഉള്ളിലൊതുക്കുന്ന പരുക്കനായ ഒരാൾ അവളിലും രൂപമെടുക്കുകയായി.
മാർക്കറ്റിൽ സാധനം വാങ്ങാൻ പോകുന്ന അച്ഛൻ പാതിവഴിയിൽ മകളെ നിറുത്തി എങ്ങോട്ടോ പോകുന്നത് സാവധാനം അവൾക്കും ശീലമായി.കൂട്ടുകാരുടെ അച്ഛൻ-കഥകളിൽ വാത്സല്യമെഴുന്ന ഒരച്ഛന്റെ ഛായാചിത്രം അങ്ങനെ പുകമറഞ്ഞു കിടന്നു. വഴിയിലൊക്കെ പരിചയക്കാർ പലപ്പോഴും ചോദിച്ചിരുന്നു, എന്തേ തനിച്ചിവിടെ നിൽക്കുന്നു എന്ന്. അച്ഛൻ സാധനം വാങ്ങാൻ പോയ്‌വരും വരെ നടുവഴിയിൽ നിർത്തിയെന്ന് പറഞ്ഞും കേട്ടും അവൾ അതിനോടിണങ്ങിത്തുടങ്ങി. എന്നിട്ടും വളർന്നുവന്നപ്പോൾ എന്തുകൊണ്ടോ ആ മുറിവ് അവളിൽ ബാക്കിയായി.
പൂച്ചകളെ ഇഷ്ടപ്പെട്ടിരുന്ന അവൾക്ക് കളഞ്ഞുപോയ പൂച്ചയെപ്പോലെ ഇടക്കിടെ തിരികെ വരുന്ന ഓർമകളായി അവ മാറി.
അവൾക്ക് ഇന്നും ചില ചോദ്യങ്ങൾ ബാക്കിയാണ്. എന്തുകൊണ്ട് ഒരു ആർദ്ര ചുംബനം പോലും 'അമ്മ എനിക്ക് നിഷേധിക്കുന്നു. അല്ല! 'അമ്മ തന്നെ അവസാനമായി ആശ്ലേഷിച്ചതെന്നാണ്? എന്തായാലും ഓർമ്മവച്ച പ്രായത്തിനു മുൻപ് തന്നെ.
ഉറന്നുകൂടിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു. അതെ! അവരെന്നെ സ്നേഹിക്കുന്നു... എനിക്ക് വാങ്ങിത്തന്ന വിലകൂടിയ പാഠപുസ്തകങ്ങളിലൂടെ. സംസാരിക്കാത്ത പുത്തൻ വസ്ത്രങ്ങളിലൂടെ, ആശ്ലേഷം തരാത്ത നാണയത്തുട്ടുകളിലൂടെ.
കവിൾത്തടം നനച്ച കണ്ണുനീർ ഒഴുകി വീഴുമ്പോഴും അവളുടെ കരം എന്റെ കൈത്തലത്തിൽ ചേർത്തുപിടിച്ചിരുന്നു. എന്ത് പറയണം എന്നറിയാതെ നനഞ്ഞ ആ മുഖത്തേക്ക് പാളിനോക്കുമ്പോളും അവൾ ചോദിച്ചു. സ്നേഹത്തിന് ഒരുപക്ഷെ ഇത്തരമൊരു നിർവചനവും ഉണ്ടായിരിക്കാമല്ലേ?
പറയാൻ എനിക്ക് ഉത്തരങ്ങളില്ലായിരുന്നു.
ഇതൊരു യഥാർത്ഥ കഥയാണ്, എല്ലാവരുടെയും ജീവിതത്തിൽ ഇത്തരത്തിലുള്ള കഥകൾ ഉണ്ടാകും, എന്നാൽ മിക്കവരും അത് ഉള്ളിൽ സൂക്ഷിക്കുന്നു
ReplyDelete